Controversy | കേരളാ മോഡലായി ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്: തെന്നിന്ത്യന്‍ സിനിമയിലും ബോക്‌സ് ഓഫീസ് ഹിറ്റാവുന്നു; ബോളിവുഡിനെ പിടിച്ചു കുലുക്കുമോ?
ഓരോ ദിവസവും വെളിപ്പെടുത്തലുകളുമായി കൂടുതല്‍ നടിമാര്‍ രംഗത്ത് വരുന്നതോടെയാണ് സിനിമാ മേഖലയില്‍ ഇതുവരെ നടന്നിരുന്ന അനീതികളെ പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.
ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളിലും പ്രധാന ചര്‍ച്ചയായിട്ടുണ്ട്.
കനവ് കണ്ണൂർ
കണ്ണൂര്‍: (KVARTHA) മലയാള സിനിമാ ലോകത്തെ പിടിച്ചുലച്ച ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് തെന്നിന്ത്യന്‍ സിനിമാ ലോകത്തും ബോക്‌സ് ഓഫിസ് ഹിറ്റാകുന്നു. മലയാള ചലച്ചിത്ര രംഗത്തെ നടിമാര്‍ നേരിടുന്ന ചുഷണം അവസാനിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ഹേമാ കമ്മിറ്റിയുടെ മോഡല്‍ അന്വേഷണം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും വരണമെന്ന് ഇതരസംസ്ഥാന അഭിനേതാക്കള്‍ ഇതിനോടകം തന്നെ ആവശ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. കൊടിയ ചൂഷണം നടക്കുന്ന ബോളിവുഡിലും ഹേമാ കമ്മിറ്റി മോഡല്‍ അന്വേഷണ സംവിധാനമുണ്ടാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണനയിലാണ്.
എന്നാല്‍ പുറത്ത് ഹിറ്റായെങ്കിലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിസന്ധിയാണ് മലയാളം സിനിമാ മേഖലയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഓരോ ദിവസവും വെളിപ്പെടുത്തലുകളുമായി കൂടുതല്‍ നടിമാര്‍ രംഗത്ത് വരുന്നതോടെയാണ് സിനിമാ മേഖലയില്‍ ഇതുവരെ നടന്നിരുന്ന അനീതികളെ പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളിലും പ്രധാന ചര്‍ച്ചയായിട്ടുണ്ട്.
തമിഴ് നടന്‍ വിശാല്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. തമിഴ് സിനിമാ മേഖലയിലും ഹേമ കമ്മിറ്റി മാതൃകയില്‍ കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യമാണ് പ്രതികരണത്തിലൂടെ വിശാല്‍ നടത്തിയത്. തമിഴ് നാട്ടിലെ സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും നടപടി എടുക്കാനും ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കണമെന്നും കാസ്റ്റിംഗ് കൗച്ചിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വിശാല്‍ ഏഷ്യാനെറ്റിനോട് പ്രതികരിച്ചു.
ഇതിനിടെ വിമന്‍ ഇന്‍ സിനിമാ കലക്ടീവിന് (ഡബ്ല്യുസിസി) പിന്തുണയുമായി സാമന്ത റൂത്ത് പ്രഭുവും രംഗത്തുവന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വെളിച്ചത്തുവരുമ്പോള്‍, ഞങ്ങള്‍ ഡബ്ല്യുസിസിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് താരം പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഡബ്ല്യുസിസിയിലെ അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചത്. സിനിമാ വ്യവസായത്തിലെ സ്ത്രീകള്‍ക്ക് സുരക്ഷിതവും നീതിയുക്തവുമായ തൊഴില്‍ അന്തരീക്ഷത്തിനായി പോരാടുന്നതില്‍ ഡബ്ല്യുസിസിയുടെ നീണ്ട പരിശ്രമത്തെ സാമന്ത പ്രശംസിച്ചു.
#HemaCommittee #KeralaModel #SouthIndianCinema #Bollywood #WomensRights #FilmIndustry