Report Release | വനിതകള്‍ക്ക് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങള്‍ നല്‍കണം, ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഡ്രൈവര്‍മാരാക്കരുത്; കാത്തിരുന്ന ഹേമ കമിഷന്‍ റിപോര്‍ട് പുറത്ത്
ഷൂട്ടിങ് സെറ്റുകളില്‍ മദ്യവും ലഹരിമരുന്നും കര്‍ശനമായി വിലക്കണം.
വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നല്‍കണം, സിനിമയില്‍ അവസരത്തിനായി കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നതായും മറ്റു രീതിയില്‍ ചൂഷണം ചെയ്യുന്നതായും പലരും നേരിട്ടും അല്ലാതെയും കമിഷനെ അറിയിച്ചു.
ഷൂട്ടിങ് സ്ഥലത്തു പലപ്പോഴും ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാകാറില്ല. ചോദിച്ചാല്‍ മോശം പ്രതികരണം
തിരുവനന്തപുരം: (KVARTHA) ഒടുവില്‍ വര്‍ഷങ്ങളായി പുറത്തുവിടാന്‍ മുറവിളി കൂട്ടുന്ന ഹേമ കമിഷന്‍ റിപോര്‍ട് സര്‍കാര്‍ പുറത്തുവിട്ടു. ചില ഭാഗങ്ങള്‍ ഒഴിവാക്കി 233 പേജുള്ള റിപോര്‍ടാണ് പുറത്തുവന്നത്. വിവരാവകാശനിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെയാണ് റിപോര്‍ട് കൈമാറിയത്. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ മുന്‍ ജസ്റ്റിസ് ഹേമ കമിഷന്‍ ആണ് റിപോര്‍ട് സര്‍കാരിന് നല്‍കിയത്.
ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്ന, ആളുകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയുള്ള റിപോര്‍ടാണ് പുറത്തുവന്നത്. 49ാം പേജിലെ 96ാം പാരഗ്രാഫ് ഉണ്ടാകില്ല. 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കും. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ പുറത്തുവിടില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപോര്‍ടും പുറത്തുവിട്ടിട്ടില്ല.
റിപോര്‍ടില്‍ പറഞ്ഞിരിക്കുന്ന പ്രസക്ത ഭാഗങ്ങള്‍:
ചലച്ചിത്ര രംഗത്തുള്ളവര്‍ ആ മേഖലയില്‍ മറ്റാരെയും വിലക്കാന്‍ പാടില്ലെന്നു ജസ്റ്റിസ് കെ ഹേമ കമിറ്റിയുടെ ശുപാര്‍ശകളില്‍ പറയുന്നു. സിനിമാ സെറ്റുകളില്‍ സ്ത്രീകള്‍ കടുത്ത വിവേചനം നേരിടുന്നു എന്ന് റിപോര്‍ടില്‍ പരാമര്‍ശിക്കുന്നു. ഷൂട്ടിങ് സെറ്റുകളില്‍ മദ്യവും ലഹരിമരുന്നും കര്‍ശനമായി വിലക്കണം. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് നിര്‍മാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങള്‍ നല്‍കണം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഡ്രൈവര്‍മാരായി നിയോഗിക്കരുത്.
വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നല്‍കണം തുടങ്ങി വിവിധ നിര്‍ദേശങ്ങളാണ് കമിറ്റി മുന്നോട്ടുവച്ചിരിക്കുന്നത്. 2019 ഡിസംബറില്‍ ഹേമ കമിഷന്‍ മുഖ്യമന്ത്രിക്ക് റിപോര്‍ട് നല്‍കിയെങ്കിലും സര്‍കാര്‍ പുറത്തുവിട്ടിരുന്നില്ല. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളും മുന്‍പ് തള്ളിയിരുന്നു.
നടി ശാരദ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെബി വത്സല കുമാരി എന്നിവരായിരുന്നു കമിഷന്‍ അംഗങ്ങള്‍. വിവരാവകാശ കമിഷന്റ നിര്‍ദേശം അനുസരിച്ചാണ് വര്‍ഷങ്ങള്‍ക്കുശേഷം റിപോര്‍ട് പുറത്തിവിടുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ കമിഷന്‍ നിര്‍ദേശപ്രകാരം റിപോര്‍ടില്‍ നിന്ന് ഒഴിവാക്കി.
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശക്തമായ നിയമം അനിവാര്യമാണെന്നും ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നും ജസ്റ്റിസ് കെ ഹേമ കമിഷന്‍ സര്‍കാരിനു സമര്‍പ്പിച്ച റിപോര്‍ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സിനിമയില്‍ അവസരത്തിനായി കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നതായും മറ്റു രീതിയില്‍ ചൂഷണം ചെയ്യുന്നതായും പലരും നേരിട്ടും അല്ലാതെയും കമിഷനെ അറിയിച്ചു.
ഇതിനു പിന്‍ബലം നല്‍കുന്ന രേഖകളും ചിലര്‍ ഹാജരാക്കി. ഷൂട്ടിങ് സ്ഥലത്തു പലപ്പോഴും ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാകാറില്ല. ഇതു ചോദിച്ചാല്‍ മോശമായി പ്രതികരിക്കുന്നവരുണ്ടെന്നും ചിലര്‍ കമിഷനോട് പരാതിപ്പെട്ടു.
#HemaCommission, #MalayalamCinema, #WomensSafety, #FilmIndustry, #Kerala