ആര്യന്‍ ജാമ്യത്തിലിറങ്ങുന്നതുവരെ വീട്ടില്‍ മധുരം തയ്യാറാക്കരുതെന്ന് ഗൗരിയുടെ നിര്‍ദേശം; നവരാത്രി ആഘോഷങ്ങളടക്കം ഒഴിവാക്കി ഖാന്‍ കുടുംബം
Oct 19, 2021, 14:29 IST
മുംബൈ: (www.kvartha.com 19.10.2021) ആഡംബരക്കപ്പല്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നതുവരെ മന്നത്തില്‍ മധുരം വിളമ്പരുതെന്ന് ഗൗരി ഖാന്‍ നിര്‍ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ആര്യന്‍ ജയിലിലായതോടെ ശാരൂഖിന്റെ വസതിയായ മന്നത്തിലാകെ മൂകത തളംകെട്ടി നില്‍ക്കുകയാണെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നവരാത്രി ആഘോഷങ്ങളടക്കം ഖാന്‍ കുടുംബം ഒഴിവാക്കിയിരുന്നു.
ഈദ് മീലാദിന്റെയും ദീപാവലിയുടെ സമയത്ത് ദീപാലംകൃതമാകുന്ന മന്നത്ത് സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ കാത്തിരിക്കുകയാണ്. നവരാത്രി ദിനം മകന്റെ മോചനത്തിനായി ഗൗരി പ്രത്യേകം വ്രതമെടുത്തിരുന്നു. അതോടൊപ്പം ആര്യന്‍ ജാമ്യത്തിലിറങ്ങുന്നതുവരെ വീട്ടില്‍ മധുരം തയാറാക്കരുതെന്ന് ഗൗരി നിര്‍ദേശം നല്‍കിയാതായാണ് വിവരം. ഒരു ദിവസം ഉച്ചഭക്ഷണത്തിന്റെ കൂടെ 'ഖീര്‍' പാചകം ചെയ്തത് ശ്രദ്ധയില്‍പെട്ട വേളയിലാണ് ആര്യന്‍ പുറത്തിറങ്ങുന്നതുവരെ മന്നത്തില്‍ മധുരം വിളമ്പരുതെന്ന് ഗൗരി നിര്‍ദേശം നല്‍കിയത്.
ആര്യന്റെ അറസ്റ്റ് ഏറ്റവുമധികം ബാധിച്ചത് മാതാവായ ഗൗരിയെയാണ്. മകനെ പുറത്തിറക്കാന്‍ അവര്‍ പരമാവധി പരിശ്രമിക്കുന്നുണ്ട്. വിളിക്കുന്നവരോടെല്ലാം മകന് വേണ്ടി പ്രാര്‍ഥിക്കാനാണ് അവര്‍ ആവശ്യപ്പെടുന്നത്. കടുത്ത വിശ്വാസിയല്ലാഞ്ഞിട്ടും ദിവസവും ഗൗരി പ്രാര്‍ഥനയിയില്‍ മുഴുകുന്നതായും കുടുംബവുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നു. അനാവശ്യ വാര്‍ത്തകള്‍ ഒഴിവാക്കാനായി ഇപ്പോള്‍ മന്നത്ത് സന്ദര്‍ശിക്കരുതെന്ന് ശാരൂഖ് സഹതാരങ്ങളോടും സുഹൃത്തുക്കളോടും അഭ്യര്‍ഥിച്ചിരുന്നു.
മുംബൈ തീരത്തെത്തിയ കോര്‍ഡലിയ ആഡംബര കപ്പലിലെ ലഹരിപാര്‍ടിയുമായി ബന്ധപ്പെട്ടാണ് ആര്യനെയും സുഹൃത്തുക്കളെയും ഒക്‌ടോബര്‍ രണ്ടിന് എന്‍ സി ബി കസ്റ്റഡിയിലെടുക്കുന്നത്. മൂന്നിന് നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
തുടര്‍ന്ന് ഏഴിനാണ് ആര്യനെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. തൊട്ടടുത്ത ദിവസം തന്നെ ആര്യനെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റിയിരുന്നു. ഒക്‌ടോബര്‍ 20വരെ ആര്യന്‍ ജയിലില്‍ തുടര്‍ന്നതിന് ശേഷം ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച വാദം കേള്‍ക്കും. ദീപാവലിക്ക് മുമ്പ് മകനെ പുറത്തിറക്കാനാകുമെന്നാണ് ശാരൂഖും ഭാര്യ ഗൗരി ഖാനും പ്രതീക്ഷിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.