മയക്കുമരുന്ന് കേസ്: ദീപിക പദുകോണ്‍ ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയത് കേന്ദ്രത്തെ ചൊടിപ്പിച്ചു, എന്‍സിബി ബോളിവുഡ് നടിമാരെ ചോദ്യം ചെയ്യാന്‍ സമന്‍സ് അയച്ചു
Sep 24, 2020, 11:39 IST
ADVERTISEMENT
മുംബൈ: (www.kvartha.com 24.09.2020) ലഹരിമരുന്നു കേസില്‍ ചോദ്യം ചെയ്യാനായി നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ബോളിവുഡ് നടിമാര്‍ക്ക് സമന്‍സ് അയച്ചു. നടി രാകുല്‍ പ്രീത് സിങ്, ഫാഷന്‍ ഡിസൈനര്‍ സിമോന്‍ ഖംബാട്ട എന്നിവരോട് ഇന്നും ദീപിക പദുകോണ്‍ സെപ്തംബര്‍ 25നും ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍ എന്നിവരോട് 26നും ഹാജരാകാന്‍ ആവശ്യപ്പെട്ടു.

ബാഡ്മിന്റന്‍ താരം പ്രകാശ് പദുകോണിന്റെ മകളും നടന്‍ രണ്‍വീര്‍ സിങ്ങിന്റെ ഭാര്യയുമാണ് ദീപിക. ജനുവരിയില്‍ ജെഎന്‍യുവില്‍ ഉണ്ടായ മുഖംമൂടി ആക്രമണത്തിനു പിന്നാലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ദീപിക എത്തിയിരുന്നു.
ഇതിനിടെ, കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുന്ന സിനിമാപ്രവര്‍ത്തകരെ കേസില്‍ കുടുക്കുകയാണെന്നും കര്‍ഷക ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്ന ദിവസം ദീപികയെ ചോദ്യം ചെയ്യലിനു വിളിപ്പിച്ചതു ശ്രദ്ധതിരിക്കാനാണെന്നും ആരോപണമുയര്‍ന്നു.
ഗോവയില്‍ സിനിമാ ചിത്രീകരണത്തിലാണു ദീപിക. ഒപ്പമുള്ള മാനേജര്‍ കരിഷ്മ പ്രകാശിനു കഴിഞ്ഞദിവസം എന്‍സിബി സമന്‍സ് അയച്ചെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി അവര്‍ 2 ദിവസത്തെ സമയം നീട്ടിച്ചോദിച്ചു. സുശാന്ത് സിങ്ങിന്റെ ടാലന്റ് മാനേജരായ ജയ സഹയെ മൂന്നാം ദിവസവും എന്‍സിബി ചോദ്യം ചെയ്തു.
സുശാന്ത് സിങ്ങിന്റെ മരണത്തിനു ശേഷം ലഹരിക്കേസില്‍ കാമുകി റിയ ചക്രവര്‍ത്തി അറസ്റ്റിലായതിനു പിന്നാലെയാണ് ബോളിവുഡിലേക്ക് അന്വേഷണം നീണ്ടത്. 2017 ഒക്ടോബര്‍ 28ന് മാനേജര്‍ കരിഷ്മ പ്രകാശുമായി നടത്തിയ വാട്‌സാപ് ചാറ്റിന്റെ പേരിലാണു ദീപികയ്‌ക്കെതിരെ കേസ്. സുശാന്തിന്റെ മാനേജര്‍മാരായ ശ്രുതി മോദി, ജയ സഹ എന്നിവരുമായുള്ള റിയയുടെ ചാറ്റുകളില്‍ ദീപികയുടെ പേരുണ്ടെന്നും പറയുന്നു.
നടന്‍ സെയ്ഫ് അലിഖാന്റെ ആദ്യ ഭാര്യയിലെ മകള്‍ സാറ, തെലുങ്ക്, തമിഴ് സിനിമയിലൂടെ ബോളിവുഡിലെത്തിയ രാകുല്‍, സമൂഹമാധ്യമങ്ങളില്‍ സജീവമായ സിമോന്‍ എന്നിവരുടെ പേരുകള്‍ റിയ വെളിപ്പെടുത്തിയതാണെന്ന് എന്‍സിബി അറിയിച്ചിരുന്നു.
സംഭവത്തില്‍ നിര്‍മാതാവ് മധു മന്ദേനയില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.