Film Review | ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്: മമ്മൂട്ടി - ഗോകുൽ സുരേഷ് കോമ്പോ തകർത്തു


● 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്' ആണ് ഗൗതം വസുദേവ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത മലയാളം ചിത്രം.
● സിനിമയുടെ ഛായാഗ്രഹണവും എഡിറ്റിംഗും പ്രേക്ഷകർക്ക് ഒരു മികച്ച അനുഭവം നൽകുന്നു.
● മൊത്തത്തിൽ സിനിമ നല്ലൊരു തീയറ്റർ പ്രൊഡക്ട് ആണ്.
സോളി കെ ജോസഫ്
(KVARTHA) ഗൗതം വസുദേവ് മേനോന്‍റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്' തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മലയാളത്തിൻ്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ സിനിമ എന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ സിനിമയെ വരവേറ്റത്. തമിഴിലെ പ്രമുഖ സംവിധായകനായ ഗൗതം വസുദേവ് മേനോൻ ആദ്യമായി സംവിധാനം നിർവഹിക്കുന്ന മലയാള സിനിമ കൂടിയാണ് 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്'. ടോട്ടലി പ്രേക്ഷകനെ തൃപ്തിപെടുത്തുന്ന മറ്റൊരു മമ്മൂട്ടി ചിത്രം എന്ന് വേണമെങ്കിൽ ഈ സിനിമയെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്നതാണ്.
അല്പം കോമഡിയൊക്കെയുള്ള ഒരു ഡീറ്റക്റ്റീവ് ആയി മമ്മൂട്ടി മികച്ച പ്രകടനമാണ് ഈ സിനിമയിൽ കാഴ്ച വെക്കുന്നത്. ഒപ്പം തന്നെ ഗോകുൽ സുരേഷും ഈ സിനിമയിൽ മികച്ച ഒരു വേഷം കൈകാര്യം ചെയ്യുന്നു. ഗോകുൽ സുരേഷ് മമ്മൂട്ടി കോമ്പോ നല്ല രീതിയിൽ വർക്ക് ആയിട്ടുണ്ട്. ചാള്‍സ് ഈനാശു ഡൊമിനിക് അഥവാ സി ഐ ഡൊമിനിക് ഒരു പഴയ പൊലീസുകാരനാണ്. കലൂരിന്റെ ഷെർലക് ഹോംസ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന, ഒരു പഴയ പോലീസ് ഉദ്യോഗസ്ഥനാണ് ഡൊമിനിക്.
സിഐ ആയിരുന്നു ഡൊമിനിക്, തൻ്റേതായ ചില കാരണങ്ങളാൽ പൊലീസ് ജോലി ഉപേക്ഷിക്കേണ്ടി വന്ന ശേഷം ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസി നടത്തുകയാണ്. വമ്പൻ ട്വിസ്റ്റുള്ള കൊലപാതക കേസുകളും മറ്റും അന്വേഷിക്കാൻ ഡൊമിനിക്കിന് താൽപ്പര്യമുണ്ടെങ്കിലും കിട്ടുന്നതൊക്കെ അല്ലറചില്ലറ കേസുകൾ മാത്രം. ഫ്ളാറ്റ് ഉടമ മാധുരിയുടെ കനിവിലാണ് ഡൊമിനിക് അതിജീവിച്ചുപോവുന്നത് എന്നു പറയാം. മുടങ്ങിയ മാസവാടകയും, മാധുരിയിൽ നിന്നു പലപ്പോഴായി കൈപ്പറ്റിയ അല്ലറ ചില്ലറ സഹായങ്ങളും കാരണം മാധുരിയുടെ കടക്കാരനാണ് കക്ഷി. ഒരു അസിസ്റ്റന്റിനെ ആവശ്യമുണ്ടെന്ന ഡൊമിനികിന്റെ പരസ്യം കണ്ട് ജോലി അന്വേഷിച്ചെത്തുകയാണ് വിഘ്നേഷ് എന്ന വിക്കി.
വിക്കിയെ കണ്ടമാത്രയിൽ തന്നെ ഡൊമിനിക് അയാളെ ജോലിയ്ക്ക് എടുക്കുകയാണ്. അതിനു അയാൾക്ക് അയാളുടേതായ കാരണങ്ങളുമുണ്ട്. ആയിടയ്ക്ക്, കളഞ്ഞുകിട്ടിയൊരു ലേഡീസ് പേഴ്സിന്റെ ഉടമയെ അന്വേഷിച്ചു കണ്ടുപിടിച്ച് പേഴ്സ് തിരിച്ചേൽപ്പിക്കുന്ന ദൗത്യം മാധുരി ഡൊമിനിക്കിനെ ഏൽപ്പിക്കുന്നു. പേഴ്സുമായി ഉടമയെ അന്വേഷിച്ചിറങ്ങിയ ഡൊമിനിക് മറ്റൊരു കേസിലാണ് എത്തിച്ചേരുന്നത്. ദുരൂഹതകൾ ഏറെയുള്ള ആ കേസിനു പിന്നാലെയുള്ള ഡൊമിനിക്കിന്റെ യാത്രയാണ് അവിടുന്നങ്ങോട്ട്. നിലവില്‍ പൊലീസ് യൂണിഫോം അണിയുന്നില്ലെങ്കിലും ഉള്ളില്‍ സദാ ഉണര്‍ന്നിരിക്കുന്ന ഒരു പൊലീസുകാരനാണ് ഡൊമിനിക്.
വിവാഹാലോചനകള്‍ക്ക് മുന്‍പായി വീട്ടുകാര്‍ ആവശ്യപ്പെടുന്ന അന്വേഷണവും, പങ്കാളി തന്നില്‍നിന്ന് എന്തെങ്കിലും മറയ്ക്കുന്നുണ്ടോ എന്നറിയാനുള്ള അന്വേഷണവുമൊക്കെയായി രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഡിറ്റക്റ്റീവ് ആണ് ഡൊമിനിക്. ഡൊമിനിക്കിനും അയാളുടെ പുതുതായെത്തിയ അസിസ്റ്റന്‍റ് വിക്കിക്കുമൊപ്പം (ഗോകുല്‍ സുരേഷ്) നിഗൂഢ വഴികളിലൂടെയുള്ള സഞ്ചാരത്തിന് ക്ഷണിക്കുകയാണ് ഗൗതം വസുദേവ് മേനോന്‍. നെല്ലും പതിരും മിക്സ് ചെയ്ത് സർവീസ് സ്റ്റോറികൾ പറയുന്ന, അൽപ്പം തള്ളിന്റെ അസുഖമുള്ള ഒരു മുൻ പൊലീസുകാരനാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രമായ ഡൊമിനിക്. ഇടയ്ക്ക് ഒക്കെ ചിരിപ്പിച്ചും നിരീക്ഷണ പാടവം കൊണ്ട് അത്ഭുതപ്പെടുത്തിയുമെല്ലാം ഡൊമിനിക് പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്.
അൽപം നിഷ്കുവായ ഒരു ചെറുപ്പക്കാരനാണ് ഗോകുലിന്റെ വിക്കി. ചിത്രത്തിലുടനീളമെന്ന രീതിയിൽ ഗോകുലിന്റെ സാന്നിധ്യമുണ്ടെങ്കിലും ആ കഥാപാത്രത്തിനു വലിയ പെർഫോമൻസ് കാഴ്ച വയ്ക്കാനുള്ള സ്പേസ് ഒന്നും തിരക്കഥ നൽകുന്നില്ല. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിജി വെങ്കടേഷ് മാധുരിയായി എത്തുമ്പോള്‍ നന്ദിതയെന്ന ഡാന്‍സര്‍ കഥാപാത്രത്തെ സുഷ്മിത ഭട്ടും അവതരിപ്പിച്ചിരിക്കുന്നു. വിനീത്, വിജയ് ബാബു, മീനാക്ഷി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. സിദ്ദിഖ്, ഷൈൻ ടോം ചാക്കോ, ലെന, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവരൊക്കെ അതിഥിവേഷങ്ങളിൽ എത്തുന്നുണ്ടെങ്കിലും ഇവർക്കൊന്നും ചിത്രത്തിൽ അധികമൊന്നും ചെയ്യാനില്ല.
ഗൗതം വാസുദേവ് മേനോനൊപ്പം ഡോ. നീരജ് രാജന്‍, ഡോ. സൂരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. വിഷ്ണു ആര്‍ ദേവ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. റഫറന്‍സുകള്‍ അധികം ഇല്ലാത്ത ഇത്തരം ഒരു ചിത്രത്തിന് ചേരുന്ന തരത്തിലുള്ള ഒരു വിഷ്വല്‍ ഗ്രാമര്‍, അതും വിശ്വസനീയമായി സൃഷ്ടിച്ചിട്ടുണ്ട് വിഷ്ണു. ഗൗതം മേനോന്‍റെ വിശ്വസ്തനായ എഡിറ്റര്‍ ആന്റണിയാണ് ചിത്രത്തിന്‍റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ദര്‍ബുക ശിവയുടേതാണ് സംഗീതം. ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ആയ ഷാജി നടുവിലിന്‍റേതും മികച്ച വര്‍ക്ക് ആണ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ആണ്.
രണ്ടര പതിറ്റാണ്ടിന്‍റെ അനുഭവ പരിചയമുള്ള ഒരു സംവിധായകന്‍റെ കൈയൊപ്പ് ചിത്രത്തില്‍ ഉടനീളം കാണാം. ഡൊമിനിക് ആയി മമ്മൂട്ടി ഗംഭീര പ്രകടനമാണ് നൽകിയത്. കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും തന്റെ കഴിവിൽ പൂർണമായും വിശ്വസിക്കുന്ന, സരസനായ ഡൊമിനിക് ആയി മമ്മൂട്ടി സ്‌ക്രീനിൽ ജീവിച്ചു കാണിച്ചു തന്നു. അദ്ദേഹത്തിന്റെ സംഭാഷണങ്ങളും ശരീര ഭാഷയും വളരെ രസകരമായിരുന്നു. ആക്ഷൻ രംഗങ്ങൾ കൊണ്ടും അദ്ദേഹം കയ്യടി നേടുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം തന്നെ ചിത്രത്തിൽ കയ്യടി നേടിയ താരമാണ് വിക്കി ആയി അഭിനയിച്ച ഗോകുൽ സുരേഷ്. അതീവ രസകരമായിരുന്നു ഇവരുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി.
സുഷ്മിത ഭട്ട് ഗംഭീര പ്രകടനമാണ് നന്ദിത എന്ന കഥാപാത്രമായി നടത്തിയത്. കോമഡിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കപ്പെടുന്ന ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ് ചിത്രം. അതാണ് 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്'. മമ്മൂട്ടി സിനിമക്ക് ടിക്കറ്റ് എടുക്കുന്നവരുടെ പ്രതീക്ഷക്കൊത്ത സിനിമ തന്നെയാണ് ഇതും. മൊത്തത്തിൽ സിനിമ നല്ലൊരു തീയറ്റർ പ്രൊഡക്ട് ആണ്. തീയേറ്ററിൽ പോയി തന്നെ കുടുംബസമേതം ഈ സിനിമ കാണാൻ ശ്രദ്ധിക്കുക. ധൈര്യമായി ഈ സിനിമയ്ക്ക് ടിക്കറ്റ് എടുക്കാം.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
‘Dominic and the Ladies Purse’ is a detective comedy starring Mammootty. The movie showcases great performances from Mammootty and Gokul Suresh.
#DominicAndTheLadiesPurse #Mammootty #GokulSuresh #MalayalamCinema #DetectiveThriller #GauthamVasudevMenon