Knowledge | യുവതലമുറയ്ക്കറിയുമോ മഹാഭാരതവും രാമായണവുമൊക്കെ, 'കൽക്കി' സിനിമ കണ്ടാൽ പോലും അവർക്ക് എന്താണ് മനസിലാവുക?

 
Kalki 2898 AD


ലോകോത്തര സിനിമ വരുമ്പോൾ നമ്മുടെ യുവത പോയി കാണുന്നത് അതിന്റെ വിഷ്വൽ എഫക്ട്സ് ആസ്വദിക്കാൻ വേണ്ടി മാത്രമാണ്

കെ ആർ ജോസഫ് 

(KVARTHA) ബ്രഹ്മാണ്ഡ ചിത്രം കൽക്കി (Kalki 2898 AD) ഇപ്പോൾ തീയേറ്ററുകളിൽ  (Theatre) നിറഞ്ഞൊടുകയാണ്. എല്ലായിടത്തും വമ്പിച്ച സ്വീകരണം തന്നെയാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മഹാഭാരത യുദ്ധഭൂമിയിൽ (Mahabharata battle) തുടങ്ങി ഇന്ത്യൻ സിനിമ (Indian cinema) ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചയുടെ വിസ്മയലോകം തീർത്ത് മുന്നേറുകയാണ് ഈ  സിനിമ. വളരെ വ്യക്തമായി ഓരോ കഥാപാത്രങ്ങളെയും അവരുടെ ബാക്ക്ഗ്രൗണ്ടും അവതരിപ്പിച്ച് എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ലളിതമായി പറഞ്ഞു പോകുന്ന കഥ. അതിലേക്ക് സയൻസ് ഫിക്ഷനും (Science Fiction) കൂടെ ചേരുമ്പോൾ കഥാപാത്രങ്ങളെല്ലാം അതിശക്തരാണ്.

Review

മഹാഭാരത യുദ്ധഭൂമിയും, വറ്റി വരണ്ട് കിടക്കുന്ന കാശിയും (Kashi) പിന്നെ സുപ്രീം യാസ്കിന്റെ 'കോംപ്ലക്സ്' എന്ന ലോകവും അതിനെ വിഷ്വലൈസ് ചെയ്തിരിക്കുന്നതും മാത്രം മതി നാഗ് അശ്വിൻ (Nag Ashwin) എന്ന സംവിധായകന്റെ (Director) ചിന്തകൾ സാധാരണ സങ്കൽപ്പങ്ങൾക്കെല്ലാം അപ്പുറമാണെന്ന് മനസിലാക്കാൻ. 'അശ്വത്ഥാമാവ്' (Ashwatthama) ആയി എൺപത്തിയൊന്നാം വയസിൽ അമിതാഭ് ബച്ചന്റെ (Amitabh Bachchan) അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് സിനിമയിൽ. മാസ്ക് ഇട്ട് കണ്ണ് മാത്രം കാണിച്ചു നിൽക്കുമ്പോൾ പോലും അദ്ദേഹത്തിന്റെ ആ ഗാംഭീര്യം അപാരം. ആക്ഷൻ സീനുകളിൽ റിബൽ സ്റ്റാർ പ്രഭാസിനെ പോലും സൈഡിലാക്കി അയാൾ നിറഞ്ഞാടുകയാണ്.

അതിശക്തനായ വില്ലൻ

'സുപ്രീം യാസ്ക്' എന്ന യാതൊരു ഡീറ്റൈലിങ്ങും തരാത്ത അതിശക്തനായ വില്ലൻ കഥാപാത്രമാണ് ഉലകനായകൻ കമൽ ഹാസന് (Kamal Haasan). വില്ലൻ യുദ്ധഭൂമിയിലേക്ക് കാലെടുത്തു വച്ചിട്ടേയുള്ളൂ. വരാൻ പോകുന്നതാണ് ശരിക്കുള്ള യുദ്ധം. ഫസ്റ്റ് ഹാഫിലെ പ്രഭാസിന്റെ ഇൻട്രൊഡക്ഷൻ കഴിഞ്ഞു കുറച്ചു സമയത്തെ വലിച്ചു നീട്ടൽ ഒഴിച്ച് നിർത്തിയാൽ, പിന്നെ ഫുൾ എൻഗേജിങ് ആണ് മൂവി. നമുക്കും ഇങ്ങനെ ഒക്കെ സിനിമ എടുക്കാൻ പറ്റും എന്ന ആത്മവിശ്വാസം ഇന്ത്യൻ സിനിമക്കു പ്രദാനം ചെയ്ത സിനിമ. അമിതാബ് ബച്ചനും, പ്രഭാസും, ദീപിക പദുക്കോണും, നമ്മുടെ അന്ന ബെനും, ശോഭനയും ഗംഭീര പ്രകടനങ്ങൾ നടത്തിയപ്പോൾ, അതിഥി താരങ്ങൾ ആയ എത്തിയവരും കലക്കി. കമൽ ഹാസൻ  ദി റിയൽ ഗോട്ട് എന്ന് തന്നെ പറയാം. ആകെ രണ്ടു സീനിൽ മാത്രം വന്നു ഷോ മുഴുവൻ തൂക്കി. 

വിഷ്വൽ എഫക്ട്സ് ആസ്വദിക്കാൻ മാത്രമോ?

എന്തായാലും കൽക്കി സിനിമ പോലെ തന്നെ കൽക്കിയും മഹാഭാരതവും ഒക്കെ ഇപ്പോൾ ചർച്ചയ്ക്ക് വിധേയമായിരിക്കുകയാണ്. പലർക്കും ഇന്ന് അറിവില്ലാത്ത ഇതിഹാസങ്ങളിലെ കാര്യങ്ങൾ ഒരിക്കൽക്കുടി ഓർമ്മിപ്പിക്കുന്നു ഈ സിനിമ. ജാതി മത ഭേദമെന്യേ സിനിമയും ഭാരതം മുഴുവൻ ചർച്ചയാകുന്നു. ഈ അവസരത്തിൽ ഈ സിനിമയെ ബന്ധപ്പെടുത്തി ഒരു ഹൈന്ദവ സഹോദരൻ എഴുതിയ കുറിപ്പ് ആണ് സാമൂഹ്യമധ്യത്തിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.  ഇപ്പോഴത്തെ ഹൈന്ദവ ഭവനങ്ങളിലെ കുട്ടികൾ ഇതുപോലെയുള്ള സിനിമകൾ കാണാൻ പോകുന്നത് ഇതിനെക്കുറിച്ച് യാതൊരും അറിവും ഇല്ലാതെ ഇതിലെ വിഷ്വൽ എഫക്ട്സ് ആസ്വദിക്കുവാൻ വേണ്ടി മാത്രമാണെന്നും പഴയകാലത്തെപ്പോലെ അതിനപ്പുറം യാതൊരു അറിവും ഈ വിഷയത്തിൽ പുതുതലമുറയ്ക്ക് ഇല്ലെന്നും അതിൽ ചൂണ്ടിക്കാട്ടുന്നു.

കുറിപ്പിൽ പറയുന്നത്

'കൽക്കി സിനിമ കണ്ടുവോ ഇഷ്ടമായോ എന്നതൊന്നുമല്ല ഓരോ ഹിന്ദുവും ചർച്ച ചെയ്യേണ്ട വിഷയം. ഹിന്ദു മിത്തോളജിയെ ബേസ് ചെയ്ത് ലോകോത്തര സിനിമ വരുമ്പോൾ  നമ്മുടെ യുവത അത് പോയി കാണുന്നത് അതിന്റെ വിഷ്വൽ  എഫക്ട്സ് ആസ്വദിക്കുവാൻ വേണ്ടി മാത്രമാണ്. അതിനപ്പുറം സയൻസും മിത്തോളജിയും കൂട്ടിയിണക്കി ആ സിനിമ പറയുന്ന സബ്ജെക്ട് മനസ്സിലാക്കി ആസ്വദിക്കുന്നവർ വളരെ കുറവാണ്. കൽക്കി സിനിമ കണ്ട് വന്ന അടുത്ത വീട്ടിലെ പയ്യൻ പറഞ്ഞത് കഥ ഒന്നും മനസിലായില്ല, പക്ഷേ കണ്ടിരിക്കാൻ രസം ഉണ്ടായിരുന്നു എന്നാണ്. കൂട്ടത്തിലൊരുവൻ പറഞ്ഞു കൊടുത്തത്രേ അശ്വത്ഥാമാവ് എന്നൊരു സംഭവം മഹാഭാരതത്തിൽ ഉണ്ടെന്നും അശ്വത്ഥാമാവ് ചിരഞ്ജീവി ആണെന്നും. 

23 വയസ് പിന്നിട്ട എഞ്ചിനീയറിങ് കഴിഞ്ഞ പയ്യന് ഈശ്വര വിശ്വാസം ഉണ്ട്, പക്ഷേ ഇതിഹാസത്തിലൊന്നും ഗ്രാഹ്യം ഇല്ല, അത് അറിയാൻ താല്പര്യവും ഇല്ല. സത്യത്തിൽ നമ്മുടെയൊക്കെ വീട്ടിലെ മുപ്പത് വയസിന് താഴെ പ്രായമുള്ള പിള്ളേരുടെ അവസ്ഥ ഇതൊക്കെ തന്നെയാണ്. ഞാനൊക്കെ ചെറുത് ആയിരിക്കുമ്പോൾ തന്നെ ഒരുപാട് കഥാപുസ്തകങ്ങൾ വായിക്കുമായിരുന്നു. വീട്ടിൽ അമ്മമ്മ അമ്പിളി അമ്മാവൻ സ്ഥിരമായി വായിച്ചിരുന്നു. ഒപ്പം അമർ ചിത്രകഥകളും. വായനയിലൂടെ കുറെയൊക്കെ ഹിന്ദു മിത്തോളജിയുടെ ബേസ് കുട്ടിക്കാലത്തെ മനസിലാക്കിയിരുന്നു. പിന്നീട് മഹാഭാരതം, ജയ് ഹനുമാൻ ഒക്കെ ടിവിയിലൂടെ കണ്ടറിഞ്ഞു. 

അതിനൊപ്പം വീട്ടിൽ നിന്നും പകർന്നു കിട്ടിയിരുന്ന വിവരണങ്ങൾ. സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പമിരുന്നു നാമജപം. പൂജാമുറിയിൽ പാലിക്കേണ്ട രീതികൾ, ശീലങ്ങൾ ഒക്കെ അന്നത്തെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പഞ്ചകന്യകകൾ ആരെന്നും സപ്തർഷികൾ ആരെന്നും ഏഴ് ചിരഞ്ജീവികളാരെന്നും ഒക്കെ അറിയാത്ത ഹിന്ദു കുട്ടികൾ കുറവായിരുന്നു അന്നൊക്കെ. പിന്നീട് കാലം മാറിയപ്പോൾ, ടെക്നോസാവിയായി നമ്മൾ മാറിയപ്പോൾ നമുക്ക് കൈമോശം വന്നുപോയതും ഈ നല്ല ശീലങ്ങൾ, ഈ ചെറു അറിവുകൾ തന്നെയായിരുന്നു. അന്ന് അത് പലരും അറിഞ്ഞിരുന്നില്ല എന്ന് മാത്രം. 

ഈ സമയത്ത് അഡ്രസ് ചെയ്യപ്പെടേണ്ടതായ പ്രധാന വിഷയമെന്തെന്നാൽ നമ്മുടെ ഹൈന്ദവ യുവതയ്ക്ക് എത്രമേൽ നമ്മുടെ ഇതിഹാസത്തിൽ അറിവ് ഉണ്ടെന്നതാണ്. ഹൈന്ദവ കുടുംബങ്ങളിൽ പാരന്റിങ് എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും സംസ്‌കാരവും കുട്ടികളിൽ പഠിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കൽ കൂടിയുണ്ട്. പുരോഗമനം നല്ലതാണ്. ശാസ്ത്രബോധം കുട്ടികളിൽ ഊട്ടി ഉറപ്പിക്കുന്നതിനൊപ്പം അവനവന്റെ മതത്തെ കുറിച്ചുള്ള അവബോധം കൂടി ഉണ്ടാവണം. അവബോധം ആണ് ഉണ്ടാവേണ്ടത്, അന്ധവിശ്വാസം അല്ല. നമ്മുടെ ഇതിഹാസങ്ങൾ എന്ത്‌, അത് നമ്മുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം എന്താണെന്ന് ഒക്കെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ടത് മുതിർന്നവർ തന്നെയാണ്. 

അമേയ മോൾക്ക് അറിവ് വച്ചപ്പോൾ മുതൽ സന്ധ്യാദീപത്തിന് മുന്നിൽ കൈകൂപ്പി ഇരുന്നുള്ള നാമജപം ശീലമാക്കി. ഇപ്പോൾ അവൾക്ക് ഭദ്രകാളിപ്പത്തും ശിവപഞ്ചാക്ഷരി ശ്ലോകവും മഹാലക്ഷ്മി അഷ്ടകവും ഒക്കെ ചൊല്ലാൻ അറിയാം. എന്നും രാത്രിയിൽ ബെഡ് ടൈം സ്റ്റോറി ആയിട്ട് ഇപ്പോൾ പറഞ്ഞു കൊടുക്കുന്നത് ഹിന്ദു മിത്തോളജി ബേസ് ചെയ്തുള്ള കൊച്ച് കഥകൾ. ചെറുതിലെ ലിറ്റിൽ കൃഷ്ണ അനിമേറ്റഡ് കാർട്ടൂൺ കാണിക്കുമായിരുന്നു. ഗുരുവായൂർ കണ്ണനെന്നാൽ ജീവനാണ് അവൾക്ക്. അതേ പോലെ ഇഷ്ടദേവത കരിക്കകം ദേവിയും. കുഞ്ഞുപ്രായത്തിൽ കാണുന്നതെന്തും കേൾക്കുന്നതെന്തും നല്ലത് തന്നെയാണ് കുഞ്ഞുങ്ങൾക്ക്. അത് നല്ലത് ആണെന്ന് ഉറപ്പ് വരുത്തേണ്ടത് നമ്മളും. 

കുട്ടിക്കാലത്തു തന്നെ എല്ലാം തുടങ്ങണം. നല്ല കഥയിലൂടെ, കുഞ്ഞു കവിതകളിലൂടെ ഒക്കെ അവരെ നല്ല ശീലങ്ങളിലേയ്ക്ക് നയിക്കണം. സന്ധ്യാനാമം എന്ന ശീലം പലതിന്റെയും തുടക്കമാകുന്നു. എത്ര തിരക്ക് ഉള്ള ലൈഫ് സ്റ്റൈൽ ആണെങ്കിലും കുറച്ച് സമയം ഈശ്വരഭജനയ്ക്കായി മാറ്റി വച്ചത് കൊണ്ട് നഷ്ടം ഒന്നും ഉണ്ടാവില്ല. വർഷം തോറും അവധിക്കാലത്ത് ടൂർ പ്ലാൻ ചെയ്യുമ്പോൾ അടിച്ചുപൊളി യാത്രകളും വേണം, അതിനൊപ്പം ഏതെങ്കിലും ഒരു മഹാക്ഷേത്രങ്ങളിലേയ്ക്ക് കൂടി കുഞ്ഞുങ്ങളെ കൊണ്ടുപോകണം. നമുക്ക് നമ്മുടെ കുഞ്ഞുങ്ങളിലേയ്ക്ക് പകർന്നു നൽകുവാൻ ഉള്ളത് മഹത്തായ ഒരു സംസ്കൃതിയും പൈതൃകവും കൂടെയാണ് എന്നത് മറക്കരുത്'.

മതങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് കുറയുന്നു 

ഇങ്ങനെയാണ് ലേഖനം അവസാനിക്കുന്നത്. ഈ പറഞ്ഞ കാര്യത്തിൽ വാസ്തവം ഇല്ലേ. പലരും അവരവരുടെ മതത്തിന് വേണ്ടി വാദിക്കുന്നുണ്ടെങ്കിലും ഈ തലമുറയിലെ പലർക്കും അവരവരുടെ മതങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് കുറവാണ്. ആ അറിവില്ലായ്മ തന്നെയാണ് പലരും മുതലെടുക്കുന്നത്. അതുകൊണ്ട് ഇന്ത്യാ മഹാരാജ്യത്ത് അസ്വമാധാനത്തിനും അതിലൂടെ അക്രമത്തിലേയ്ക്കും വഴിതെളിയുകയും ചെയ്യുന്നു. ഇതര മതങ്ങളെ ബഹുമാനിക്കാൻ എപ്പോൾ പറ്റുന്നുമോ അപ്പോഴാണ് ശരിയായ അറിവും ബോധവും നമ്മളിൽ വന്നുചേരുക. അതിനായി താൻ വിശ്വസിക്കുന്ന മതങ്ങളെ ആഴത്തിൽ പഠിക്കുവാൻ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് വേണ്ടത്.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia