Movie | പൃഥ്വിരാജിന്റെ കരിയർ മാറ്റിയ 'സത്യം'; ഹേമ കമ്മിറ്റി വിവാദങ്ങൾക്കിടയിൽ ചിത്രം ചർച്ചയാകുന്നത് എന്തുകൊണ്ട്?
വിനയൻ സംവിധായകൻ ഫേസ്ബുക്ക് പേജിൽ സത്യം സിനിമയെക്കുറിച്ച് കുറിപ്പ് പങ്കുവെച്ചു.
റോക്കി എറണാകുളം
(KVARTHA) സത്യം എത്ര മറച്ചുവച്ചാലും അതൊരിക്കൽ മറനീക്കി പുറത്തു വരും എന്നതിന്റെ തെളിവല്ലേ ഇപ്പോഴത്തെ ഈ തുറന്നു പറച്ചിൽ. 'സത്യം' എന്ന മലയാള സിനിമ ഒരുകാലത്തെ സൂപ്പർ ഹിറ്റ് ആയിരുന്നു. പൃഥ്വിരാജിനെയും തിലകനെയും പോലുള്ളവരെയൊക്കെ സിനിമ മേഖലയിൽ നിന്ന് അന്ന് ആരൊക്കെയായിരുന്നോ അകറ്റി നിർത്താൻ മുൻ കൈഎടുത്തത് അല്ലെങ്കിൽ ഇപ്പോൾ പറയുന്ന പവർ ഗ്രൂപ്പിനെ പോലെയുള്ളവർക്ക് ഒരു ശരങ്ങൾ തന്നെയായിരുന്നു അന്ന് ഈ സിനിമ. ഈ സിനിമ കൊണ്ട് ഒരുപാട് വലിയ നിലയിലേക്ക് എത്തിയ ആളാണ് പൃഥ്വിരാജ്.
ഈ സിനിമ ഇറങ്ങിയിരുന്നില്ലായിരുന്നെങ്കിലും പൃഥ്വിരാജിന് ഇതിൽ നായകൻ ആകാൻ പറ്റിയില്ലായിരുന്നെങ്കിലും ഒരു പക്ഷേ, ഇന്നു കാണുന്ന പൃഥ്വിരാജ് എന്ന സൂപ്പർഹീറോയെ നമുക്ക് കാണുവാൻ സാധിക്കുമായിരുന്നില്ല. സത്യം ഇറങ്ങിയിട്ട് ഇരുപത് വർഷം തികയുകയാണ്. ഈ സിനിമ ഇറക്കാനുണ്ടായ പെടാപാടിനെക്കുറിച്ചും അന്ന് മലയാള സിനിമയിൽ ഒന്നുമല്ലാതിരുന്ന പൃഥ്വിരാജിനെ വെല്ലുവിളികളെറ്റെടുത്തുകൊണ്ട് നായകനാക്കാൻ തീരുമാനിച്ചതിനെക്കുറിച്ചുമെല്ലാം ഈ സിനിമയുടെ സംവിധായകൻ വിനയൻ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ച ഒരു പോസ്റ്റാണ് വൈറലാകുന്നത്.
വിനയന്റെ പോസ്റ്റ്: 'സത്യം ഇറങ്ങിയിട്ട് ഇന്നേക്ക് ഇരുപത് വർഷം. ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയാകുന്ന ഈ വേളയിൽ ഈ ചിത്രത്തെ കുറിച്ച് ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിലും സത്യത്തെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. പൃഥ്വിരാജും, തിലകൻ ചേട്ടനും, ബേബി തരുണിയുമൊക്കെയുള്ള, പ്രിയാമണി ആദ്യമായി മലയാളത്തിൽ അഭിനയിച്ച ചിത്രം. ഈ ചിത്രം എനിക്ക് എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു പ്രൊജക്ടാണ്. മലയാള സിനിമയുടെ രാഷ്ട്രീയം പറയുന്ന, എന്റെ ജീവിതത്തിലെ പ്രതിസന്ധിയും വിലക്കുകളും ഒക്കെ ഓർമ്മപ്പെടുത്തുന്ന ഒരു സിനിമ കൂടിയാണിത്.
മലയാള സിനിമയിലെ താരങ്ങൾ ഒരു സമരമെന്ന രൂപത്തിൽ വിദേശത്തേക്ക് പ്രോഗ്രാം നടത്താൻ പോകുന്ന സമയത്ത് ഫിലിം ചേംബറിന്റെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും നിലപാടിനോട് ചേർന്ന് നിന്ന ഞാൻ താരങ്ങളുടെ സമരത്തിനെതിരായി എടുത്ത ഒരു ചിത്രം കൂടിയാണിത്. അന്ന് നിർമാതാക്കൾ താരങ്ങൾക്ക് കൊടുക്കുന്ന തുകയ്ക്ക് എഗ്രിമെന്റ് ഇല്ലായിരുന്നു. വൻ തുക കൊടുക്കുമ്പോൾ എഗ്രിമെന്റ് വേണമെന്ന് നിർമാതാക്കൾ പറയുകയും, അത് പറ്റില്ല അങ്ങനെയാണെങ്കിൽ വേറെ ഫിലിം ചേംബർ പോലുമുണ്ടാക്കുമെന്ന് താരങ്ങൾ പറയുകയും ചെയ്ത സാഹചര്യത്തിൽ പ്രൊഡ്യൂസേഴ്സ് പറയുന്നതിലാണ് ന്യായമെന്നും എഗ്രിമെന്റ് വേണമെന്ന നിലപാട് ഞാനെടുക്കുകയും ചെയ്തു.
മറ്റു മേഖലകളിൽ ചെറിയ ഒരു തുക കൈമാറുമ്പോൾ പോലും എഗ്രിമെന്റ് ഉള്ള നമ്മുടെ നാട്ടിൽ എന്തുകൊണ്ട് ഒരു വൻ തുക കൈമാറുമ്പോൾ എഗ്രിമെന്റ് പാടില്ല എന്നാണ് ഞാൻ ചിന്തിച്ചത്. നിർമാതാക്കളുടെയും ഫിലിം ചേംബറിന്റെയും അഭ്യർത്ഥന പ്രകാരം താരങ്ങൾ വിദേശത്തേക്ക് പോകുന്നതിന് മുൻപ് ഒരു സിനിമ ചെയ്യണമെന്ന് അവർ പറയുകയും എന്റെ നിലപാടിൽ ഉറച്ചു നിന്നുകൊണ്ട് ആ ചിത്രം ഞാൻ ഏറ്റെടുക്കുകയും ചെയ്തു. അന്ന് എഗ്രിമെന്റ് വേണമെന്ന അഭിപ്രായമായിരുന്നു പൃഥ്വിരാജിനും തിലകൻ ചേട്ടനുമുണ്ടായിരുന്നത്. അവരെ കൂടാതെ ചില ആർട്ടിസ്റ്റുകൾ കൂടി മലയാളത്തിൽ നിന്നും വന്നു.
പ്രിയാമണി ഉൾപ്പെടെ ബാക്കിയുള്ളവർ തമിഴിൽ നിന്നുമായിരുന്നു. വളരെ കുറച്ച് ദിവസം കൊണ്ട് പ്ലാൻ ചെയ്ത് കഥയും തിരക്കഥയുമെഴുതി ഷൂട്ടിങ് ആരംഭിച്ചു, അങ്ങനെ താരങ്ങളുടെ സമരത്തെ പരാജയപ്പെടുത്തുകയും ചെയ്തു. അങ്ങനെ വന്ന എഗ്രിമെന്റ് ആണ് ഇന്ന് മലയാള സിനിമയിൽ തുടരുന്നതെന്നുള്ള സത്യം പുതിയ തലമുറയിലെ എത്ര പേർക്ക് അറിയും എന്നെനിക്കറിയില്ല. അതിനു ശേഷമാണ് ഞാൻ ഈ പറയുന്ന ശത്രുപക്ഷത്തിലേക്ക് മാറുന്നത്. അതൊന്നും മനപ്പൂർവമല്ലായിരുന്നു, എന്റെ നിലപാടായിരുന്നു എഗ്രിമെന്റ് വരുന്നതിൽ കുഴപ്പമൊന്നുമില്ല എന്നുള്ളത്. പൃഥിവിരാജിന് നല്ലൊരു ആക്ഷൻ സ്റ്റാർ എന്ന ലേബൽ ആ ചിത്രം ഉണ്ടാക്കിക്കൊടുത്തു. ഒത്തിരി ഓർമ്മകൾ മനസ്സിൽ വരുന്ന ഒരു ചിത്രമായതുകൊണ്ട് തന്നെ സത്യത്തിന് അതിന്റേതായ പ്രസക്തിയുണ്ട്'.
ഇതാണ് ആ പോസ്റ്റ്. ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പഴയ സിനിമ സത്യവും ശ്രദ്ധിക്കപ്പെടുന്നത്. ഒരിക്കൽ ഇവിടുത്തെ താരങ്ങൾ സിനിമയിൽ അഭിനയിക്കുന്നത് ബഹിഷ്ക്കരിച്ചപ്പോൾ അതിനെ എതിർത്ത് രംഗത്ത് വന്ന പൃഥ്വിരാജിന് സിനിമ മേഖലയിൽ അപ്രഖ്യാപിത വിലക്ക് ആണ് ഏർപ്പെടുത്തിയത്. ഈ വിലക്കുകളെയെല്ലാം സധൈര്യം വെല്ലുവിളിച്ച് വിനയൻ എന്ന സംവിധായകൻ തൻ്റെ ചിത്രമായ സത്യത്തിൽ നായകനാക്കുകയായിരുന്നു. ഇന്ന് പവർഗ്രൂപ്പ് എന്ന് അറിയപ്പെടുന്ന സിനിമാ മേഖലയിലെ ചിലർ തന്നെയാണ് അന്ന് പൃഥ്വിരാജിനെതിരെ രംഗത്തുവന്നത്.
സിനിമ ഇറങ്ങി പടം ഹിറ്റായപ്പോൾ പൃഥ്വിരാജിന് കൂടുതൽ സിനിമകൾ ലഭിച്ചു. ഈ നടനെ നായകനാക്കി എന്നതിൻ്റെ പേരിൽ വിനയൻ എന്ന സംവിധായകനെ സൂപ്പർസ്റ്റാറുകൾ പോലും മാറ്റി നിർത്തുന്നതാണ് കണ്ടത്. ഇത് ഇന്ന് പൃഥ്വിരാജ് പോലും മറന്നിരിക്കുന്ന സത്യം. പൃഥ്വിരാജ് അമ്മയുടെ തലപ്പത്ത് വരണമെന്ന് ചില താരങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ അവകാശപ്പെടുമ്പോൾ അതിന് വഴിവെച്ച ഈ സിനിമയെയും അതിൻ്റെ സംവിധായകനെയും പൃഥ്വിരാജ് എന്ന നടൻ ഒരുവട്ടമെങ്കിലും ഓർത്താൽ നന്ന്. അല്ലെങ്കിൽ അത് ഗുരുത്വക്കേട് തന്നെയാകും.
#MalayalamCinema #Mollywood #Bollywood #IndianCinema #Controversy #PowerStruggle #PrithvirajSukumaran #Vinayan #SathyamMovie