Criticism | താന്‍ നിരപരാധി; ലൈംഗിക ആരോപണ പരാതിക്ക് പിന്നില്‍ ബംഗാളി നടിയെ അഭിനയിപ്പിക്കാത്തതിലുള്ള നീരസവും നിരാശയും; പല രോഗങ്ങളാല്‍ ബുദ്ധിമുട്ടുകയാണെന്നും സംവിധായകന്‍ രഞ്ജിത്ത്
കൊച്ചി: (KVARTHA) ബംഗാളി നടിയുടെ ലൈംഗിക ആരോപണ പരാതിയിലെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു. താന്‍ നിരപരാധിയാണെന്നാണ് രഞ്ജിത്ത് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. പരാതിക്കാരിയെ സിനിമയില്‍ അഭിനയിക്കാന്‍ തിരഞ്ഞെടുക്കാത്തതിലുള്ള നീരസവും നിരാശയുമാണ് പരാതിക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. തന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പദവിയില്‍ നിന്ന് നീക്കാന്‍ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ ഇത് ആളിക്കത്തിച്ചുവെന്നും അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കേസില്‍ തന്നെ ഉള്‍പ്പെടുത്തിയത് ഗൂഢലക്ഷ്യത്തോടെയാണെന്നും സംഭവം നടന്നുവെന്ന് പറയുന്ന സമയം കഴിഞ്ഞ് 15 വര്‍ഷത്തിനു ശേഷമാണ് പരാതി നല്‍കിയിട്ടുള്ളത് എന്നും സംവിധായകന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
പാലേരിമാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചു വരുത്തിയശേഷം ചര്‍ച്ചയ്ക്കിടെ രഞ്ജിത്ത് ലൈംഗികമായ ഉദ്ദേശ്യത്തോടെ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചു എന്നായിരുന്നു നടിയുടെ ആരോപണം. തുടര്‍ന്ന് അവര്‍ രഞ്ജിത്തിനെതിരെ പരാതി നല്‍കുകയും ചെയ്തു. ഇതിനു പിന്നാലെ എറണാകുളം നോര്‍ത്ത് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് രഞ്ജിത്ത് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടി ഇതുസംബന്ധിച്ച ആരോപണം ഉന്നയിച്ചത്. സംഭവം വലിയ വിവാദത്തിന് കാരണമാകുകയും സംവിധായകന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുകയും ചെയ്തു. തുടര്‍ന്നാണ് അദ്ദേഹം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പദവി രാജിവച്ചത്.
ബംഗാളി നടിയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ ഭൂരിഭാഗം സ്ഥലവും ഓഫിസ് കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണെന്ന് പറഞ്ഞ സംവിധായകന്‍ ബംഗാളി നടി അപ്പാര്‍ട്ട് മെന്റിലുണ്ടായിരുന്ന മുഴുവന്‍ സമയത്തും അസോഷ്യേറ്റ് ഡയറക്ടര്‍മാരായ ശങ്കര്‍ രാമകൃഷ്ണന്‍, ഗിരീഷ് ദാമോദരന്‍, നിര്‍മാതാവ് സുബൈര്‍, ഓഫിസ് അസി. ബിജു തുടങ്ങിയവരും ഫ് ലാറ്റിലുണ്ടായിരുന്നു എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
യഥാര്‍ഥത്തില്‍ ശങ്കര്‍ രാമകൃഷ്ണനാണ് സിനിമയെക്കുറിച്ച് നടിയുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ അദ്ദേഹം സ്ഥലത്തുണ്ടായിരുന്നു എന്ന കാര്യത്തെക്കുറിച്ച് പരാതിയില്‍ നടി മൗനം പാലിച്ചിരിക്കുന്നത് ഇതിലുള്‍പ്പെട്ടിട്ടുള്ള വഞ്ചന വെളിവാക്കുന്നുവെന്നും രഞ്ജിത്ത് ഹര്‍ജിയില്‍ ആരോപിക്കുന്നു.
അടുത്തിടെയാണ് തന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. താന്‍ നിരവധി അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന ആളാണ്. അതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണ്. ഗോസിപ്പുകളിലോ വിവാദങ്ങളിലോ മറ്റ് ആരോപണങ്ങളിലോ ഉള്‍പ്പെടാതെ കഴിഞ്ഞ 37 വര്‍ഷമായി സിനിമാരംഗത്തുള്ള ആളാണ് താനെന്നും രഞ്ജിത്ത് ഹര്‍ജിയില്‍ പറയുന്നു.
#RanjithInnocence, #AssaultAllegation, #MalayalamCinema, #FilmIndustry, #LegalNews, #Controversy