Dileep | ‘ഭ ഭ ബ’, ഈ സിനിമ ദിലീപിൻ്റെ കരിയർ മാറ്റിമറിക്കുമോ?
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡോണൽ മുവാറ്റുപുഴ
(KVARTHA) ഒരു കാലത്ത് മലയാളത്തിലെ ജനപ്രിയ നടനായിരുന്നു ദിലീപ്. മമ്മൂട്ടി, മോഹൻലാൽ, സൂരേഷ് ഗോപി എന്നിവർക്കൊപ്പം തന്നെ സൂപ്പർ താരപദവി അലങ്കരിച്ച വ്യക്തിയും കൂടിയായിരുന്നു നടൻ ദിലീപ്. എന്നാൽ നടി ആക്രമണ കേസുമായി ബന്ധപ്പെട്ട് ദിലീപിൻ്റെ പേരു പരാമർശിക്കപ്പെട്ട അന്ന് മുതൽ മലയാളത്തിൽ ഇറങ്ങുന്ന ദിലീപ് ചിത്രങ്ങൾ വേണ്ട രീതിയിൽ വിജയിക്കുന്നില്ലെന്ന് എടുത്ത് പറയേണ്ടി വരും. ഒരു സമയത്ത് കുടുംബ പ്രേക്ഷകരെയും കുട്ടികളെയും തീയേറ്ററുകളിലേയ്ക്ക് ആകർഷിക്കാൻ ദിലീപ് ചിത്രങ്ങൾക്ക് കഴിഞ്ഞിരുന്നു എന്നതായിരുന്നു സത്യം. എന്നാൽ ആ തൽസ്ഥിതി വീണ്ടെടുക്കാൻ ഇപ്പോൾ ദിലീപിന് പറ്റാതെ ആയിരിക്കുന്നു.

ഫാമിലി ഓഡിയൻസ് ആയിരുന്നു ദിലീപ് സിനിമകളുടെ സ്ഥിരം കാഴ്ചക്കാർ. ആ ഒരു വിഭാഗം അകന്ന് പോയി എന്നുള്ളതും ഒരു കാരണമാണ്. ദിലീപ് സിനിമകളിൽ പലതും ഒടിടിയിൽ പോലും വിറ്റ് പോയിട്ടില്ലെന്ന് അറിയുമ്പോളാണ് അദ്ദേഹത്തിന്റെ മാർക്കറ്റ് വാല്യൂ എത്ര കുറഞ്ഞിട്ടുണ്ടെന്ന് മനസിലാവുന്നത്. തൻ്റേതായ ഒരു ചിത്രമെങ്കിലും വിജയിച്ചു കാണാൻ ഇന്ന് മറ്റാരെക്കാളും കൂടുതൽ ആഗ്രഹിക്കുന്നതും ദിലീപ് തന്നെയായിരിക്കും.
നടിയുടെ കേസ് ദിലീപിൻ്റെ പേരുമായി പരാമർശിക്കപ്പെട്ടതിന് ശേഷം മലയാളത്തിൽ ഇറങ്ങിയ സിനിമകളിൽ 2017 ൽ ഇറങ്ങിയ രാമലീല മാത്രമാണ് അല്പമെങ്കിലും വിജയിച്ചു കണ്ടത്. അതിന് ശേഷം ഒരു ക്ലീൻ ഹിറ്റോ ബ്ലോക്ക്ബ്ലസ്റ്റററോ നേടാൻ ദിലീപ് സിനിമകൾക്ക് ആയിട്ടില്ല. അവസാനം ഇറങ്ങിയ പവി കെയർ ടേക്കറും പ്രതീക്ഷിച്ച വിജയം നേടാനാവാതെ പോയതോട് കൂടി സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് ദിലീപ് മുന്നോട്ട് പോകുന്നത് എന്ന് ചുരുക്കം. ഇപ്പോൾ കേൾക്കുന്നത് ദിലീപ് നായകനായി ഒരു പുതിയ സിനിമ വരുന്നു എന്നാണ്. ‘ഭ ഭ ബ’, അല്ലെങ്കിൽ ഭയ ഭക്തി ബഹുമാനം എന്നാണ് ഷൂട്ടിംഗ് തുടങ്ങിയ ഈ സിനിമയുടെ മുഴുവൻ പേര്.
നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ദിലീപിനൊപ്പം പ്രധാന വേഷത്തിലുണ്ട്. നൂറിൻ ഷെരീഫും ഫഹീമും ചേർന്നാണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. ദിലീപ്, ധ്യാൻ, വിനീത് എന്നിവർക്കൊപ്പം സാൻഡി മാസ്റ്റർ, ശരണ്യ പൊൻവണ്ണൻ, സിദ്ധാർഥ് ഭരതൻ, ബാലു വർഗ്ഗീസ്, റെഡിൻ, അശോകൻ, ബൈജു സന്തോഷ്, മണിയൻ പിള്ള രാജു എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഗോകുലം ഗോപാലനാണ് നിർമ്മാണം.
2017 ൽ ഇറങ്ങിയ രാമലീല ദിലീപ് ജയിലിൽ ആയിരിക്കുമ്പോഴാണ് റിലീസ് ആയത്. ഇത് ഒരു പൊളിറ്റിക്കൽ സിനിമയായിരുന്നു. ദിലീപ് ജയിലിൽ ആയതുകൊണ്ട് തന്നെ ഈ സിനിമ റിലീസ് ചെയ്താൽ വിജയമാകുമോ എന്ന് ആദ്യം ഇതിൻ്റെ അണിയറ പ്രവർത്തകർ സംശയിച്ചിരുന്നു. എന്നാൽ റിലീസ് ആയപ്പോൾ ഒന്നാം ദിവസം മുതൽ തന്നെ സിനിമ തീയേറ്ററുകളിൽ വൻ വിജയക്കുതിപ്പ് നടത്തുന്നതാണ് കണ്ടത്. ശരിക്കും ഇതിലെ അണിയറ പ്രവർത്തകരുടെ ഭാഗ്യമെന്ന് വേണമെങ്കിൽ പറയാം. എന്നാൽ അതിന് ശേഷം എല്ലാ ദിലീപ് സിനിമകളും എട്ട് നിലയിൽ പൊട്ടുന്ന കാഴ്ചയാണ് പിന്നീട് കാണാൻ സാധിച്ചത്.
ഇപ്പോൾ ധൈര്യപൂർവ്വം ഒരു ദിലീപ് സിനിമയെടുക്കാൻ പ്രോഡ്യൂസർമാർ പോലും തയ്യാറാകുന്നില്ലെന്നതും എടുത്തുപറയേണ്ട കാര്യമാണ്. അതിന് ഒരു അപവാദമാകുമോ ‘ഭ ഭ ബ’ എന്നാണ് ഇനി അറിയേണ്ടത്. ഇതും പതിവ് പോലെ ഹാസ്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു സിനിമയെന്ന് വേണം കരുതാൻ. തന്റെ സേഫ് സോണായ ഫൺ ഫാമിലി എന്റർടൈനറിലേക്ക് ദിലീപ് തിരിച്ച് വരുമ്പോൾ ഇത് വരെയുള്ള പരാജയങ്ങൾക്ക് ഒരവസാനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
ഈ സിനിമ ദിലീപിൻ്റെ സിനിമയിലേയ്ക്കുള്ള വലിയൊരു തിരിച്ചു വരവിന് കാരണമാകുമെന്നും കരുതുന്നവരും ഏറെയാണ്. ഇപ്പോൾ താരങ്ങളുടെ സംഘടയായ അമ്മയിൽ പോലും സജീവമല്ലാതായിരിക്കുന്ന അവസ്ഥയിലാണ് നടൻ ദിലീപ്. അതിന് ഒരു മാറ്റം ഉണ്ടാക്കുമോ ഈ സിനിമ. കാത്തിരുന്ന് കാണാം.
