Criticism | മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയ ധർമജൻ ബോൾഗാട്ടി മാപ്പ് പറയണമെന്ന് കെ യു ഡബ്ല്യൂ ജെ
'രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ ധർമജൻ തന്റെ തെറ്റ് തിരിച്ചറിഞ്ഞ് പരസ്യമായി മാപ്പ് പറയണം'
തിരുവനന്തപുരം: (KVARTHA) ന്യൂസ് 18 കേരളം ചാനലിലെ മാധ്യമപ്രവർത്തക അപർണ കുറുപ്പിനോട് ധർമജൻ ബോൾഗാട്ടി നടത്തിയ അനാദരപൂർവ്വമായ പരാമർശം വലിയ വിവാദമായിരിക്കുകയാണ്. ഒരു ചാനൽ പ്രതികരണത്തിനിടയിൽ ചോദ്യം ചോദിച്ചപ്പോൾ മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയ നടനും രാഷ്ട്രീയ പ്രവർത്തകനുമായ ധർമജൻ ബോൾഗാട്ടിയുടെ നടപടിയെ കെയുഡബ്ല്യൂജെ (Kerala Union Of Working Journalists) ശക്തമായി അപലപിച്ചു.
ധർമജൻ തന്റെ തെറ്റ് തിരിച്ചറിഞ്ഞ് പരസ്യമായി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു.
അപർണ ഉന്നയിച്ച ചോദ്യങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ട്, സിദ്ദിഖിനും രഞ്ജിത്തിനും എതിരായ ലൈംഗിക അതിക്രമ പരാതി തുടങ്ങിയ സമകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. ഈ ചോദ്യങ്ങൾക്ക് ധർമജൻ നൽകിയ മറുപടി അപമാനകരമായിരുന്നുവെന്നും മാധ്യമ സ്വാതന്ത്ര്യത്തെ അപഹസിക്കുന്നതായിരുന്നുവെന്നും യൂണിയൻ ചൂണ്ടിക്കാട്ടി.