Hindi Breakthrough | ധര്‍ത്തിപുത്ര: ഹിന്ദി സിനിമയിലെ മമ്മൂട്ടിയുടെ ആ നായകവേഷം; മലയാളിക്ക് മറക്കാനാവാത്ത ഒരുകാലത്തെ അപൂര്‍വ വാര്‍ത്ത
● മമ്മൂട്ടി നായകനായി 90 കളിൽ എത്തിയ ധര്‍ത്തിപുത്ര എന്ന ഹിന്ദി സിനിമ.
● മലയാള സിനിമാ തിയേറ്ററുകളുടെ ചരിത്രത്തില്‍ ആദ്യമായിരുന്നു ഒരു ഹിന്ദി സിനിമക്ക് വമ്പൻ ഇനീഷ്യൽ കളക്ഷൻ ലഭിച്ചത്.
● ഫൂല്‍ ഔര്‍ കാണ്ടേ 91ല്‍ ഹിന്ദി സിനിമാ ബോക്സ് ഓഫീസില്‍ വലിയ വിജയം എഴുതി തീര്‍ത്ത ചിത്രമായിരുന്നു.
ഡോണൽ മൂവാറ്റുപുഴ
(KVARTHA) ഈ പറയുന്നത് 'ധര്‍ത്തിപുത്ര' എന്ന ഹിന്ദി സിനിമയിലെ മമ്മൂട്ടി യുടെ നായകവേഷത്തെക്കുറിച്ചാണ്. പഴയ കാലത്തെ ചിലരെങ്കിലും ഇന്നും ഇതോർക്കുന്നുണ്ടാകും. ഇത് അന്ന് ഒരു അപൂര്‍വ വാര്‍ത്തയായിട്ടാണ് ജനം സ്വീകരിച്ചത്. മലയാളത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തിയ മലയാള സിനിമാചരിത്രത്തിന്റെ സുവര്‍ണ ലിപികളില്‍, മറ്റൊരു നടനും തകര്‍ക്കാത്ത, ഒന്നര പതിറ്റാണ്ടിലതികം മലയാളിയെ മറ്റുള്ള ഭാഷ നടന്‍മാര്‍ക്ക് മുന്‍പിലും നെഞ്ചും വിരിച്ചു നില്‍ക്കാന്‍ പ്രാപ്തമാക്കിയ, അന്നത്തെ ആ അപൂര്‍വ വാര്‍ത്ത, എന്ന് വേണം ഇതിനെ വിശേഷിപ്പിക്കാൻ.
90 കളിലെ സിനിമാ പ്രേമികളെയും സിനിമാ നിരൂപകരെയും ഒരേ പോലെ അമ്പരിപ്പിക്കുന്ന ഒരു വാര്‍ത്തയായിരുന്നു മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി ഹിന്ദി സിനിമയിൽ നായകനായി എത്തുന്നു എന്നത്. മലയാള സിനിമയില്‍ നിന്ന് അതിന് മുന്‍പ് മധുവെന്ന അനുഗ്രഹീത കലാകാരന്‍ സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തില്‍ ഏഴു നായകന്‍മാരില്‍ ഒരാളായി അഭിനയിച്ചു എന്നതല്ലാതെ, മലയാള സിനിമയില്‍ നിന്നും ഒരു നടന്‍ ഹിന്ദി സിനിമയില്‍ തനിച്ചു നായകനായ ചരിത്രം മോളിവുഡ് ഇൻഡസ്ട്രിക്ക് അന്നോളമില്ലാത്ത ആകാംഷയുടെയും പ്രതീക്ഷയുടെയും പുത്തന്‍ ചരിത്രത്തിന്‍റെ സ്വപ്നാരംഭമായിരുന്നു.
അതായിരുന്നു മമ്മൂട്ടി നായകനായി 90 കളിൽ എത്തിയ ധര്‍ത്തിപുത്ര എന്ന ഹിന്ദി സിനിമ. കേരളത്തിലെ അന്നത്തെ സകല മാധ്യമങ്ങളും ഒരു അത്ഭുത വാര്‍ത്ത പോലെ ഏറ്റവും വലിയ പ്രാധാന്യത്തോടെ തന്നെയാണ് കൊണ്ടാടിയത്. ദേശീയ തലത്തിൽ നോക്കിയാൽ, ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഇൻഡ്യ ടുഡെ കോളങ്ങളാണ് ഈ അപൂര്‍വ വാര്‍ത്തകക്ക് വേണ്ടി അന്ന് മാറ്റി വെച്ചത്. മലയാള സിനിമാ തിയേറ്ററുകളുടെ ചരിത്രത്തില്‍ ആദ്യമായിരുന്നു ഒരു ഹിന്ദി സിനിമക്ക് വമ്പൻ ഇനീഷ്യൽ കളക്ഷൻ ലഭിച്ചത്.
അന്നത്തെ കാലത്ത് കോഴിക്കോട് ഭാഗത്തെ ഒരു തിയേറ്ററിൽ റിലീസ് ദിവസം ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ പോലീസ് ആകാശത്തേക്ക് നിറയൊഴിച്ചതും, എറണാകുളത്ത് വൻ ജനാവലിയില്‍ തിയേറ്ററിന്റെ ചില്ലുകള്‍ പൊട്ടി തകര്‍ന്നതും കൗതുകകരമായ സിനിമാ വാർത്തകൾ ആയിരുന്നു മലയാളിക്ക്. ഫൂല്‍ ഔര്‍ കാണ്ടേ 91ല്‍ ഹിന്ദി സിനിമാ ബോക്സ് ഓഫീസില്‍ വലിയ വിജയം എഴുതി തീര്‍ത്ത ചിത്രമായിരുന്നു. ഹിന്ദി സിനിമയിലെ പ്രസിദ്ധനായ സംഘട്ടന സംവിധായകന്‍ വീരു ദേവ്ഗണ്‍ന്‍റെ മകന്‍ അജയ് ദേവ്ഗണ്‍ എന്ന പുതുമുഖംl നായകനായും, ഇഖ്‌ബാല്‍ ദുരാനി എന്ന പുതുമുഖ കഥാകാരനും അരങ്ങേറി തരംഗം തീര്‍ത്ത ആ ചിത്രത്തിന്റെ വിജയം ഇക്ബാല്‍ ദുരാനി എന്ന പുതുമുഖത്തെ വിലപിടിപ്പുള്ള ആളാക്കി മാറ്റി.
തുടര്‍ന്ന് രണ്ടു മൂന്നു സിനിമകള്‍ക്ക് ശേഷമാണ്, അന്ന് വരെയുള്ള മുൻകാല ചരിത്രത്തിൽ ഒരു മലയാള നടനും സ്വപ്നം പോലും കാണാന്‍ കഴിയാത്ത, അല്ലെങ്കിൽ എത്തി പിടിക്കാന്‍ കഴിയാത്ത ഓഫറുമായി 93 ല്‍ മെഗാസ്റ്റാറിനെ തേടി ഇക്ബാല്‍ വരുന്നത്. അതിന് വലിയ കാരണവുമുണ്ട്. മലയാളത്തിൽ നിന്ന് ആദ്യമായാണ് ഒരു നടൻ, ന്യൂഡൽഹിയുടെയും, സാമ്രാജ്യത്തിന്റെയുമൊക്കെ തരംഗ വിജയവുമായി സൗത്ത് ഇന്ത്യൻ സൂപ്പർസ്റ്റാർ എന്ന്, അന്ന് അറിയപ്പെടുന്നത്. അങ്ങനെ മെഗാസ്റ്റാർ മമ്മൂട്ടി എന്ന പേര് വലിയ പ്രസിദ്ധി നേടി നിക്കുന്ന കാലമായിരുന്നു അത്.
അന്നത്തെ ഹിറ്റ് മ്യൂസിക് ഡിറക്ടര്‍ നദീംശ്രാവണിന്‍റെ മാസ്മരിക സംഗീതത്തില്‍ അലയടിച്ച ധര്‍ത്തിപുത്രയിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുടെ കാസറ്റുകള്‍ കേരളത്തില്‍ ചൂടപ്പം പോലെ വിറ്റ് പോയതും വലിയ വാര്‍ത്തയായിരുന്നു. ഹിന്ദി സിനിമയിലെ റൊമാന്റിക്ക് ഹീറോ എന്നറിയപ്പെട്ടിരുന്ന ഋഷി കപൂറിന്റെ അഥിതി വേഷവും, ജയപ്രധ എന്ന അഭിനേത്രിയുടെ സാന്നിധ്യവും, ഡാനിയുടെ വില്ലന്‍ വേഷവും ധര്‍ത്തിപുത്രക്ക് മാറ്റ് കൂട്ടുന്നതായിരുന്നു. കുമാര്‍ കുടുംബവും കപൂര്‍ കുടുംബവും തുടങ്ങി ബച്ചനും ചക്രവര്‍ത്തിയുമടക്കം അടക്കി വാഴുന്ന ഹിന്ദി സിനിമയെന്ന സ്വപ്ന ലോകത്ത് ഒരു മലയാളി നായകനായി അവതരിക്കുക എന്നത് 90കളിലെ സിനിമാ പ്രേമികളെയും സിനിമാ നിരൂപകരെയും ഒരേ പോലെ അമ്പരിപ്പിക്കുന്ന ഒരു വാര്‍ത്തയായിരുന്നു.
ഇപ്പോൾ ഇത് കേൾക്കുമ്പോഴും പലരും അമ്പരപ്പെട്ടേക്കാം. അതാണ് മലയാളികളുടെ മെഗാസ്റ്റാർ മമ്മൂക്കായെന്ന മമ്മൂട്ടിയുടെ വിജയം. ഈ 73 വയസിലും മറ്റൊരാൾക്കും കടത്തിവെട്ടാനാകാത്ത വിധത്തിലും മലയാളത്തിൻ്റെ വല്യേട്ടൻ വിജയക്കുതിപ്പ് തുടർന്നുകൊണ്ടിരിക്കുന്നു. ദേശീയ തലത്തിൽ പോലും മലയാളത്തിനെയും മലയാള സിനിമയെയും പരിചയപ്പെടുത്തി കൊടുക്കാൻ കഴിഞ്ഞ ഒരു നടനേയുള്ളു മലയാളത്തിൽ, അതാണ് ഇന്ന് മലയാള സിനിമയുടെ വല്യേട്ടനായി നിലകൊള്ളുന്ന മമ്മൂട്ടി. കാലം എത്ര ആയാലും മമ്മൂട്ടി എന്ന മെഗാസ്റ്റാറിനെ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മറക്കില്ല മമ്മൂട്ടി ഹിന്ദി സിനിമയിൽ നായകനായി നിറഞ്ഞാടിയ 'ധര്‍ത്തിപുത്ര എന്ന ഈ ഹിന്ദി സിനിമയെയും. വർഷങ്ങൾ ഇത്ര കഴിഞ്ഞെങ്കിലും മമ്മൂട്ടി എന്ന പേരിന് ഒപ്പം എന്നും ഈ ചിത്രവും എഴുതി ചേർക്കപ്പെട്ടിരിക്കും.
#Mammootty, #Dharathiputhra, #HindiCinema, #MalayalamActor, #Bollywood, #MammoottyInBollywood