Explanation | പൊൻമാൻ സിനിമയിൽ സൂചിപ്പിക്കുന്ന മടിയിൽ ജ്വല്ലറി അഥവാ നടക്കും ജ്വല്ലറി എന്താണ്? ചരിത്രം അറിയാം


● പൊൻമാൻ സിനിമയിലെ മടിയിൽ ജ്വല്ലറി ചർച്ചയാകുന്നു.
● കൊല്ലത്തിന്റെ തനത് രീതിയാണ് മടിയിൽ ജ്വല്ലറി.
● സ്വർണം വാങ്ങാൻ കഴിവില്ലാത്തവർക്ക് ഇതൊരു സഹായമായിരുന്നു.
ഹന്നാ എൽദോ
(KVARTHA) ബേസിൽ ജോസഫ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൊൻമാൻ എന്ന സിനിമ റിലീസ് ആയിട്ട് അധികം ദിവസമായില്ല. കൊല്ലവുമായി ബന്ധപ്പെട്ടുള്ള ഒരു ജ്വല്ലറിയെ പറ്റിയെയാണ് പ്രധാനമായും ഈ സിനിമ പറഞ്ഞുവെയ്ക്കുന്നത്. ഈ സിനിമ അതുകൊണ്ട് തന്നെ വളരെ ചർച്ചയാകുകയും ചെയ്തു. ഈ സിനിമയിൽ പ്രധാനമായും പ്രതിപാദിപ്പിക്കപ്പെട്ട ഒരുകാര്യമായിരുന്നു കൊല്ലം ജില്ലയിലെ മടിയിൽ ജ്വല്ലറി അഥവാ നടക്കും ജ്വല്ലറി എന്നത്. ഇത് എന്താണ്?
കൊല്ലക്കാർ ഒഴിച്ച് മറ്റ് പലർക്കും ഇതിനെക്കുറിച്ച് വലിയ ധാരണ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് എല്ലാവരുടെയും അറിവിലേയ്ക്ക് കൊല്ലം ജില്ലയിലെ മടിയിൽ ജ്വല്ലറി അഥവാ നടക്കും ജ്വല്ലറി എന്താണെന്ന് നോക്കാം. അതിനൊരു ചരിത്രമുണ്ട്. അതാണ് ഇവിടെ വിശദീകരിക്കുന്നത്. കൊല്ലം തീരദേശത്ത് ഇപ്പോഴും നിലനിൽക്കു ന്ന ഒരാചാരമാണ് പരിക്ക. ഒരു കുടുംബത്തിൽ നടക്കുന്ന ഒരു വിവാഹത്തിന്റെ ചെലവിന്റെ ഒരു പങ്ക് കുടുംബക്കാരും, നാട്ടുകാരും, കൂട്ടുകാരും, കൂടി നൽകുന്ന ഏർപ്പാട്. വേണമെങ്കിൽ ഒരു പരസ്പര സഹായനിധി എന്ന് ഇതിനെ വിളിക്കാം.
മൃഷ്‌ടാന്ന ഭോജനം നൽകുന്ന പരിക്ക നാളിൽ, ആയിരമോ രണ്ടായിരമോ രൂപയുടെ കവർ വാങ്ങുന്നവർ, തിരികെ രണ്ടായിരമോ മൂവായിരമോ ആയി തന്നയാളുടെ വീട്ടിൽ എന്നെങ്കിലും നടക്കുന്ന പരിക്കക്ക് തിരികെ കൊടുക്കണം. പൊലിവ് എന്നും ഇതിനെ പണ്ട് കാലത്ത് വിളിച്ചിരുന്നു. എന്ത് പ്രശ്നമുണ്ടായാലും കൊല്ലംകാർ അങ്ങോട്ടും ഇങ്ങോട്ടും പാലിച്ചു വരുന്ന ഒരു രീതിയാണിത്. അതേപോലെ മറ്റൊന്നാണ് മടിയിൽ ജുവലറി അഥവാ 'നടക്കുന്ന ജ്വല്ലറി'. കല്യാണത്തിന് വേണ്ടുന്ന പൊന്ന് ഇവർ 'ഫ്രീയായി' നൽകും, കിട്ടുന്ന സംഭാവനയിൽ നിന്നും ഈ സ്വർണത്തിന്റെ വില തിരികെ കൊടുത്താൽ മതി.
'ടാക്സും കോപ്പുമൊന്നുമില്ലാത്ത' ഇല്ലീഗൽ ബിസിനസാണ് 'മടിയിൽ ജ്വല്ലറി'. കല്യാണത്തിന് സ്വർണം ആവശ്യമുള്ള കുടുംബങ്ങളിൽ ഈ ജ്വലറിയുടെ ഏജൻ്റ് അതെത്തിക്കും. കുടുംബവുമായി കരാർ ഒപ്പിടും. തലേ ദിവസത്തെ പിരിവിൽ കിട്ടുന്ന തുകയ്ക്കുള്ള സ്വർണം കുടുംബത്തിനെടുക്കാം. തുക തികഞ്ഞില്ലെങ്കിൽ ബാക്കി സ്വർണം എജൻ്റ് കൊണ്ടു പോകും. ഇതായിരുന്നു കരാർ. ഡീസന്റ് ആയി ചില പ്രസിദ്ധ സ്വർണ്ണക്കടക്കാർ ഇത് ഇന്നും കൊല്ലത്ത് ചെയ്തു വരുന്നു. വാസ്തവത്തിൽ മടിയിൽ ജുവലറി സിനിമയിൽ പറയും പോലെ മുൻകൂട്ടി പണം നൽകി സ്വർണ്ണം വാങ്ങിക്കാൻ നിവൃത്തിയില്ലാത്ത കുടുംബങ്ങൾക്ക് ആശ്വാസമായിരുന്നു. മടിയിൽ ജ്വല്ലറി അഥവാ നടക്കും ജ്വല്ലറി എന്നാൽ സംഭവം ഇതാണ്. പലർക്കും ഇത് ഒരു പുതിയ അറിവാകും.
പൊൻമാൻ എന്ന സിനിമ കണ്ടവർ പോലും ഈ വിഷയത്തിന് ഇത്രയും പ്രാധാന്യമുണ്ടെന്ന് ഒരിക്കലും കരുതിയിട്ടുണ്ടാകില്ല. ഇതുപോലെ നമ്മുടെ കൊച്ചു കേരളത്തിൽ വളരെ കൗതുകകരമായ പല പരിപാടികളും നാടിൻ്റെ പല കോണുകളിലും നടക്കുന്നുണ്ട്. അതുപോലെയുള്ള കാര്യങ്ങൾ സിനിമയിലൂടെയോ മറ്റോ പുറത്തുവരുമ്പോഴാണ് കൂടുതൽ ആളുകൾ അറിയുന്നത്. അതുപോലെ കൊല്ലം ജില്ലയിലെ മടിയിൽ ജ്വല്ലറി അഥവാ നടക്കും ജ്വല്ലറി കൂടുതൽ പേർക്ക് അറിയാനും ചർച്ചയ്ക്ക് ഇട നൽകാനും പൊൻമാ എന്ന സിനിമ ഇറങ്ങേണ്ടി വന്നു.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച പൊൻമാൻ എന്ന ചിത്രം, ജി ആർ ഇന്ദുഗോപൻ്റെ'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുമല്ലോ. ഈ വിവരം മറ്റുള്ളവർക്കും ഉപകാരപ്രദമാകാൻ ഷെയർ ചെയ്യുക.
Pon Man movie brought attention to the unique tradition of 'Madiyil Jewellery' in Kollam. This article explores this tradition and its connection to the 'Parikka' custom, highlighting its significance for families unable to afford gold purchases.
#PonMan #MadiyilJewellery #Kollam #Tradition #Kerala #Cinema