Movie Review | ദാവീദ്: ഒരു മികച്ച ആക്ഷൻ സ്പോർട്സ് സിനിമ; വിജയരാഘവനും പെപ്പെയും തകർത്തു

 
Daveed movie poster, Antony Varghese and Vijay Raghavan starring in an action sports drama.
Daveed movie poster, Antony Varghese and Vijay Raghavan starring in an action sports drama.

Photo Credit: Facebook/ Taran Adarsh

● ആന്റണി വർഗീസിന്റെ കരിയറിലെ മികച്ച പ്രകടനം.
● ബോക്സിംഗ് പശ്ചാത്തലത്തിലുള്ള  ആക്ഷൻ രംഗങ്ങൾ.
● കുടുംബബന്ധങ്ങളുടെ കഥ പറയുന്നു.
● പുതുമുഖ സംവിധായകന്റെ മികച്ച  സംവിധാനം.

ഹന്നാ എൽദോ

(KVARTHA) ആന്റണി വർഗീസ് എന്ന പെപ്പെയെ നായകനാക്കി നവാഗതനായ ഗോവിന്ദ് വിഷ്ണു ഒരുക്കിയ ആക്ഷൻ സ്പോർട്സ് ഡ്രാമ എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം 'ദാവീദ്' തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. ഗോവിന്ദ് വിഷ്ണു എന്ന ഈ സംവിധായകൻ ഒരു മികച്ച സ്പോർട്സ് മാസ് എന്റർടെയ്ൻമെന്റ് ചിത്രം ഒരുക്കി തന്നെയാണ് മലയാള സിനിമാ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ആന്റണി വർഗീസ് എന്ന എന്ന നടന്റെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. ഒരിക്കൽ കൂടി പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്ന രീതിയിൽ തന്നെ തന്റെ കഥാപാത്രത്തെ ആന്റണി വർഗീസ് അവതരിപ്പിച്ചിട്ടുണ്ട്.

ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ദാവീദിലേത്. ആഷിക് അബു എന്ന കഥാപാത്രമായി അദ്ദേഹം ജീവിക്കുകയായിരുന്നു. ശരീരഭാഷയിലും മാനറിസങ്ങളിലും അദ്ദേഹം വരുത്തിയ മാറ്റങ്ങൾ പ്രശംസനീയമാണ്. ആക്ഷൻ രംഗങ്ങളിൽ അദ്ദേഹം പുലർത്തിയ മികവും എടുത്തു പറയണം. സൈജു കുറുപ്പ് തന്റെ കോമെഡിയിലൂടെ കയ്യടി നേടിയപ്പോൾ മോ ഇസ്‍മാഈലും വിജയ രാഘവനും ലിജോമോൾ ജോസും തങ്ങളുടെ വേഷങ്ങളോട് പൂർണ്ണമായും നീതി പുലർത്തിയിട്ടുണ്ട് എന്നത് ചിത്രത്തിന്റെ നിലവാരം ഉയർത്തിയിട്ടുണ്ട്. 

പെപ്പേയുടെ ട്രാൻസ്ഫോമേഷ്നും ലിജോ മോളുടെ സ്വാഭാവിക അഭിനയവും ആശാനായുള്ള വിജയരാഘവന്റെ (പൂളാടിക്കുന്ന് രാഘവൻ) ഇൻഡ്രോ സീൻസിൽ മികച്ച്‌ നിന്നു. ആക്ഷൻ സിനിമകളിലെ നായകൻ എന്ന രീതിയിലാണ് പലപ്പോഴും മലയാളി പ്രേക്ഷകർ പെപ്പെയെ നോക്കി കാണുന്നത്. പക്ഷേ ഇത് പെപ്പെയുടെ പതിവുരീതിയിലുള്ള 'അടിയ്ക്ക്-അടി, ഇടിയ്ക്ക്-ഇടി' ടൈപ്പ് ചിത്രമല്ല. കുടുംബനാഥനായ ഒരു പെപ്പെയെ ദാവീദിൽ കാണാം.  മനോഹരമായൊരു അച്ഛൻ- മകൾ ബന്ധവും ദാവീദിനു സൗന്ദര്യം പകരുന്നു. കഥയുള്ള, ഇമോഷൻസുള്ള, ക്വിന്റൽ ഭാരമുള്ള ഈ ഇടിപ്പടം നൂറുശതമാനവും തിയേറ്റർ ആമ്പിയൻസ് ആവശ്യപ്പെടുന്ന ചിത്രമാണ്. 

ബോക്സിങ് ഇന്ത്യയിൽ വലിയ ഓളം സൃഷ്ടിക്കാതിരുന്ന കാലത്ത് തന്റെ പ്രയത്നം കൊണ്ട് ഒരു നാട് മുഴുവൻ  ബോക്സിങ്ങിന്റെ പേരിൽ അറിയപ്പെടാൻ കാരണകാരനായ പുത്തലത്ത് രാഘവൻ എന്നയാളുടെ  കഥയാണ് ദാവീദ് സിനിമയുടെ ഇതിവൃത്തം. ഇതിൽ രാഘവൻ എന്നയാളുടെ കഥാപാത്രത്തെ  വിജയ രാഘവൻ ആണ് ചെയ്തിട്ടുള്ളത്. ഫലസ്തീനിലെ ദാവീദ്-ഗോലിയാത്ത് കഥ പറഞ്ഞുകൊണ്ടാണ് 'ദാവീദ്' എന്ന സിനിമയുടെ തുടക്കം. ആന്റണി വർഗീസ് അവതരിപ്പിക്കുന്ന ആഷിക് അബു എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഒരുകാലത്ത് ബെറ്റ് വെച്ച് റിങ് ഫൈറ്റിനു നിന്നിരുന്ന ആഷിക് പിന്നീട് അത് ഉപേക്ഷിക്കുകയും തന്റെ ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തിലേക്ക് ചുരുങ്ങുകയും ചെയ്യുന്നു. 

പ്രത്യേകിച്ചും സ്ഥിര ജോലിക്ക് ഒന്നും പോകാതെ, ഇടക്കു മാത്രം സെലിബ്രിറ്റി ബൗൺസർ ആയി ജോലി നോക്കിയാണ് ആഷിക് പണം കണ്ടെത്തുന്നത്. അതിനിടയിൽ ലോക പ്രശസ്ത ബോക്സർമാരിൽ ഒരാൾ കേരളത്തിലെത്തുമ്പോൾ ബൗൺസർ ആയി പോകുന്ന ആഷിക്കിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിതമായ സംഭവങ്ങളും ശേഷം ആഷിക് തിരിച്ച് ബോക്സിങ് റിങ്ങിലേക്കു വരുന്നതുമാണ് ചിത്രത്തിന്റെ കഥ. ശാരീരികമായും മാനസികമായുമൊക്കെ അബു എന്ന കഥാപാത്രമായി മാറാൻ പെപ്പെ നല്ല രീതിയിൽ പണിയെടുത്തിട്ടുണ്ട് എന്നതിന് ഈ ചിത്രം തന്നെ സാക്ഷ്യം പറയും. 

പടത്തിലെ പെപ്പെയുടെ രണ്ടു ഗെറ്റപ്പുകളും അതിനായി നടത്തിയ മേക്ക് ഓവറുമെല്ലാം കയ്യടി അർഹിക്കുന്നു. ഈജിപ്ഷ്യൻ- അമേരിക്കൻ നടനായ മോ ഇസ്മാഈലിന്റെ സ്ക്രീൻ പ്രസൻസും എടുത്തുപറയണം. നല്ലൊരു എതിരാളിയുണ്ടെങ്കിലെ ഏതു നായകനും കൂടുതൽ കരുത്തനാവൂ. റിംഗിൽ കരുത്തുറ്റ  എതിരാളിയായി സൈനുൽ അക്മദോവ് നിറഞ്ഞു നിൽക്കുമ്പോഴാണ് അബുവിന്റെ ഇടികൾക്കും കിന്റൽ ഭാരം കാഴ്ചക്കാർക്കു ഫീൽ ചെയ്യുന്നത്. ലിജോമോള്‍ ജോസിന്റെ കഥാപാത്രവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. അബുവിന്റെ ബലവും കരുത്തും ഷെറിനാണ്, പണിയെടുത്തു ജീവിക്കാനുള്ള  മനസ്സുള്ളിടത്തോളം കാലം ആരുടെ മുന്നിലും തലകുനിക്കേണ്ടതില്ലെന്നു വിശ്വസിക്കുന്ന പവർഫുളായ കഥാപാത്രമാണ് ഷെറിന്റേത്. 

2025 ലിജോ മോൾക്ക് മികച്ച തുടക്കമാണ് മലയാളത്തിൽ സമ്മാനിച്ചിരിക്കുന്നത്. വിജയരാഘവന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ജെസ് കുക്കു, കിച്ചു ടെല്ലസ്, വിനീത് തട്ടില്‍, അച്ചു ബേബി ജോണ്‍ തുടങ്ങിയവരും കഥയുടെ  വൈകാരികതയും പിരിമുറുക്കവുമൊക്കെ ഏറ്റവും കയ്യടക്കത്തോടെ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. പെപ്പെയുടെ മകളായി എത്തിയ കുട്ടികുറുമ്പി ജെസ് സ്വീജനും ഇഷ്ടം കവരും. ദീപു രാജീവൻ, ഗോവിന്ദ് വിഷ്ണു എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സെഞ്ച്വറി മാക്സ്, ജോൺ ആൻഡ് മേരി ക്രിയേഷൻസ്, പനോരമ സ്റ്റുഡിയോസ്, എബി അലക്സ് എബ്രഹാം, ടോം ജോസഫ് എന്നിവർ ചേർന്നാണ്. 

സാലു കെ തോമസിന്റെ മികച്ച ഫ്രെയിമുകളും ക്യാമറാ മൂവ്മെന്റ്സും ഇംപ്രസീവാണ്.  ബോക്സിംഗ് സ്വീകൻസുകളിൽ രാകേഷ് ചെറുമടത്തിന്റെ എഡിറ്റിംഗും ഫാസ്റ്റ് കട്ടുകളും കയ്യടി അർഹിക്കുന്നുണ്ട്. ശരിക്കും ഒരു ബോക്സിംഗ് മത്സരം കാണുന്ന ഫീലാണ് ക്ലൈമാക്സ് രംഗങ്ങൾ സമ്മാനിക്കുന്നത്. ജസ്റ്റിൻ വർഗീസിന്റെ പാട്ടുകളും ചിത്രവുമായി സിങ്ക് ആവുന്നുണ്ട്. രംഗനാഥ് രവിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ. പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്ന സംഭാഷണങ്ങളും അതോടൊപ്പം കിടിലൻ ആക്ഷൻ രംഗങ്ങളും ഈ ചിത്രത്തിന് മുതൽക്കൂട്ടാണ്. 

മലയാളസിനിമയിൽ ബോക്സിംഗ് ചിത്രങ്ങൾ പൊതുവെ വിരളമാണ്. ദാവീദിലൂടെ മലയാളികൾക്ക് ലക്ഷണമൊത്തൊരു ബോക്സിംഗ് ചിത്രം ലഭിച്ചിരിക്കുകയാണ്. ചുരുക്കി പറഞ്ഞാൽ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന സിനിമാനുഭവം സമ്മാനിക്കാൻ  ഈ ചിത്രത്തിനു സാധിക്കും. വളരെ ആവേശകരമായ ഒരു മാസ് സ്പോർട്സ് ആക്ഷൻ ഡ്രാമയാണ് ദാവീദ്. പ്രേക്ഷകരെ നിരാശരാക്കാത്ത ഒരു മാസ് എന്റെർറ്റൈനെർ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ചിത്രം കൂടിയാണിത്. തീയേറ്ററിൽ തന്നെ പോയി ഈ സിനിമ കാണാൻ ശ്രദ്ധിക്കുക. ധൈര്യമായി ഈ സിനിമയ്ക്ക് ടിക്കറ്റ് എടുക്കാം.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

David is an exciting action sports drama starring Antony Varghese and Vijay Raghavan. The film impresses with its performances, boxing sequences, and emotional depth.

#DavidMovie, #AntonyVarghese, #VijayRaghavan, #BoxingMovie, #ActionDrama, #MalayalamCinema

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia