'ടിവി ഷോയില്‍ വന്നിരുന്ന് അനാവശ്യമായി ഇന്‍ഗ്ലിഷ് കാച്ചുന്ന നടിയെന്ന് വിമര്‍ശനം'; വിമര്‍ശകന് കിടിലന്‍ മറുപടിയുമായി ശ്വേത മേനോന്‍

 




കൊച്ചി: (www.kvartha.com 07.06.2021) ഡെല്‍ഹിയിലെ ജി ബി പന്ത് ആശുപത്രിയില്‍ നഴ്‌സുമാരെ മലയാളം സംസാരിക്കുന്നതില്‍ നിന്നും വിലക്കിയ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടി ശ്വേത മേനോന്‍ രംഗത്തുവന്നിരുന്നു. വിവാദ സര്‍കുലര്‍ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് നടി വ്യക്തമാക്കിയത്. ഇതിനെതിരെ ദേശീയതലത്തില്‍ തന്നെ പ്രതിഷേധമുണ്ടായതോടെ സര്‍കുലര്‍ റദ്ദാക്കുകയും ചെയ്തു. സര്‍കുലര്‍ പിന്‍വലിച്ചതില്‍ സന്തോഷമറിയിച്ച് നടി ശ്വേത മേനോന്‍ കഴിഞ്ഞ ദിവസം പോസ്റ്റിട്ടിരുന്നു.

ഇതിന് താഴെ വിമര്‍ശനവുമായി എത്തിയാള്‍ക്ക് താരം നല്‍കിയ കിടിലന്‍ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഈ വിഷയത്തില്‍ വിവാദം ഉണ്ടാക്കുന്നത് പൊട്ടക്കിണറ്റിലെ തവളകളാണെന്നായിരുന്നു ശ്വേത മേനോനെതിരെ ഉയര്‍ന്ന വിമര്‍ശനം. മലയാളം ടിവി ഷോയില്‍ വന്നിരുന്ന് അനാവശ്യമായി ഇന്‍ഗ്ലിഷ് പറയുന്ന ആളാണ് ശ്വേതയെന്നും വിമര്‍ശകന്‍ പറയുന്നു.

ഇതിന് മറുപടിയായി താരം പറഞ്ഞത് ഇങ്ങനെയാണ്, ജനിച്ചതും വളര്‍ന്നതും കേരളത്തിന്റെ വെളിയിലാണെങ്കിലും കേരളത്തോടുള്ള ഇഷ്ടം കാരണം മലയാളം സ്വന്തമായി പഠിച്ചെടുത്തതാണെന്നായിരുന്നു മറുപടിയായി ശ്വേത പറഞ്ഞത്. മലയാളി എന്ന നിലയില്‍ അഭിമാനിക്കുന്ന ആളാണ് താനെന്നും നടി വ്യക്തമാക്കി. 

'ടിവി ഷോയില്‍ വന്നിരുന്ന് അനാവശ്യമായി ഇന്‍ഗ്ലിഷ് കാച്ചുന്ന നടിയെന്ന് വിമര്‍ശനം'; വിമര്‍ശകന് കിടിലന്‍ മറുപടിയുമായി ശ്വേത മേനോന്‍


ശ്വേത മേനോന്റെ ഫേസ്ബുക് മറുപടി ഇങ്ങനെ:

എന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വാര്‍ത്തയിലാണ് ഈ കമന്റ് കാണുന്നത്. ഈ കമന്റിന് എനിക്ക് നേരിട്ട് മറുപടി പറയണമെന്ന് തോന്നി. 'മലയാളം ടിവി ഷോയില്‍ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലിഷ് കാച്ചുന്ന നിങ്ങള്‍ തന്നെ തള്ളണം ഇതുപോലെ.' ഇതായിരുന്നു ആ വിമര്‍ശനത്തിലെ ആദ്യ വാക്കുകള്‍. 

കണ്ണാ, ഞാന്‍ ജനിച്ചതും വളര്‍ന്നതും കേരളത്തിന്റെ വെളിയിലായിരുന്നുവെങ്കിലും കേരളത്തോടുള്ള ഇഷ്ടം കാരണം മലയാളം പഠിച്ചെടുത്തതാണ്, അതുകൊണ്ട് തന്നെ സംസാരിക്കുമ്പോള്‍ ഹിന്ദിയും ഇന്‍ഗ്ലിഷും ഇടയ്ക്ക് ഓടോമാറ്റിക്ക് ആയി വരും, മലയാളി എന്ന നിലയില്‍ അഭിമാനിക്കുന്ന ആളാണ് ഞാന്‍. മാത്രമല്ല കേരളവുമായി ബന്ധപ്പെട്ടുകിടക്കുന്ന പൊക്കിള്‍ക്കൊടി ബന്ധം എപ്പോഴും കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കാറുണ്ട്.

വേറൊരു വിമര്‍ശനം ഇങ്ങനെ: 'മലപ്പുറം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ എഴുത്തച്ഛന്‍ പ്രതിമ ചിലരെ പേടിച്ച് ഇതുവരെ സ്ഥാപിക്കാന്‍ കഴിയാത്തവര്‍ ഇന്ന് സേവ് മലയാളം എന്ന് പറഞ്ഞ് ഇറങ്ങിയിട്ടുണ്ട് എന്നതാണ് ഇതിലെ കാപട്യം'

ഞാനും മലപ്പുറംകാരിയാണ്, എനിക്ക് അറിയില്ല നിങ്ങള്‍ ഈ വിവരം എവിടെ നിന്നു ലഭിച്ചു എന്നത്. അവിടെ അദ്ദേഹത്തിനായി ഒരു മ്യൂസിയം തന്നെ ഉണ്ട്. അതിന്റെ വിവരങ്ങള്‍ താഴെ...

THUNCHAN PARAMBU (THUNCHAN MEMORIAL RESEARCH CENTER)
Tirur Thuchan Parambu Rd, Tirur, Kerala 676101

അടുത്തത്, 'രോഗികള്‍ക്കും കൂട്ടിരുപ്പുക്കാര്‍ക്കും മുന്‍പില്‍ മലയാളത്തില്‍ സംസാരിക്കുന്നതാണ് പ്രശ്‌നം. എന്തിനും മണ്ണിന്റെ മക്കള്‍ വാദവും ഇരവാദവും മുഴക്കുന്നത് മല്ലൂസിന്റെ സ്ഥിരം പരിപാടിയാണ്.' നിങ്ങള്‍ ഒരു കാരണം മനസിലാക്കണം, മറ്റുള്ളവരോട് സഹനശീലമുണ്ടാകുക എന്നത് തനിയെ പഠിക്കേണ്ട ഒന്നാണ്. Just because there's a bigger majority around us who 'may' feel offended, അങ്ങോടും ഇങ്ങോടും മലയാളം സംസാരിക്കുന്നതിനെപറ്റി നമ്മള്‍ പ്രതിരോധപരമായി നോക്കേണ്ട കാര്യമില്ല, നമ്മള്‍ താഴെ തട്ടിലുള്ളവരായി തോന്നരുത്. സാധാരണ വര്‍ത്തമാനമാണെങ്കില്‍ ജോലി ചെയ്യുന്നതിനിടെ മൂന്നാമതൊരാളെ ഉള്‍ക്കൊള്ളിക്കേണ്ട കാര്യമില്ല.

(സാധാരണ ഞാന്‍ ഇങ്ങനെ മറുപടി പറയാറില്ലാത്തതാണ്, ലോക്ഡൗണ്‍ കാരണം കുറച്ച് സമയം കിട്ടി)

 

 Keywords:  News, Kerala, State, Kochi, Entertainment, Social Media, Swetha Menon, Criticism, Malayalam, 'Criticism of an actress who appeared on a TV show and spoke English unnecessarily'; Shwetha Menon responds to critic
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia