Allegation | 'മെഗാസ്റ്റാറിന്' തിലകനെ ഒതുക്കേണ്ടതുണ്ടോ? ജനം സ്നേഹിച്ചതുകൊണ്ടാണ് മമ്മൂട്ടി സൂപ്പർസ്റ്റാറായത്
ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും മമ്മൂട്ടിയുടെ ഇമേജ് തകർക്കാനുള്ള ശ്രമമാണിതെന്നും വാദങ്ങൾ
സോണി കല്ലറയ്ക്കൽ
(KVARTHA) ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടൻ മമ്മൂട്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള പ്രവണതയാണ് ചില മേഖലകളിൽ നിന്ന് കാണുന്നത്. ഇതിന് അന്തരിച്ച സിനിമ നടൻ തിലകൻ മുൻപ് പറഞ്ഞ വാചകങ്ങൾ കുത്തിപ്പൊക്കിയാണ് മമ്മൂട്ടിക്കെതിരെ അപവാദങ്ങൾ തൊടുക്കുന്നത്. അതിന് ഈ അവസരത്തിൽ തിലകൻ്റെ പുറകിൽ ആരൊക്കെയുണ്ടായിരുന്നോ അവരെയൊക്കെ കണ്ട് പിടിച്ച് മമ്മൂട്ടിയ്ക്കെതിരെ പറയിപ്പിക്കാനുള്ള ശ്രമത്തിലാണ് ചില മാധ്യമങ്ങളും ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോൾ തിലകൻ്റെ ഉറ്റ സുഹൃത്ത് എന്ന് പറയുന്ന അമ്പലപ്പുഴ രാധാകൃഷ്ണൻ എന്നൊരാൾ ചാനലിൽ വന്ന് പറയുന്നത് കൂളിംഗ് ഗ്ലാസ് മാറുന്ന ഒരു നടനും തിലകനെ വേട്ടയാടി എന്നൊക്കെയാണ്. ഒരിക്കലും നാൾ ഇതുവരെ ഒരു മോശമായ പ്രവൃത്തിയും കാണാൻ പറ്റാത്ത ഒരാളായിട്ടാണ് മലയാളത്തിൻ്റെ സൂപ്പർസ്റ്റാർ മമ്മൂട്ടിയെ എല്ലാവരും കാണുന്നത്. മറ്റ് പലർക്കുമെതിരെ പലവിധമായ ആരോപണങ്ങളും ഗോസിപ്പുകളും ഉയരുമ്പോൾ പോലും അവയിലൊന്നിൽപ്പോലും മമ്മൂട്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലും മമ്മൂട്ടി എന്ന വ്യക്തിയെപ്പറ്റി യാതൊരു മോശം പരാമർശവും ഉണ്ടാകാനിടയില്ല. ഇത് മനസ്സിലാക്കി അദ്ദേഹത്തിൻ്റെ ഇമേജ് തകർക്കുകയാണ് ചിലരുടെ ഇതിനു പിന്നിലെ ലക്ഷ്യമെന്ന് വ്യക്തം.
തിലകൻ്റെ ഉറ്റ സുഹൃത്ത് ഈ വിഷയത്തിൽ പറഞ്ഞ വാക്കുകൾ ഒന്ന് ശ്രദ്ധിക്കാം. 'തിലകൻ എപ്പോഴും പറയുന്ന ഒരു പേര് ഇടവേള ബാബുവിന്റേതാണ്. അവന് പണിയൊന്നും ഇല്ലാത്തതുകൊണ്ട് ഇടവേളയ്ക്ക് കേറുന്ന ബാബു എന്ന് പരിഹസിക്കുമായിരുന്നു. കൂളിംഗ് ഗ്ലാസ് മാറുന്ന ഒരു നടനും തിലകനെ വേട്ടയാടി. പേര് പറയില്ല കൂളിംഗ് ഗ്ലാസ് മാറുന്ന നടൻ എന്നായിരുന്നു തിലകൻ പറയുക. കൂളിംഗ് ഗ്ലാസ് സിനിമയിൽ ഉപയോഗിക്കുന്ന നടൻ ആരാണെന്ന് എല്ലാവർക്കും അറിയാം. നടൻ തിലകൻ തന്നോട് സംസാരിച്ചത് മുഴുവൻ സിനിമാമേഖലയിലെ ദുരനുഭവങ്ങളായിരുന്നു'.
താൻ എന്ത് കുറ്റം ചെയ്തിട്ടാണ് തന്നെ ക്രൂശിക്കുന്നതെന്ന് തിലകൻ പറയുമായിരുന്നു. അദ്ദേഹം പറഞ്ഞത് ഓരോന്നും ശരിയാണെന്നു ഹേമ കമ്മിറ്റി അടിവരയിടുന്നു. അന്തസ്സുള്ളവരാണെങ്കിൽ അമ്മയും ഫെഫ്കയും പിരിച്ചു വിടണം. കേരള സമൂഹത്തോട് മാപ്പ് പറയണം. ആ മഹാനടനോട് കാണിച്ച ക്രൂരതയ്ക്ക് എന്ത് മാത്രം കഥാപാത്രങ്ങളാണ് നഷ്ടപ്പെടുത്തിയതെന്നും അമ്പലപ്പുഴ രാധാകൃഷ്ണൻ പറഞ്ഞു. മഹാ നടന്റെ മകന്റെ കൂടെ അഭിനയിക്കാൻ വിലക്ക് കല്പിച്ചവർ തന്നെ ക്ഷണിച്ചു. ഉസ്താദ് ഹോട്ടൽ സിനിമയ്ക്ക് വേണ്ടി ക്ഷണിച്ചു. മലയാള സിനിമയിൽ താരസംഘടനയിലും ഫെഫ്കയിലും ഒരു മാഫിയ ഉണ്ടെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞതാണ്. അദ്ദേഹം ആദ്യം മുതലേ വിരൽ ചൂണ്ടുന്ന ഒരു വ്യക്തി ഉണ്ട്. അയാൾ അഴിഎണ്ണും എന്ന് തിലകൻ അന്നേ പറഞ്ഞു. അയാൾ അഴി എണ്ണി. അത് ആ വലിയ മനുഷ്യന് കാണാൻ സാധിച്ചില്ലെന്ന് മാത്രം.-അമ്പലപ്പുഴ രാധാകൃഷ്ണൻ പറഞ്ഞു.
മോഹൻലാലിനെ തിലകന് ഏറെ ഇഷ്ടമായിരുന്നു എന്ന് കൂട്ടിച്ചേർക്കാൻ അമ്പലപ്പുഴ രാധാകൃഷ്ണൻ മറന്നില്ലെന്നതും ശ്രദ്ധേയമാണ്. ഈ അവസരത്തിൽ ചിന്തിക്കേണ്ടത് തിലകനെ ഒതുക്കിയത് കൊണ്ട് മമ്മൂട്ടിയ്ക്ക് എന്ത് നേട്ടം എന്നാണ്. മലയാളികളായ സിനിമ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടതുകൊണ്ട് മാത്രം ആണ് മമ്മൂട്ടി മെഗാസ്റ്റാർ ആയതും തിലകൻ സ്വഭാവ നടനായും നിന്നത്. ഒരിക്കലും അതിൽ നിന്ന് മമ്മൂട്ടിയെ മറികടക്കാനും തിലകന് ആകുമായിരുന്നില്ല. പിന്നെ എന്തിന് മമ്മൂട്ടിയ്ക്ക് തിലകനെ പേടിക്കണം. വല്ല ഇന്നസെൻ്റിനെപ്പറ്റിയോ നെടുമുടിവേണുവിനെപ്പറ്റിയോ വല്ലതും ആയിരുന്നു തിലകൻ ഇത് പറഞ്ഞിരുന്നതെങ്കിൽ കേൾക്കാൻ ഒരു സുഖമുണ്ടായിരുന്നു.
സിനിമയിൽ മമ്മൂട്ടിയും തിലകനും അത് വേ ഇത് റേ യും ആണ്. സിനിമയിൽ അനിവാര്യ ഘടകം ആരാണ് എന്നതാണു മുഖ്യവിഷയം. തിലകന്റെ കൂടെ അഭിനയിക്കാൻ തനിക്കു താല്പര്യമില്ല എന്നു പറയാൻ മമ്മൂട്ടിക്ക് അവകാശമുണ്ട്. തിലകൻ വേണോ മമ്മൂട്ടി വേണോ എന്ന ഓപ്ഷൻ സംവിധായകനും നിർമാതാവിനും മുമ്പിൽ വന്നാൽ അവർ ആരെ വേണമെന്നാകും തീരുമാനിക്കുക എന്നത് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാവുന്ന കാര്യവുമാണ്. ഇനി ഇതു തിലകന്റെ കാലമാണെങ്കിൽ തിലകൻ ഇത്തരം വ്യവസ്ഥകൾ മുന്നോട്ടു വയ്ക്കില്ലെന്നു പറയാൻ കഴിയുമോ? അതുകൊണ്ട് ഇതൊന്നും നിയമം മൂലം ഇല്ലാതാക്കാൻ കഴിയുന്ന കാര്യങ്ങളല്ല. തിലകന് ആരോഗ്യമുള്ള കാലത്ത് എല്ലാവരുടെ കൂടേയും മികച്ച വേഷങ്ങള്‍ ലഭിച്ചിരുന്നു. പ്രായമായി അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ ഒതുക്കി എന്നതൊക്കെ ചിലരുടെ വ്യാഖ്യാനം മാത്രമാണ്.
തിലകന് ഒത്ത എതിരാളിയായി രാജൻ പി ദേവ് വന്നപ്പോൾ അദ്ദേഹത്തിന് അവസരങ്ങൾ കുറഞ്ഞുവെന്നും നിരീക്ഷണങ്ങളുണ്ട്. മദ്യപാനത്തെ ചൊല്ലി സത്യൻ അന്തിക്കാടിന്റെ പടങ്ങളിൽ നിന്ന് തിലകനെ മാറ്റി നിർത്തിയതായും പ്രചാരണമുണ്ട്. പല ആർട്ടിസ്റ്റുകളും അദ്ദേഹവുമായി തെറ്റിയിട്ടുണ്ട്. അത് ഒക്കെ പല വേദിയിൽ പലരും പറഞ്ഞിട്ടുണ്ട്. സ്ഫടികം സിനിമ തുടങ്ങുന്നതിനു മുൻപ് അവസാനിക്കുന്നത് വരെയും പിന്നെ ഒരുപാട് കാലം കെ.പി.എ.സി ലളിത തിലകനുമായി പിണക്കം ആയിരുന്നു എന്നും ലളിത തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അത് പോലെ ഒരുപാട് ആളുകളുമായി ഒരുപാട് കാലം തെറ്റി നടന്നിട്ടുണ്ട് അദ്ദേഹം. ഇങ്ങനെയൊരാൾ സ്വയം ഒതുക്കപ്പെട്ടതല്ലേ എന്നാണ് ഈ അവസരത്തിൽ ചിന്തിക്കേണ്ടത്.
അല്ലാതെ മമ്മൂട്ടിയെപ്പോലൊരാൾക്ക് തിലകനെ ഒതുക്കാൻ പോയി ചെറുതാകേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. എന്നുമാത്രം അല്ല, തിലകനെ ആരും ഒതുക്കിയതായി തോന്നുന്നുമില്ല. തിലകനെ ഒരാൾ മാത്രം ശത്രു ആയി കണ്ടിരുന്നെങ്കിൽ അവർ തമ്മിൽ എന്തോ വ്യക്തിവൈരാഗ്യം എന്ന് പറയാം. ഇത് മമ്മൂട്ടി മോഹൻലാൽ, ദിലീപ്, ഇടവേള ബാബു, ഗണേഷ്, നെടുമുടി വേണു അങ്ങനെ നീണ്ട നിരയെ ശത്രു ആയി കാണണമെങ്കിൽ തിലകന്റെ ഭാഗത്തു ശരിയില്ലായ്മ ഉണ്ട് എന്ന് വിവേകമുള്ള ഏതൊരു വ്യക്തിക്കും മനസ്സിലാകുമെന്ന് നെറ്റിസൻസ് ചൂണ്ടിക്കാട്ടുന്നു.
മമ്മൂക്കയും ചില കാര്യത്തിൽ പ്രതികരിച്ചിട്ട് ഉണ്ടാകാം. അത് ദിലീപും, മോഹൻലാലും ചെയ്തിട്ടുണ്ടാകും. ചില സൗന്ദര്യപിണക്കങ്ങൾ മറ്റ് തരത്തിലേക്ക് പോയതിന് ഉത്തരവാദിയാരാണ്? മരിച്ചതിനു ശേഷം വീണ്ടും ഇത് പൊക്കി കൊണ്ട് വന്നാൽ അല്പം സഹതാപം അത്ര മാത്രം. ഇതിന്റെ പിന്നിൽ സിനിമയിലെ ചില നിഗൂഢ കരങ്ങൾ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാണ്. എന്തായാലും ഇതുകൊണ്ടൊന്നും മമ്മൂട്ടിയെന്ന മഹാനടനെ വീഴ്ത്താമെന്ന് ആരും കരുതേണ്ട. മലയാളികളുടെ ഹൃദയത്തിലാണ് മമ്മൂക്കായുടെ സ്ഥാനം. അദ്ദേഹത്തിൻ്റെ നന്മകളിൽ ആണ് മലയാളികൾക്ക് വിശ്വാസം.