'അഞ്ചാമത്തെ ദേശീയ പുരസ്‌കാരം നിനക്ക് തന്നെ'; 'തലൈവി' കണ്ടശേഷം അച്ഛനും അമ്മയും അഭിനന്ദനം അറിയിച്ചതായി ബോളിവുഡ് നടി കങ്കണ
Sep 9, 2021, 12:41 IST
മുംബൈ: (www.kvartha.com 09.09.2021) മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവചരിത്രം പറയുന്ന 'തലൈവി' സിനിമ കണ്ടശേഷം അച്ഛനും അമ്മയും അഭിനന്ദനം അറിയിച്ചതായി ബോളിവുഡ് നടി കങ്കണ റനൗട്. അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അച്ഛനും അമ്മയും അഭിനന്ദനം അറിയിച്ചെന്ന് കങ്കണ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന തലൈവി റിലീസിന് മുന്‍പായി പ്രത്യേക സ്‌ക്രീനിംഗ് നടന്നിരുന്നു. ഇത് കണ്ടാണ് തന്റെ അച്ഛനും അമ്മയും അഞ്ചാം ദേശീയ പുരസ്‌ക്കാരത്തിന് അഭിനന്ദിച്ചതെന്ന് കങ്കണ പറയുന്നു.
തലൈവിയില്‍ ജയലളിതയായിത്തന്നെയാണ് കങ്കണ എത്തുന്നത്. എം ജി ആറിന്റെ റോളില്‍ എത്തുന്നത് അരവിന്ദ് സ്വാമിയും. രണ്ടുപേരുടെയും കാസ്റ്റിങ്ങും, സിനിമയ്ക്ക് വേണ്ടിയുള്ള മേക് ഓവെറുകളും വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാണുന്നത്.
സിനിമയുടെ പോസ്റ്റെറുകള്‍ക്കും മറ്റും വലിയ സ്വീകരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ജയലളിതയ്ക്ക് ലോകമൊട്ടാകെ അനേകം ആരാധകര്‍ ഉള്ളത് കൊണ്ട് കങ്കണയും വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്.
തമിഴ്‌നാട്ടില്‍ തിയറ്ററുകള്‍ തുറന്നതിന് പിന്നാലെ സെപ്റ്റംബര്‍ 10ന് റിലീസ് നിശ്ചയിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. 2019 നവംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ആദ്യം പ്രഖ്യാപിച്ച റിലീസ് തീയതി ഈ വര്‍ഷം ഏപ്രില്‍ 23 ആയിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തില്‍ തിയറ്ററുകള്‍ അടച്ചതോടെ റിലീസ് അനിശ്ചിതമായി നീട്ടിവെക്കുകയായിരുന്നു.
ചിത്രത്തില്‍ കരുണാനിധിയുടെ റോളില്‍ എത്തുന്നത് നാസര്‍ ആണ്. ഭാഗ്യശ്രീ, സമുദ്രക്കനി, രാജ് അര്‍ജുന്‍, മധുബാല, തമ്പി രാമയ്യ, പൂര്‍ണ്ണ, ഭരത് റെഡ്ഡി തുടങ്ങി വമ്പന്‍ താരനിരകള്‍ അണിനിരക്കുന്ന ചിത്രമാണിത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.