Comedy | സുരേഷ് ഗോപിക്ക് കോമഡിയോ? ഇത് ചിന്തിക്കാൻ പറ്റാത്ത കാര്യം!
ഡോണൽ മുവാറ്റുപുഴ
(KVARTHA) പോലീസ് കമ്മീഷണറുടെ ഒക്കെ വേഷത്തിലാണ് നമ്മുടെ കേന്ദ്രമന്ത്രിയും മലയാളത്തിൻ്റെ പ്രിയങ്കരനും സൂപ്പർ സ്റ്റാറുമൊക്കെയായ സുരേഷ് ഗോപിയെ കണ്ടിട്ടുള്ളത്. കൂടുതൽ ഗൗരവതരമായ വേഷങ്ങളാണ് പലപ്പോഴും സിനിമയിൽ അദേഹം കൈകാര്യം ചെയ്തിരുന്നത്. അദ്ദേഹം നായകനായ സിനിമകൾ ഭൂരിഭാഗവും ആക്ഷൻ സിനിമകളും കുറച്ചു ഫാമിലി സെന്റിമെന്റ്സ് സിനിമകളുമാണ്.
എന്നാൽ മോഹൻലാലിനെപ്പോലെ തന്നെ കോമഡിയും സുരേഷ് ഗോപിക്ക് വഴങ്ങുമെന്നതാണ് യാഥാർത്ഥ്യം. ആ രീതിയിൽ ആരും സുരേഷ് ഗോപിയെ ഉപയോഗിച്ചിട്ടില്ലെന്നതാണ് സത്യം. ചില സിനിമകളിൽ സുരേഷ് ഗോപി നന്നായി കോമഡി ചെയ്യുന്നത് കണ്ടിട്ടുണ്ട്. അദ്ദേഹം ആദ്യമായി മുഴുനീള ഹാസ്യവേഷം ചെയ്ത സിനിമ ജോസ് തോമസ് സംവിധാനം ചെയ്ത സുന്ദരപുരുഷൻ എന്ന സിനിമയിലാണ്.
അതിന് മുൻപ് മമ്മൂട്ടി നായകനായ മനുഅങ്കിൾ എന്ന ചിത്രത്തിൽ ചെറിയ രീതിയിൽ ഹാസ്യ വേഷം ചെയ്തിരുന്നു. ജഗതി ശ്രീകുമാർ എത്താഞ്ഞതിനെ തുടർന്ന് സുരേഷ് ഗോപി മനു അങ്കിൾ എന്ന ചിത്രത്തിൽ ജഗതി ശ്രീകുമാർ ചെയ്യാനിരുന്ന റോൾ ഏറ്റെടുക്കുകയായിരുന്നു. അത് ഭംഗിയാക്കി എന്ന് മാത്രമല്ല, ശ്രദ്ധയാകർഷിക്കുകയും ചെയ്തു.
എന്നാൽ സുരേഷ് ഗോപി ഒരു മുഴുനീള ഹാസ്യ റോൾ ചെയ്യുന്നത് സുന്ദരപുരുഷൻ എന്ന സിനിമയിലാണ്. സൂര്യനാരായണൻ എന്ന സാധാരണക്കാരന്റെ വേഷം സുരേഷ്ഗോപി ഗംഭീരമാക്കി. 2001ൽ തുടർച്ചയായി സുരേഷ് ഗോപി ചിത്രങ്ങൾ പരാജയപ്പെടുന്ന സമയത്തു അദ്ദേഹത്തിനു ആശ്വാസം വിജയം നൽകിയ സിനിമയാണ് സുന്ദരപുരുഷൻ.
2001 ഒക്ടോബർ - നവംബർ മാസങ്ങളിൽ ആയിരുന്നു ഇറങ്ങിയത്. അതായത് ഓണം റിലീസ് ആയ രാവണപ്രഭുവിന് ശേഷം ഹിറ്റ് ആയ ആദ്യ സിനിമ. സായ്വർ തിരുമേനി, നരിമൻ തുടങ്ങിയ സിനിമകളുടെ പരാജയങ്ങൾക്ക് ശേഷം ഇറങ്ങിയ സുരേഷ് ഗോപി ചിത്രം ആയിരുന്നു ഇത്. ഈ ചിത്രത്തിൽ ദിലീപിനെയോ ജയറാമിനെയോ കാസ്റ്റ് ചെയ്യുന്നതിന് പകരം സുരേഷ് ഗോപിയെ കാസ്റ്റ് ചെയ്ത സംവിധായകന്റെ ധൈര്യം ഗംഭീരം തന്നെ എന്ന് പറയേണ്ടിയിരിക്കുന്നു. അത് വിജയിക്കുകയും ചെയ്തു.
ആ കഥാപാത്രം ജയറാം ചെയ്താൽ ഒരു പുതുമയും ഉണ്ടാക്കുമായിരുന്നില്ല. സുരേഷ് ഗോപി ചെയ്തത് കൊണ്ടാണ് പുതുമയുണ്ടായത്. ആദ്യം ഈ സിനിമ ജയറാമിനെവെച്ച് ചെയ്യാനായിരുന്നു പരിപാടി ഇട്ടിരുന്നത്. ജയറാമിൻ്റെ അസൗകര്യം മൂലം സുരേഷ് ഗോപി പകരക്കാരനായി ഈ സിനിമയിൽ എത്തുകയായിരുന്നു എന്നതാണ് റിപ്പോർട്ടുകൾ. നന്ദിനിയും ദേവയാനിയും നായികമാരായി വന്ന സിനിമയിൽ മോഹൻ സിതാര സംഗീതം നൽകിയ തങ്കമനസിൻ എന്നാ ഗാനം ഇന്നും സൂപ്പർ ഹിറ്റാണ്. തങ്കമനസിൽ പീലി കടവിലെ പാട്ടൊക്കെ ഒരു പ്രത്യേക ഫീൽ ആണ്.
ഹാസ്യതാരങ്ങളായ മുകേഷ്, കൊച്ചിൻ ഹനീഫ, സലിം കുമാർ തുടങ്ങിയ എല്ലാവരും സുരേഷ് ഗോപിയ്ക്കൊപ്പം ഈ സിനിമയിൽ ഉണ്ടായിരുന്നു. എല്ലാവരും അവരവരുടെ റോളുകൾ ഗംഭീരമാക്കി എന്ന് തന്നെ പറയാം. ഒരറ്റത്ത് മുകേഷും ഹനീഫയും ഒക്കെ ചേർന്ന് അത്യാവശ്യം നല്ല കോമഡി വർക്ക് ഔട്ട് ചെയ്യുമ്പോൾ മറ്റേ അറ്റത്തു സുരേഷ്ഗോപിയും തൻ്റെ റോൾ മികച്ചതാക്കി. ഇതിനു ശേഷം സുരേഷ് ഗോപി ഒരു ഹാസ്യ സിനിമയും ചെയ്തിട്ടില്ലെന്ന് വേണം പറയാൻ. സുന്ദരപുരുഷൻ അധികം ശ്രദ്ധിക്കപ്പെടാതെ മെയിൻ തീയറ്ററുകളിൽ നിന്നും വിട്ട് പോയ ശേഷം പിന്നീട് മൗത്ത് പബ്ലിസിറ്റി കൊണ്ട് വീണ്ടും പല റിലീസ് കേന്ദ്രങ്ങളിൽ സിനിമ തിരിച്ചു വന്നത് അന്ന് വാർത്ത ആയിരുന്നു. എന്തായാലും സുരേഷ് ഗോപിയ്ക്കും ഹാസ്യം ചെയ്യാൻ പറ്റുമെന്ന് ഈ സിനിമ തെളിയിച്ചു. സുരേഷ് ഗോപി വില്ലൻ, സഹനടൻ വേഷങ്ങളിലൂടെ വന്നു നായകനായി പതുക്കെ സൂപ്പർ താരമായി വളർന്ന വ്യക്തിയാണ്.