SWISS-TOWER 24/07/2023

കസബ കുടുങ്ങുമോ? മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വനിതാ കമ്മീഷന്റെ നോട്ടീസ്

 


ADVERTISEMENT

മമ്മുട്ടിയെ കൂടാതെ സിനിമയുടെ സംവിധായകനും നിര്‍മാതാവിനും എതിരെയും നോട്ടീസ് നല്‍കും

സെന്‍സര്‍ ബോര്‍ഡിനും സിനിമാസംഘടനകള്‍ക്കും കത്ത്


തിരുവനന്തപുരം: (www.kvartha.com 19.07.2016)
മെഗാ സ്റ്റാര്‍ മമ്മുട്ടി നായകനായ കസബയിലെ സ്ത്രീവിരുദ്ധ രംഗങ്ങള്‍ക്കെതിരെ വനിതാ കമ്മീഷന്‍ രംഗത്ത്. സിനിമയില്‍ സ്ത്രീത്വത്തെ അവഹേളിക്കുന്ന രംഗവും സംഭാഷണവും ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സിനിമയുടെ സംവിധായകന്‍ നിഥിന്‍ രഞ്ജി പണിക്കര്‍, നിര്‍മ്മാതാവ് ആലീസ് ജോര്‍ജ്ജ്, മമ്മൂട്ടി എന്നിവര്‍ക്കെതിരെ നോട്ടീസ് അയക്കാന്‍ കേരള വനിതാ കമ്മീഷന്‍ തീരുമാനിച്ചത്.

സ്ത്രീകളെ മോശമായി ചിത്രീകരിക്കല്‍ നിരോധനനിയമം നിര്‍വ്വചിക്കുന്ന തരത്തിലുള്ള രംഗങ്ങളും സംഭാഷണവും ഒഴിവാക്കാന്‍ പരിശോധനാവേളയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സെന്‍സര്‍ ബോര്‍ഡിനു കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കും. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേക ശ്രദ്ധ പാലിക്കണമെന്ന് സിനിമാരംഗത്തെ പ്രധാന സംഘടനകളായ മാക്ടയോടും അമ്മയോടും ആവശ്യപ്പെടാനും ചൊവ്വാഴ്ച ചേര്‍ന്ന കമ്മീഷന്‍ യോഗത്തില്‍ തീരുമാനിച്ചു.

സിനിമയെ കുറിച്ച് പൊതുവിലും മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വ്യാപകമായി ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ അവ പരിശോധിച്ചും കമ്മീഷനെ പ്രതിനിധീകരിച്ച് സിനിമ കണ്ട അംഗം നല്‍കിയ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുമാണ് തീരുമാനം. സ്ത്രീവിരുദ്ധമായതും അശ്ലീലച്ചുവയുള്ളതുമായ ധാരാളം ദ്വയാര്‍ത്ഥപ്രയോഗങ്ങളുള്ള സിനിമയില്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ പാന്റ്‌സിന്റെ അരക്കെട്ടില്‍ പിടിച്ചു വലിച്ചുകൊണ്ട് രാജന്‍ സക്കറിയ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ സ്ത്രീപദവിയെ അപമാനിക്കുകയും സ്ത്രീകളെ തരം താഴ്ത്തി സംസാരിക്കുകയും ചെയ്യുന്ന രംഗങ്ങളാണ് വിവാദമായിരിക്കുന്നത്.

ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്നത് സ്ത്രീപദവി മോശമാക്കാനും സ്ത്രീത്വത്തെ അവഹേളിക്കാനുമുള്ള സ്വാതന്ത്ര്യമല്ലെന്നും അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്നും കമ്മീഷന്‍ വിലയിരുത്തി. ഇത്തരം കാര്യങ്ങളില്‍ ഇടപെടാനും സ്ത്രീസമൂഹത്തിന്റെ അന്തസ്സ് സംരക്ഷിക്കാനുമുള്ള സ്ഥാപനമെന്ന നിലയില്‍ കമ്മീഷന് ഇത്തരം പ്രവണതകള്‍ അനുവദിക്കാനാവില്ല. ലോകമെങ്ങും ആരാധകരും അംഗീകാരവുമുള്ള മമ്മൂട്ടിയെപ്പോലൊരു നടന്‍ ഇത്തരം തരംതാണ പ്രവര്‍ത്തനങ്ങള്‍ സിനിമയില്‍ ചെയ്യുമ്പോള്‍ അത് സമൂഹത്തില്‍ അപകടകരമായ സ്വീകാര്യതയാണ് ഉണ്ടാക്കുകയെന്നും സാമൂഹിക പ്രതിബദ്ധതയുള്ള അഭിനേതാക്കള്‍ ഇത്തരം രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന നിലപാട് എടുക്കാനുള്ള ഔന്നത്യം കാണിക്കണമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

ചെയര്‍പേഴ്‌സണ്‍ കെ സി റോസക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അംഗങ്ങളായ അഡ്വ. നൂര്‍ബീന റഷീദ്, ഡോ. ലിസി ജോസ്, ഡോ. ജെ പ്രമീളാദേവി എന്നിവരും മെമ്പര്‍ സെക്രട്ടറി കെ ഷൈല ശ്രീയും പങ്കെടുത്തു. നേരത്തേ ഇക്കാര്യത്തില്‍ നിയമ ഉദ്യോഗസ്ഥന്റെ ഉപദേശവും തേടിയിരുന്നു.

കസബ കുടുങ്ങുമോ? മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വനിതാ കമ്മീഷന്റെ നോട്ടീസ്

Keywords: Mammootty, Cinema, Actor, Kerala, Women, Director, Thiruvananthapuram, Notice, Women's commision Kerala, Nithin Ranji Panikkar, Freadom, Censor board.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia