'തീവ്രവാദം, ബോംബാക്രമണം വെടിവയ്പ്പുകള്‍ എന്നിവയ്ക്ക് പിന്നില്‍ മുസ്ലിമുകള്‍ മാത്രമാണെന്ന തരത്തില്‍ ബീസ്റ്റില്‍ വളച്ചൊടിക്കുന്നു, ഇത് ഖേദകരമാണ്'; ചിത്രത്തിന്റെ റിലീസ് തമിഴ്‌നാട്ടില്‍ നിരോധിക്കണമെന്ന് മുസ്ലിം ലീഗ്; ആവശ്യമുന്നയിച്ച് സംസ്ഥാന ആഭ്യന്തര സെക്രടറിക്ക് കത്തയച്ചു
Apr 7, 2022, 13:18 IST
ചെന്നൈ: (www.kvartha.com 07.04.2022) വിജയ് യുടെ സിനിമാ കരിയറിലെ 65-ാമത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയിപ്പെടുന്നത്. വിജയ് ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ബീസ്റ്റ്. ഇപ്പോഴിതാ റിലീസിന് അടുത്തിരിക്കെ 'ബീസ്റ്റി'ന്റെ റിലീസ് തമിഴ്‌നാട്ടില്‍ നിരോധിക്കണമെന്ന് മുസ്ലിം ലീഗ്.

മുസ്ലിം ലീഗ് തമിഴ്നാട് അധ്യക്ഷന്‍ വി എം എസ് മുസ്തഫ റിലീസ് തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ആഭ്യന്തര സെക്രടറി എസ് കെ പ്രഭാകറിന് ലീഗ് കത്തുനല്‍കി. ചിത്രത്തില്‍ ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്ന ആരോപണം ഉയര്‍ത്തിയാണ് നിരോധനം ആവശ്യപ്പെട്ടിരിക്കുന്നത്.
'തീവ്രവാദം, ബോംബാക്രമണം വെടിവയ്പ്പുകള്‍ എന്നിവയ്ക്ക് പിന്നില്‍ മുസ്ലിമുകള്‍ മാത്രമാണെന്ന തരത്തില്‍ സിനിമകളില്‍ വളച്ചൊടിക്കുകയാണ്. ഇത് ഖേദകരമാണ്. 'ബീസ്റ്റ്' പ്രദര്‍ശനത്തിനെത്തിയാല്‍ അസാധാരണ സാഹചര്യത്തിലേക്ക് അത് നയിക്കും' എന്ന് കത്തില്‍ വ്യക്തമാക്കുന്നു.
കൂടാതെ ബീസ്റ്റ് എന്തുകൊണ്ട് കുവൈതില്‍ നിരോധിച്ചു എന്നതും ചൂണ്ടിക്കാട്ടി. കുവൈതിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ഇസ്ലാമിക ഭീകരതയുടെ ദൃശ്യങ്ങള്‍ ചിത്രത്തില്‍ കാണിക്കുന്നതിനാലാണ് ചിത്രം വിലക്കാന്‍ കാരണം. ബീസ്റ്റിന്റെ കുവൈതിലെ നിരോധനം വിദേശ കളക്ഷനെ ബാധിക്കാനും സാധ്യതകളേറെയാണ്.
അതേസമയം, യുഎഇയിലും മറ്റ് അറബ് രാജ്യങ്ങളിലും ബീസ്റ്റിന് റിലീസ് ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഡോക്ടറിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ഒരു ഹോസ്റ്റേജ് ത്രിലറാണ് ചിത്രം. ഏപ്രില്‍ 13നാണ് ബീസ്റ്റ് തിയേറ്ററുകളില്‍ എത്തുക.
മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകന്‍ ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈന്‍ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതും. മൂന്ന് പ്രതിനായകന്‍മാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപോര്‍ട്.
ഒരു ഷോപിംഗ് മോളില്‍ തീവ്രവാദികള്‍ സാധാരണ ജനങ്ങളെ ബന്ദികളാക്കുന്നതും വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതുമാണ് ട്രെയ്ലറിലുള്ളത്. സെല്‍വരാഘവനെയും ട്രെയ്ലറില്‍ കാണാം. നേരത്തെ റിലീസ് ചെയ്ത സിനിമയിലെ ആദ്യഗാനമായ 'അറബികുത്ത്' ആഗോളതലത്തില്‍ ട്രെന്‍ഡിങ് ആണ്. ഗാനം ഇതുവരെ 255 മില്യനില്‍ അധികം കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു.
ഗാനത്തിനൊപ്പമുള്ള വിജയ്, പൂജ ഹെഗ്ഡെ എന്നിവരുടെ ഡാന്‍സ് സ്റ്റെപുകളും സമൂഹ മാധ്യമങ്ങളില്‍ വന്‍ ഹിറ്റാണ്. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ നൃത്തം അനുകരിച്ച് നിരവധിപ്പേര്‍ വീഡിയോ പങ്കുവച്ചിട്ടുമുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.