വിജയ് സേതുപതി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു; ആക്ഷന്‍ ത്രിലർ ചിത്രം 'മാനഗര'ത്തിന്റെ ഹിന്ദി റീമേക് ആണ് പുതിയ ചിത്രം

 



മുംബൈ: (www.kvartha.com 02.01.2021) വിജയ് സേതുപതി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'മുംബൈകര്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 12 വര്‍ഷത്തിനു ശേഷം സന്തോഷ് ശിവന്‍ ഹിന്ദിയില്‍ സംവിധാനം ചെയ്യുന്ന സിനിമയുമാണ് 'മുംബൈകര്‍'. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ 2017ല്‍ പുറത്തെത്തിയ ആക്ഷന്‍ ത്രിലർ ചിത്രം 'മാനഗര'ത്തിന്റെ ഹിന്ദി റീമേക്ക് ആണ് പുതിയ ചിത്രം. 

'മാനഗര'ത്തില്‍ സുദീപ് കിഷന്‍ അവതരിപ്പിച്ച കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുക വിക്രാന്ത് മസ്സേ ആണ്. സഞ്ജയ് മിശ്ര, രണ്‍വീര്‍ ഷോറെ, ടാനിയ മണിക്ടാല, സച്ചിന്‍ ഖഡേക്കര്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും. 

വിജയ് സേതുപതി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു; ആക്ഷന്‍ ത്രിലർ ചിത്രം 'മാനഗര'ത്തിന്റെ ഹിന്ദി റീമേക് ആണ് പുതിയ ചിത്രം


ആമിര്‍ ഖാന്‍ നായകനാവുന്ന 'ലാല്‍ സിംഗ് ഛദ്ദ'യിലൂടെ വിജയ് സേതുപതി ബോളിവുഡില്‍ അരങ്ങേറുമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. പക്ഷേ ആദ്യഘട്ട ചര്‍ച്ചകള്‍ക്കു ശേഷം പ്രോജക്ടില്‍ നിന്ന് അദ്ദേഹം പിന്മാറുകയായിരുന്നു.

മഞ്ജു വാര്യരും കാളിദാസ് ജയറാമും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാളചിത്രം 'ജാക്ക് ആന്‍ഡ് ജില്‍' ആണ് സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത മലയാള സിനിമ. മോഹന്‍ലാലിന്റെ സംവിധായക അരങ്ങേറ്റമായ 'ബറോസി'ന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നതും സന്തോഷ് ശിവന്‍ ആണ്.

2008ല്‍ പുറത്തിറങ്ങിയ 'തഹാന്‍' ആണ് ഹിന്ദിയില്‍ ഇതിനുമുന്‍പ് സന്തോഷ് ശിവന്‍ സംവിധാനം ചെയ്തത്. എന്നാല്‍ മണി രത്‌നത്തിന്റെ 'രാവണി'നും (2010) പ്രിയദര്‍ശന്റെ 'രംഗ്‌രേസി'നും (2013) ഛായാഗ്രഹണം നിര്‍വ്വഹിച്ചത് സന്തോഷ് ശിവന്‍ ആയിരുന്നു.

Keywords:  News, National, India, Mumbai, Entertainment, Poster, Cinema, Bollywood, Actor, Cine Actor, Vijay Sethupathi's Bollywood debut movie title revealed!
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia