SWISS-TOWER 24/07/2023

ഐ വി ശശിയുടെ സംസ്‌ക്കാരം ബുധനാഴ്ച വൈകീട്ട് പൊരൂര്‍ വൈദ്യുതി ശ്മശാനത്തില്‍

 


ചെന്നൈ: (www.kvartha.com 25.10.2017) സിനിമകളെ ഉല്‍സവങ്ങളാക്കി വെള്ളിത്തിരയിലും തിയറ്ററിലും ആള്‍ക്കൂട്ടമെത്തിച്ച സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ഐ.വി.ശശിയുടെ (69) സംസ്‌കാരം ബുധനാഴ്ച വൈകീട്ട് പൊരൂര്‍ വൈദ്യുതി ശ്മശാനത്തില്‍. സാലിഗ്രാമിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുശേഷം വൈകിട്ട് ആറു മണിക്ക് സംസ്‌കാര ചടങ്ങുകള്‍ നടക്കും.

നടി സീമയാണു ഭാര്യ. സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് അനി, അനു എന്നിവരാണു മക്കള്‍. മരുമകന്‍: മിലന്‍ നായര്‍. മകളെ കാണാന്‍ ചൊവ്വാഴ്ച വൈകിട്ട് ഓസ്‌ട്രേലിയയിലേക്കു പോകാനിരിക്കെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി കരള്‍ അര്‍ബുദത്തിനു ചികിത്സയിലായിരുന്നു.

ഐ വി ശശിയുടെ സംസ്‌ക്കാരം ബുധനാഴ്ച വൈകീട്ട് പൊരൂര്‍ വൈദ്യുതി ശ്മശാനത്തില്‍

മലയാളത്തില്‍ ഏറ്റവുമധികം ചിത്രങ്ങള്‍ സംവിധാനം ചെയ്ത രണ്ടു സംവിധായകരില്‍ ഒരാളാണ് ഐ.വി.ശശി. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നാലു പതിറ്റാണ്ടിനിടെ നൂറ്റന്‍പതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1948 മാര്‍ച്ച് 28നു കോഴിക്കോട്ടു ജനിച്ച ഇരുപ്പം വീട്ടില്‍ ശശിധരന്‍ എന്ന ഐ.വി.ശശി കലാസംവിധായകനായാണു ചലച്ചിത്രലോകത്തെത്തിയത്. ഉല്‍സവമാണ് (1975) ആദ്യ ചിത്രം. വില്ലനായി തിളങ്ങിനിന്ന ഉമ്മറായിരുന്നു നായകന്‍. റാണി ചന്ദ്ര നായിക. 1978ല്‍ 'അവളുടെ രാവുകളി'ലൂടെ ഹിറ്റ് മേക്കറായി.

ഐ വി ശശിയുടെ സംസ്‌ക്കാരം ബുധനാഴ്ച വൈകീട്ട് പൊരൂര്‍ വൈദ്യുതി ശ്മശാനത്തില്‍

വാണിജ്യ സിനിമകളില്‍ പുതുവഴി തെളിച്ച ഐ.വി.ശശി നടന്‍മാരെ സൂപ്പര്‍ താരങ്ങളാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച സംവിധായകനാണ്. ദേശീയ പുരസ്‌കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ 2015ല്‍ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. 1968ല്‍ എ.വി.രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായാണ് തുടക്കം. മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയശേഷമാണു സിനിമയിലെത്തിയത്.

ഛായാഗ്രഹണ സഹായിയായി തുടങ്ങിയ ശശി പിന്നീട് സഹ സംവിധായകനായി. ഉത്സവത്തിനു ശേഷം റിലീസായ അവളുടെ രാവുകള്‍ മലയാള ചലച്ചിത്ര ചരിത്രത്തിലെ ഗംഭീര വിജയമായിരുന്നു. പിന്നീട് ജീവിത പങ്കാളിയായ സീമയെ കണ്ടുമുട്ടുന്നത് അവളുടെ രാവുകള്‍ എന്ന സിനിമയിലൂടെയാണ്. ഏകദേശം മുപ്പതോളം സിനിമകളില്‍ ഇരുവരും ഒരുമിച്ചു പ്രവര്‍ത്തിച്ചു. 1982 ല്‍ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ് എന്നിവ സ്വന്തമാക്കി.

അയല്‍ക്കാരി (1976), ആലിംഗനം (1976), അഭിനിവേശം (1977), ഇതാ ഇവിടെ വരെ (1977), ആ നിമിഷം (1977), അന്തര്‍ദാഹം (1977), ഊഞ്ഞാല്‍ (1977), ഈ മനോഹര തീരം (1978), അവളുടെ രാവുകള്‍ (1978), ഇതാ ഒരു മനുഷ്യന്‍ (1978), വാടകയ്ക്ക് ഒരു ഹൃദയം (1978), ഞാന്‍ ഞാന്‍ മാത്രം (1978), ഈറ്റ (1978), അലാവുദ്ദീനും അത്ഭുതവിളക്കും (1979), അനുഭവങ്ങളേ നന്ദി (1979), ആറാട്ട് (1979), അങ്ങാടി (1980), കരിമ്പന (1980), അശ്വരഥം (1980), തൃഷ്ണ (1981), അഹിംസ (1981), ഈ നാട് (1982), ഇണ (1982), ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ (1982), അമേരിക്ക അമേരിക്ക (1983), ആരൂഢം (1983), അതിരാത്രം (1984), ആള്‍ക്കൂട്ടത്തില്‍ തനിയെ (1984), അടിയൊഴുക്കുകള്‍ (1984), കരിമ്പിന്‍ പൂവിനക്കരെ (1985), ആവനാഴി (1986), അടിമകള്‍ ഉടമകള്‍ (1987), അബ്കാരി (1988), മൃഗയ (1989), ഇന്‍സ്‌പെക്ടര്‍ ബല്‍റാം (1991), കള്ളനും പോലീസും (1992), ദേവാസുരം (1993), ഈ നാട് ഇന്നലെവരെ (2001) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളില്‍ ചിലത്.

2009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവല്‍ ആണ് അവസാന ചിത്രം. പകലില്‍ ഒരു ഇരവ് (1979), അലാവുദ്ദീനും അദ്ഭുതവിളക്കും (1979), ഒരേ വാനം ഒരേ ഭൂമി (1979), ഗുരു (1980), എല്ലാം ഉന്‍ കൈരാശി (1980), കാലി (1980), ഇല്ലം (1987), കോലങ്ങള്‍ എന്നീ ചിത്രങ്ങള്‍ തമിഴിലും ഹിന്ദിയില്‍ നാലു ചിത്രങ്ങളും ഒരുക്കി. തൃഷ്ണയെന്ന ചിത്രത്തിലൂടെ മമ്മൂട്ടിയെ ആദ്യമായി നായകനാക്കി. രജനീകാന്ത്, കമല്‍ഹാസന്‍, രാജേഷ് ഖന്ന, മിഥുന്‍ ചക്രവര്‍ത്തി എന്നിവരെയും നായകരാക്കി സിനിമയെടുത്തു.

സംവിധായകന്‍മാരായ കെ.എസ്.സേതുമാധവന്‍, ഹരിഹരന്‍, പ്രിയദര്‍ശന്‍, ഭാരതിരാജ; നടിമാരായ ശാരദ, മനോബാല, ലിസി, രാധിക ശരത്കുമാര്‍, രമ്യാകൃഷ്ണന്‍, പാര്‍വതി, നടന്‍ നരേന്‍, വിജയ്കാന്ത്, നിര്‍മാതാക്കളായ ഗോകുലം ഗോപാലന്‍, എ.വി.അനൂപ് തുടങ്ങിയവര്‍ വസതിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.

Also Read:
യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും വാച്ചും മൊബൈലും കൈക്കലാക്കി; തെലുങ്കാന എസ് ഐമാര്‍ക്കും സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കുമെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Veteran Malayalam director I.V. Sasi passes away, Chennai, News, Kozhikode, Mammootty, Mohanlal, Cinema, Entertainment, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia