Movie Review | വെടിമരുന്ന് പോലെയുള്ള മനുഷ്യർ

 


കെ പ്രദീപ്


(www.kvartha.com)  മഴവില്ലിലെന്താ കറുപ്പു നിറമില്ലാത്തത് എന്നു കുട്ടി മുത്തശ്ശിയോടു ചോദിച്ചപ്പോഴാണ് ആദ്യത്തെ അമിട്ടു പൊട്ടിയത്. മുത്തശ്ശിയുടെ വേഷം മുണ്ടും നേര്യതുമല്ല, കള്ളിമുണ്ട്. ഇതിലും വലുത് എന്തോ പൊട്ടാനുണ്ട് എന്നു അതോടെ ഉറപ്പിച്ചു. വിഷ്ണുവും ബിബിനും പ്രതീക്ഷ തെറ്റിച്ചില്ല. ഗുരുവിന്റെയും അയ്യങ്കാളിയുടേയും പ്രതിമകളുള്ള മഞ്ഞപ്രയും കരിംകോടയും. പുഴയുടെ ഇരുകരകൾ, നവോത്ഥാന പ്രസംഗങ്ങൾ ഒന്നു വീതം മൂന്നു നേരം എന്ന മട്ടിൽ നടക്കുമ്പോഴും ജാതിയുടേയും നിറത്തിന്റേയും പേരിലുള്ള വേർതിരിവു നിലനിൽക്കുന്നുവെന്ന ഓർമ്മപ്പെടുത്തലാണിവിടുത്തെ ജീവിതം. സിനിമയിലെ മനുഷ്യരുടെ നിറം രൂപം സംസാരം എന്നിവ സാധാരണ വാണിജ്യ സിനിമകളിലേതു പോലെ നയനസുഖം തരില്ല. സ്നേഹവും സൗഹൃദവും ശാസ്ത്രവും ഇതിനെ പ്രതിരോധിക്കുന്നതാണ് സിനിമ. ഇതു നയനാനന്ദകരമായ കാഴ്ചയാണ്.

Movie Review | വെടിമരുന്ന് പോലെയുള്ള മനുഷ്യർ

 ബീഫും പഴംപൊരിയും ക്ലിക്കാവുന്നതിൽ തുടങ്ങിയ നായകന്റെ പ്രണയം ഇരുകരകളേയും യുദ്ധ ഭൂമിയാക്കുന്നു. ചങ്കുറപ്പുള്ള പെണ്ണൊരുത്തിയാണു നായികയെന്നും ഇതുവരെ ആരും പറയാത്ത അസാധാരണ പ്രണയമായിരുന്നു ഇവരുടേതെന്നും ക്ലൈമാക്സിൽ മനസിലാകും. കൊടിയേറ്റ സമയത്ത് ബ്രാഹ്മണ പൂജാരി സർക്കാർ നിയമിത പൂജാരിയെ തള്ളിമാറ്റുന്നതും കറുത്ത നിറം മാറാൻ ഫോട്ടോ ഫിൽട്ടർ ചെയ്യണമെന്ന് വനിതാ പോലീസുകാരി പറയുമ്പോഴും നമ്മുടെ നാട്ടിൽ ആണുങ്ങൾക്കു കരയാൻ പാടില്ലല്ലോ ഷിബൂട്ടാന്നു അച്ഛൻ പറയുമ്പോഴും കറുത്ത ഹാസ്യം അസാമാന്യമായി ഇഴചേർത്തിരിക്കുന്നു.

നിറമില്ലാത്ത മനുഷ്യരുടെ കഥയായതു കൊണ്ടായിരിക്കാം സിനിമയുടെ പോസ്റ്റർ ബ്ലാക് ആന്റ് വൈറ്റ് ആയത്. പക്ഷേ ഉള്ളതുകൊണ്ടു ഓണം പോലെ ജീവിതത്തെ കളർഫുൾ ആക്കുന്നവരാണിവർ. മനുഷ്യ വികാരങ്ങളുടെ വെടിമരുന്ന് പേറുന്നവർ. പൊയ്മുഖം അണിയാനറിയാത്ത ജൈവ മനുഷ്യർക്കു വിധിച്ചിരിക്കുന്നതു നഷ്ടങ്ങൾ മാത്രമാണ്. പെണ്ണും മണ്ണും പൊന്നും അവർക്കു നഷ്ടമാകും. ഗുണ്ടയുടെ പരിവേഷമുള്ള ഷിബൂട്ടനും താലോലിക്കുന്നു നഷ്ട പ്രണയം.

ഗൗരവമായി സിനിമ കാണാൻ തുടങ്ങിയ പ്രായം തൊട്ടു ഞാൻ എന്നോടു തന്നെ ചോദിക്കുന്ന ചോദ്യമുണ്ടായിരുന്നു, തൊണ്ണൂറ്റിയൊമ്പതു ശതമാനം മലയാളികളുടേയും മുത്തശിയേയു० അമ്മയേയും അച്ഛനേയും കാമുകിയേയും പോലെ മുഖവും രൂപവും നിറവുമുള്ളവരെ എന്നാണ് സിനിമയിൽ കാണാൻ പറ്റുകയെന്ന്. വെടിക്കെട്ടു അതിനുള്ള മറുപടി തന്നു. സിനിമ നയനഭോഗത്തിനുളള മായക്കാഴ്ചയല്ല, ശക്തമായ മാധ്യമമാണ് എന്നു വെടിക്കെട്ട് തെളിയിക്കുന്നു. ബിബിനും വിഷ്ണുവുമൊഴികെ പുതുമുഖങ്ങൾ അഭിനയിക്കുന്ന സിനിമ ടിക്കെറ്റെടുത്തു കണ്ടു വിജയിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്.

Movie Review | വെടിമരുന്ന് പോലെയുള്ള മനുഷ്യർ

Keywords:  Cinema, Malayalam, Theater, Release, Article, Kerala, Cine Actor, Actor, Actress, Vedikkettu Malayalam Movie Review.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia