Unnikrishnan Namboothiri | ഉണ്ണികൃഷ്ണൻ നമ്പൂതിരി വിട വാങ്ങിയിട്ട് 4 വർഷം; മലയാളികൾ മറക്കാത്ത മുത്തച്ഛൻ

 
Unnikrishnan Namboothiri Malayalam cinema, film legend, obituary.
Unnikrishnan Namboothiri Malayalam cinema, film legend, obituary.

Image Credit: Facebook/ Dileep

● ഹാസ്യ വേഷത്തിൽ അത്ഭുതകരമായ പ്രകടനം കാഴ്ചവച്ച കല്യാണരാമൻ എന്ന മലയാളസിനിമയിൽ ചെയ്ത ദിലീപിന്റെ മുത്തച്ഛൻ കഥാപാത്രം അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി.
● കമ്മ്യൂണിസ്റ്റ് വിപ്ലവ പോരാളികൾക്ക് തന്റെ ഇല്ലത്തിൽ അഭയം കൊടുത്ത നമ്പൂതിരി മരണം വരെ അടിയുറച്ച കമ്മ്യൂണിസ്റ്റ് വിശ്വാസിയായിരുന്നു.
● പയ്യന്നൂർ ഭാഗത്ത് പോയാൽ പിണറായി ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ സന്ദർശിക്കുന്നത് ഒരു കീഴ് വഴക്കം ആയിരുന്നു.

(KVARTHA) ജീവിതത്തിന്റെ വാർദ്ധക്യകാലത്ത് എല്ലാത്തിൽ നിന്നും മാറിനിന്ന് വിശ്രമ ജീവിതം നയിക്കേണ്ട സമയമെന്ന് വിശ്വസിക്കുന്ന പ്രായത്തിൽ മലയാള സിനിമ ലോകത്തേക്ക് കടന്നുവന്ന് പ്രേക്ഷകരെ കയ്യിലെടുത്ത പ്രിയങ്കരനായ മുത്തശ്ശൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി വിടവാങ്ങിയിട്ട് നാലുവർഷം.1924 ഒക്ടോബർ പത്തിന് പയ്യന്നൂരിനടുത്ത് കോറോം പുല്ലേരി വാദ്ധ്യരില്ലത്ത് ജനിച്ച് കുടുംബ ക്ഷേത്രത്തിൽ പൂജാരിയായി സന്തോഷപൂർവം ജീവിച്ച് കൊണ്ടിരുന്ന ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിക്ക് മുമ്പിൽ കാലം കാത്തുവെച്ചത് തികച്ചും അപ്രതീക്ഷിതമായ ഒരു ജീവിതമായിരുന്നു.

തന്റെ കുടുംബത്തിൽപ്പെട്ട ഒരു ജ്യോതിഷൻ ജാതകം പരിശോധിച്ചു 76 വയസ്സിനുശേഷം ലോകമെമ്പാടും അറിയപ്പെടുന്ന പ്രശസ്തനായി മാറുമെന്ന്പറഞ്ഞപ്പോൾ അത് ആരായാലും ചിരിച്ചു തള്ളുക മാത്രമാണ് ചെയ്യുക. ഉണ്ണികൃഷ്ണൻ നമ്പൂതിരിയും അപ്രകാരം തന്നെ ചെയ്തു. പ്രശസ്ത സംഗീതജ്ഞനും ചലച്ചിത്ര ഗാനരചയിതാവുമായ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി എന്ന മകളുടെ ഭർത്താവിനൊപ്പം കോഴിക്കോട് താമസിക്കുന്ന ഒരു ദിവസം തന്റെ ദേശാടനം എന്ന ചിത്രവുമായി ബന്ധപ്പെട്ട് കൈതപ്രവുമായി സംസാരിക്കാൻ സംവിധായകൻ ജയരാജ് എത്തുന്നു.

ഉച്ചഭക്ഷണം വിളമ്പി തന്ന മുത്തച്ഛനെ കണ്ടപ്പോൾ ജയരാജിന് ഒരു ഉൾവിളി. ഇതാ ഞാൻ തേടി നടക്കുന്ന മുത്തച്ഛൻ എന്റെ മുമ്പിൽ. സ്വയം നിർമ്മിച്ച സംവിധാനം ചെയ്യുന്ന ലോ ബജറ്റ് ചിത്രമായ ദേശാടനം എന്ന തന്റെ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട മുത്തശ്ശന്റെ റോൾ ആർക്കു കൊടുക്കണം എന്നതിനെപ്പറ്റി ഒരു രൂപവും ഇല്ലാതെ നടന്ന ജയരാജന്റെ മുമ്പിൽ കഥാപാത്രം നടന്നെത്തുകയായിരുന്നു. അപ്പോൾ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് 76 വയസ്. ജോത്സ്യൻ പ്രവചിച്ച അതേ പ്രായം. പിന്നെ നടന്നത് ചരിത്രം. ദേശാടനം സൂപ്പർ ഹിറ്റായി, മുത്തച്ഛൻ അതിലുമേറേ. പിന്നെ ഏറെക്കാലം മലയാള സിനിമ ഈ മുത്തച്ഛന്റെ പിന്നാലെ കറങ്ങി നടന്നുവെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല.

ഹാസ്യ വേഷത്തിൽ അത്ഭുതകരമായ പ്രകടനം കാഴ്ചവച്ച കല്യാണരാമൻ എന്ന മലയാളസിനിമയിൽ ചെയ്ത ദിലീപിന്റെ മുത്തച്ഛൻ കഥാപാത്രം അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി. 76-ാമത് വയസ്സിൽ മലയാള സിനിമയിൽ തുടങ്ങിയ തേരോട്ടം മലയാളത്തിന്റെ അതിർവരമ്പുകൾ ലംഘിച്ച് ദക്ഷിണേന്ത്യൻ സിനിമകളിലെ മഹാമേരുക്കളായ കമലഹാസൻ, രജനികാന്ത് തുടങ്ങിയവർക്കൊപ്പരവും എന്തിനേറെ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിൽ ഐശ്വര്യ റായിയുടെ മുത്തച്ഛനായി പോലും അഭിനയിക്കുകയുണ്ടായി.

കമ്മ്യൂണിസ്റ്റ് വിപ്ലവ പോരാളികൾക്ക് തന്റെ ഇല്ലത്തിൽ അഭയം കൊടുത്ത നമ്പൂതിരി മരണം വരെ അടിയുറച്ച കമ്മ്യൂണിസ്റ്റ് വിശ്വാസിയായിരുന്നു. എകെജി മുതൽ പിണറായി വിജയൻ വരെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുടെ അടുത്ത സുഹൃത്തായിരുന്നു. പയ്യന്നൂർ ഭാഗത്ത് പോയാൽ പിണറായി ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ സന്ദർശിക്കുന്നത് ഒരു കീഴ് വഴക്കം ആയിരുന്നു. വാർദ്ധക്യകാലം ആഘോഷമാക്കിയ നമ്പൂതിരി തന്റെ തൊണ്ണൂറ്റി ഏഴാം വയസ്സിൽ 2021 ജനുവരി 20ന് കോവിഡ്-19 ബാധിച്ച് പയ്യന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടയുകയായിരുന്നു.

#UnnikrishnanNamboothiri #MalayalamCinema #FilmIndustry #Legend #Keralanews #KochiNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia