SWISS-TOWER 24/07/2023

Plea Rejected | നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി വിചാരണക്കോടതി തള്ളി

 


ADVERTISEMENT

കൊച്ചി: (www.kvartha.com) നടന്‍ ദിലീപിന് ആശ്വസിക്കാം. നടിയെ ആക്രമിച്ച കേസില്‍ നടന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി വിചാരണക്കോടതി തള്ളി. ഇതിനെതിരെ ഹൈകോടതിയില്‍ അപീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. 

Plea Rejected | നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി വിചാരണക്കോടതി തള്ളി


ഏപ്രില്‍ നാലിനാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ വര്‍ഷവും പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്നും കോടതി ആവശ്യം തള്ളിയിരുന്നു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും ദിലീപ് പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്, മൊബൈല്‍ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചു, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ സമീപിച്ചത്.

തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ദിലീപ് കോടതിയില്‍ വാദിച്ചു. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെ പ്രോസിക്യൂഷന്‍ ഉയര്‍ത്തുന്നതെന്നും എല്ലാം കെട്ടിച്ചമച്ച കഥയാണെന്നും ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ബി രാമന്‍പിള്ള വാദിച്ചു. പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന ദിലീപിന്റെ വാദം അംഗീകരിച്ചാണ് ജാമ്യം റദ്ദാക്കണം എന്ന ആവശ്യം കോടതി തള്ളിയത്.

ദിലീപ് ജാമ്യത്തില്‍ ഇറങ്ങി സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനും തെളിവായി പ്രോസിക്യൂഷന്‍ രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. മൊബൈല്‍ ഫോണ്‍ സ്വകാര്യ ലാബില്‍ പരിശോധനയ്ക്ക് എന്ന പേരില്‍ അയച്ച് ദൃശ്യങ്ങള്‍ മായ്ച്ചത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ ഒരു വാദം. എന്നാല്‍, ഗൂഢാലോചനക്കേസിലെ നിര്‍ണായക തെളിവായ ശബ്ദം റെകോര്‍ഡ് ചെയ്ത കംപ്യൂടറോ ടാബോ ഹാജരാക്കാന്‍ സാധിക്കാതിരുന്നത് പ്രോസിക്യൂഷന് തിരിച്ചടിയായി.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഗൂഢാലോചനക്കേസ് ഉയര്‍ന്നത് എന്നതിനാല്‍ ശബ്ദ രേഖകള്‍ റെകോര്‍ഡ് ചെയ്ത തീയതി പ്രധാനമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ശബ്ദരേഖകളില്‍ കൃത്രിമം നടത്തിയിട്ടില്ലെന്ന പ്രോസിക്യൂഷന്‍ വിശദീകരണം അംഗീകരിക്കാന്‍ കോടതി തയാറായില്ല. ഇതോടെയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യം കോടതി തള്ളിയത്.

Keywords: Trial court dismisses plea to cancel Dileep's bail, Kochi, News, Cinema, Actress, Actor, Dileep, Court, Bail plea, Kerala, Trending.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia