ചാനലുകള്‍ക്ക് ട്രായ് പൂട്ട്, പകുതി ചാനലും വലയ്ക്ക് പുറത്ത്, വലഞ്ഞത് ജനം

 


കൊച്ചി: (www.kvartha.com 08.02.2019) ട്രായ് (ടെലികോ റെഗുലേറ്ററി അതോറിറ്റി) കൊണ്ടുവന്ന പരിഷ്‌കാരം കേബിള്‍ ടി.വി ഉപഭോക്താക്കളെ വെട്ടിലാക്കി. ട്രായ് പ്രതീക്ഷിച്ചതിനു വിപരീത ഫലമാണ് ഉണ്ടായിരിക്കുന്നത്.
ഇതുവരെ ലഭിച്ചുകൊണ്ടിരുന്ന ഭൂരിഭാഗം ചാനലുകളും ലഭിക്കാതെയായി. നൂറുകണക്കിനുപേരാണ് കേബിള്‍ ടെലിവിഷന്‍ ഓഫീസുകളുടെ മുന്നില്‍ എത്തുന്നത്.

കൊച്ചിയിലെ ഡെന്‍ കേബിള്‍ ഓഫീസിനു മുന്നില്‍ എത്തിയ ഉപഭോക്താക്കള്‍ കയ്യേറ്റത്തിനുവരെ മുതിര്‍ന്നു. ഒടുവില്‍ പോലീസിനു ഇടപെടേണ്ടി വന്നു. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ചാനലുകള്‍ മാത്രം തെരഞ്ഞെടുക്കാനും അവയ്ക്കു മാത്രം പണം നല്‍കാനും വേണ്ടിയാണ് ട്രായ് പരിഷ്‌കാരം കൊണ്ടുവന്നതെങ്കില്‍ ഇപ്പോള്‍ നേരേ മറിച്ചാണ് സംഭവിച്ചിരിക്കുന്നത്. ഇതുവരെ പാക്കേജില്‍ ലഭ്യമായിക്കൊണ്ടിരുന്ന പേ ചാനലുകള്‍ കീശയ്ക്കു താങ്ങാനാവാത്ത നിലയില്‍ അപ്രാപ്യമായി.

ചാനലുകള്‍ക്ക് ട്രായ് പൂട്ട്, പകുതി ചാനലും വലയ്ക്ക് പുറത്ത്, വലഞ്ഞത് ജനം

കേരളത്തിലെ ഏറ്റവും വലിയ കേബിള്‍ ടി.വി ശൃംഖലയായ ഏഷ്യാനെറ്റ് കേബിള്‍ ടെലിവിഷന്‍ അഥവാ എ.സി.വിയെ തന്നെ ഉദാഹരണമായി എടുക്കാം. എ.സി.വി കേരള ഇക്കോണമി, വാല്യു, ബജറ്റ് , ക്ലാസിക്ക്, സില്‍വര്‍, ഗോള്‍ഡ്, മെഗാ ഫാമിലി, കേരള മലയാളം തമിഴ്, കേരള മലയാളം, ഹിന്ദി തമിഴ്, കേരള എച്ച്.ഡി ഗോള്‍ഡ്, എച്ച്.ഡി പ്ലാറ്റിനം, എച്ച്.ഡി എമറാള്‍ഡ് എന്നീ ഓമനപ്പേരിട്ട് 13 പാക്കേജുകളാണ് കൊണ്ടുവന്നിരിക്കുന്നത്.

ഇതില്‍ ഏറ്റവും കുറഞ്ഞ മാസവരിസംഖ്യ അടക്കേണ്ട കേരള ഇക്കണോമിക്കിനു 162 രൂപയും ടാക്‌സും ഏറ്റവും ഉയര്‍ന്ന എമറാള്‍ഡിനു 540 രൂപയും ടാക്‌സും ആണ് നല്‍കേണ്ടത്. ആകെ രണ്ട് പേ ചാനലുകള്‍ മാത്രമെ ഇക്കോണമി തെരഞ്ഞെടുക്കുന്നവര്‍ക്കു ലഭിക്കുകയുള്ളു. 186 ഫ്രീ ചാനലുകളും ഇതോടൊപ്പമുണ്ടെന്നു പറയുന്നുണ്ടെങ്കിലും ഫ്രീ ചാനലുകളില്‍ ഭൂരിഭാഗവും ദൂരദര്‍ശന്റെ ചാനലുകളാണെന്നതാണ് സത്യം.

ആസാമീസ്, കാശ്മീരി, ഒറിയ, ഭോജ്പുരി, തുടങ്ങി മലയാളികള്‍ തിരിഞ്ഞു നോക്കുക പോലും ഇല്ലാത്ത ചാനലുകളാണ് ഫ്രീ എന്ന പേരില്‍ വിളമ്പുന്നത്. അതായത് മാസം 175 രൂപയ്ക്കു സൂര്യ, ഏഷ്യാനെറ്റ് എന്നിവയ്ക്കു പുറമെ കാണാന്‍ കൊള്ളാവുന്ന ഒരു ചാനലും ലഭിക്കില്ല എന്നതാണ് വാസ്തവം.

ഏഷ്യാനെറ്റ് കേബിള്‍ ടിവിയുടെ (എ.സി.വി) 13 പാക്കേജുകളിലും ഉപഭോക്താക്കളുടെ താല്‍പ്പര്യത്തിനു യാതൊരു വിലയും ഇല്ല. ഏഷ്യാനെറ്റിന്റെ താല്‍പ്പര്യ പ്രകാരമാണ് 13 പാക്കേജുകളും സൃഷ്ടിച്ചിരിക്കുന്നത്.

ട്രായിയുടെ ഉത്തരവിന്റെ പരസ്യമായ ലംഘനമാണിത്. ട്രായിയുടെ ഉത്തരവ് കാറ്റില്‍ പറത്തി കേബിള്‍ ടെലിവിഷന്‍ ഓപ്പറേറ്റര്‍മാരായിരിക്കും ഇനിയും ഉപഭോക്താക്കള്‍ ഏതൊക്കെ ചാനലുകള്‍ കാണണമെന്നു നിശ്ചയിക്കുക. ചില ചാനലുകള്‍ നിര്‍ബന്ധമായും അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്.

ഇനി ഇതെല്ലാം സഹിച്ചു ഉയര്‍ന്ന നിരക്കുകളിലെ പാക്കേജ് തെരഞ്ഞെടുത്താലും സ്‌പോര്‍ട്‌സ്, മൂവീസ് , ഇന്‍ഫോര്‍മാറ്റിക് (ഡിസ്‌കവറി, ഹിസ്റ്ററി, നാഷണല്‍ ജ്യോഗ്രഫി തുടങ്ങിയവ) ചാനലുകള്‍ വേണമെങ്കില്‍ അവയുടെ പാക്കേജുകള്‍ക്കു പണം വേറെ കൊടുക്കണം.

ഉദാഹരണത്തിന് ഏഷ്യാനെറ്റിന്റെ 39 രൂപ പാക്കേജ് എടുത്താല്‍ സ്റ്റാറിന്റെ എല്ലാ ചാനലുകളും കാണാനാകുമെന്ന പരസ്യം കണ്ടു നിരവധിപേരാണ് കേബിള്‍ ടിവി ഓഫീസുകളില്‍ എത്തുന്നത്. ഇത് വെറും തട്ടിപ്പാണെന്നു വ്യക്തമാകും. ആദ്യം എസിവി ഉപഭോക്താക്കളാണെങ്കില്‍ അവരുടെ 13 പാക്കേജുകളില്‍ ഒന്ന് തെരഞ്ഞെടുത്തേ മതിയാകൂ. അതായത് മാസം ചുരുങ്ങിയത് 250 രൂപ കൊടുത്താല്‍ മാത്രമെ ബേസിക് ചാനലുകളുടെ പാക്കേജിനൊപ്പം ഏഷ്യാനെറ്റിന്റെ (സ്റ്റാര്‍ ) ബൊക്കെ ലഭിക്കുകയുള്ളു.

നിലവില്‍ എച്ച്.ഡി ഉപഭോക്താക്കള്‍ക്കു ലഭിച്ചുകൊണ്ടിരുന്ന മുഴുവന്‍ ചാനലുകളും ഇനിയും അതേപോലെ ലഭിക്കണമെങ്കില്‍ മാസം 1200 രൂപയെങ്കിലും നല്‍കണം. എന്തായാലും ട്രായിയുടെ ഉത്തരവിന്റെ മറവില്‍ കേബിള്‍ ടെലിവിഷന്‍ ഓപ്പറേറ്റര്‍മാര്‍ വന്‍ കൊള്ളയാണ് നടത്തുവാന്‍ പോകുന്നത്.


Keywords: TRAI starts implementing new tariff structure for TV channels, Kochi, News, Entertainment, Channel, Business, Technology, Trending, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia