Blockbuster Success | തുടക്കം ചിരിപ്പിക്കുകയും ഒടുക്കം കരയിപ്പിക്കുകയും ചെയ്ത 'ചിത്രം'; മോഹൻലാലിൻ്റെ ഐതിഹാസിക വിജയ സിനിമ


● ഇതിലെ ഗാനങ്ങൾ പോലും ഹിറ്റായിരുന്നു. അതൊക്കെ ഇന്നും മലയാളിയുടെ മനസ്സിൽ തങ്ങി നിൽക്കുന്നു.
● പാടി അഭിനയിക്കുവാനുള്ള ലാലേട്ടന്റെ കഴിവ് ഏറ്റവും തെളിഞ്ഞു നിന്നത് ഈ ചിത്രത്തിലെ 'നഗുമോ' 'സ്വാമിനാഥ' എന്നീ രണ്ടു ഗാനങ്ങളിലാണ്.
● പല തവണ ചിത്രീകരണം മുടങ്ങിയ ശേഷം എങ്ങനെയൊക്കെയോ വർക്ക് തീർത്ത് പുറത്തിറക്കിയ സിനിമയായിരുന്നു ഇത്.
ഡോണൽ മൂവാറ്റുപുഴ
(KVARTHA) മോഹൻലാലിൻ്റെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ചിത്രം. ഒപ്പം തന്നെ മലയാളത്തിലെ ഐതിഹാസിക വിജയചിത്രവും. ആദ്യദിവസങ്ങളിലെ തണുത്ത പ്രതികരണങ്ങൾക്കു ശേഷം കത്തിപ്പടർന്ന ഈ ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായി മാറുകയായിരുന്നു. ചിരിപ്പിച്ച് ചിരിപ്പിച്ച് ഒടുവിൽ പ്രേക്ഷകനെ കരയിച്ചു കൊണ്ട് ചിത്രമവസാനിച്ചപ്പോൾ കഥയിലെ യുക്തിയൊക്കെ പ്രേക്ഷകൻ മനപൂർവം മറക്കുക തന്നെയാണുണ്ടായത്. അതാണ് മോഹൻലാൽ - രഞ്ജിനി നായിക നായികാനായകന്മാരായി വന്ന പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം എന്ന സിനിമ.
ഇതിലെ ഗാനങ്ങൾ പോലും ഹിറ്റായിരുന്നു. അതൊക്കെ ഇന്നും മലയാളിയുടെ മനസ്സിൽ തങ്ങി നിൽക്കുന്നു. ചിത്രം ഇറങ്ങി 35 വർഷങ്ങൾ പിന്നിടുമ്പോഴും ഈ സിനിമ ആരൊക്കെയോ മനസ്സിൽ ഇന്നും താലോലിക്കുന്നു. ഇതിനുമൊക്കെയപ്പുറം മലയാളി പ്രേക്ഷകന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളുടെ ലിസ്റ്റെടുത്താൽ അതിൽ ഏറ്റവും മുൻപന്തിയിൽ ഈ ചിത്രമുണ്ടാവും. വാടക ഭർത്താവിനെ കണ്ടുപിടിക്കുക, കേവലമൊരു കയ്യബദ്ധത്തിനു വധശിക്ഷ ലഭിക്കുക തുടങ്ങി യുക്തിക്കു നിരക്കാത്ത നിരവധി സന്ദർഭങ്ങൾ ചിത്രത്തിലുണ്ടായിട്ടും അവയെയെല്ലാം മറികടന്നത് കെട്ടുറപ്പുള്ള തിരക്കഥയും, അഭിനേതാക്കളുടെ ഉജ്വല പ്രകടനങ്ങളും സംവിധാനമികവും കൊണ്ടാണ്.
ലാലേട്ടനും, നെടുമുടി വേണുവും, ശ്രീനിവാസനും, രാജുവും, രണ്ടു സീനിൽ മാത്രം വരുന്ന ബോബി കൊട്ടാരക്കര പോലും തങ്ങളുടേതായ പല പൊടിക്കൈകളും പ്രയോഗിച്ച് ചിത്രത്തെ മറ്റൊരു ലെവലിൽ എത്തിച്ചു. പാടി അഭിനയിക്കുവാനുള്ള ലാലേട്ടന്റെ കഴിവ് ഏറ്റവും തെളിഞ്ഞു നിന്നത് ഈ ചിത്രത്തിലെ 'നഗുമോ' 'സ്വാമിനാഥ' എന്നീ രണ്ടു ഗാനങ്ങളിലാണ്. ഇതൊക്കെ പ്രേക്ഷകർ എന്ന നിലയിൽ നമ്മൾ കണ്ടും കേട്ടുമൊക്കെ അറിഞ്ഞ കാര്യങ്ങളാണെങ്കിലും പലർക്കും അറിയാത്ത കാര്യങ്ങളാണ് ഈ സിനിമയുടെ ചിത്രീകരണവിശേഷങ്ങൾ. പല തവണ ചിത്രീകരണം മുടങ്ങിയ ശേഷം എങ്ങനെയൊക്കെയോ വർക്ക് തീർത്ത് പുറത്തിറക്കിയ സിനിമയായിരുന്നു ഇത്.
ഈ ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടു പോയി പ്രൊഡ്യൂസർ പി.കെ ആർ പിള്ള. ഒരേ സമയം രണ്ടു ചിത്രങ്ങൾ പ്രൊഡ്യൂസ് ചെയ്യുകയായിരുന്ന അദ്ദേഹം ഈ സിനിമയ്ക്കു വേണ്ടി അടുത്ത സിനിമ മറ്റൊരു പ്രൊഡ്യൂസറിനു വിൽക്കുകയാണുണ്ടായത് എന്ന് പറയപ്പെടുന്നു. ആ തീരുമാനം കൃത്യമായിരുന്നു എന്ന് സാധൂകരിക്കുന്നതായിരുന്നു ചിത്രത്തിന്റെ ഐതിഹാസിക വിജയം. സാമ്പത്തിക പ്രതിസന്ധി മാത്രമായിരുന്നില്ല ചിത്രീകരണ വേളയിൽ നേരിട്ട തടസ്സം. നായിക രഞ്ജിനി അസുഖം വന്ന് കിടപ്പിലായതു കൊണ്ടും ചിത്രീകരണം മുടങ്ങിയിരുന്നു. ആദ്യം രേവതിയെ കാസ്റ്റ് ചെയ്ത റോളിലേക്കാകായിരുന്നു രഞ്ജിനി എത്തിയത്. ഒടുവിൽ അത് രഞ്ജിനിയുടെ കരിയർ ബെസ്റ്റായി മാറുകയും ചെയ്തു.
ഇന്നും രഞ്ജിനിയെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നത് ചിത്രം സിനിമയിലെ നായികയായിട്ടാണ്. ഈ ചിത്രത്തിലെ എണ്ണം പറഞ്ഞ ഗാനങ്ങൾ കണ്ണൂർ രാജന്റേതാണെന്നും പശ്ചാത്തല സംഗീതം ജോൺസന്റേതാണെന്നുമുള്ള കാര്യം പ്രേക്ഷക ശ്രദ്ധയിൽ അർഹിച്ച രീതിയിൽ എത്തിയിട്ടുണ്ടോ എന്നും സംശയമാണ്. സിനിമ തുടങ്ങി ഏകദേശം നാൽപതു മിനിട്ടുകൾക്കു ശേഷം സംവിധായകന്റെ പേരെഴുതി കാണിച്ച ഒരു പുതുമയും ഈ ചിത്രത്തിൽ പരീക്ഷിക്കപ്പെട്ടിരുന്നു.. ഈ ചിത്രത്തിന്റെ ചുവടു പിടിച്ച് വന്ദനത്തിന്റെ ക്ലെെമാക്സ് അനാവശ്യമായി ട്രാജഡിയാക്കി പ്രിയദർശൻ പണി വാങ്ങിച്ചതും ചരിത്രം.
രൂപയുടെ മൂല്യവ്യത്യാസമൊക്കെ കണക്കിലെടുത്താൽ ഒരു പക്ഷേ ഇതായിരിക്കും മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രമെന്ന് പറഞ്ഞാൽ അതിന് അതിശയോക്തി ഉണ്ടെന്ന് തോന്നുന്നില്ല. ഈ ചിത്രം ഒരു വർഷത്തിലേറെയാണ് തീയറ്ററുകളിൽ പ്രദർശിപ്പിച്ചത്. റിലീസ് സെന്ററുകളിനേക്കാൾ ബി, സി സെന്ററുകളിൽ പോലും അതിനു മുൻപോ പിൻപോ കണ്ടിട്ടില്ലാത്ത തരത്തിലുള്ള വിജയമായിരുന്നു ചിത്രം കൈവരിച്ചത്. ഈ സിനിമയിലെ ദൂരെ കിഴക്കുദിച്ചു എന്ന ഗാനമൊക്കെ പഴയകാല ആളുകൾ ഇന്നും യൂട്യൂബിലും മറ്റും സേർച്ച് ചെയ്ത് തുടർച്ചയായി കേൾക്കുന്നത് കാണാം.
അത്രയ്ക്ക് മനോഹരങ്ങളായ ഗാനങ്ങളും ഈ സിനിമയെ പ്രേക്ഷകൻ്റെ മനസ്സിൽ മറ്റൊരു ലെവൽ ആക്കി. ചിത്രം ഓർക്കാത്ത മലയാളി പ്രേക്ഷകർ കുറവാണോ എന്ന് ചോദിച്ചാൽ കൂടുതൽ എന്നു തന്നെയാകും ഉത്തരം. അത്രയ്ക്ക് മനോഹരമായിരുന്നു ചിത്രം എന്ന മലയാള സിനിമ. പ്രേക്ഷകനെ ചിരിക്കാനും ചിന്തിപ്പിക്കാനുമായി തീയേറ്ററുകളിൽ എത്തിച്ച സിനിമ.
#Mohanlal #Chidram #Priyadarshan #MalayalamCinema #ClassicFilm #IconicMovies