Movie review | തലവൻ: ആസിഫ് അലി - ബിജു മേനോൻ കെമിസ്ട്രി ഗംഭീരം


* വളരെ പോസിറ്റീവ് പ്രതികരണം ആണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് കിട്ടുന്നത്
(KVARTHA) ആസിഫ് അലി - ബിജു മേനോൻ തമ്മിലുള്ള കെമിസ്ട്രി നല്ല രസമാണ്. എപ്പോഴൊക്കെ ഇവർ ഒന്നിച്ചിട്ടുണ്ടോ അപ്പോഴൊക്കെ നല്ല സിനിമകൾ ആണ് മലയാളികൾക്ക് കിട്ടിയത്. ആസിഫ് അലി - ബിജുമേനോൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘തലവൻ’ തിയേറ്ററിൽ എത്തിയിരിക്കുകയാണ്. വളരെ പോസിറ്റീവ് പ്രതികരണം ആണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് കിട്ടുന്നത്. ഈ സിനിമയെപ്പറ്റി ഒറ്റ വാക്കിൽ പറഞ്ഞാൽ ‘കിടിലൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമ' എന്ന് വേണം വിശേഷിപ്പിക്കാൻ. മാസ് ഡയലോഗുകളും ഫൈറ്റും സസ്‌പെൻസും എല്ലാം ഒത്തുചേർന്ന കംപ്ലീറ്റ് പാക്കേജ്.
സസ്പെൻസ് ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് മാത്രമല്ല, എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടമാവുന്ന ചിത്രം ആണ് തലവൻ. ഒരേ പൊലീസ് സ്റ്റേഷനിലെ സി ഐ ജയശങ്കറും എസ് ഐ കാര്‍ത്തികും തമ്മിലുള്ള അധികാരത്തിലേയും അന്വേഷണത്തിലെയും തര്‍ക്കങ്ങളിലൂടെ തുടങ്ങി വ്യത്യസ്തമായൊരു കുറ്റാന്വേഷണത്തിലേയ്ക്ക് സഞ്ചരിക്കുന്ന സിനിമയാണ് തലവൻ. സി ഐയായി ബിജു മേനോനും എസ് ഐയായി ആസിഫ് അലിയും വേഷമിടുന്നു. ഇരുവരുടെയും പെർഫോമൻസ് തന്നെ ആണ് സിനിമയുടെ ഹൈലൈറ്റുകളിൽ പ്രധാനം.
കഥയിലേയ്ക്ക് വന്നാൽ ഒരു കൊലപാതകവും തുടർന്ന് നടക്കുന്ന അന്വേഷണവും ആണ് തലവൻ്റെ ഇതിവൃത്തം. ഡിവൈഎസ്‍പിയായിരുന്ന ഉദയഭാനു തന്റെ സര്‍വീസ് സ്റ്റോറി ഒരു ടെലിവിഷൻ പ്രോഗ്രാമിൽ പറയുന്നതോടെ ആണ് സിനിമ തുടങ്ങുന്നത്. അദ്ദേഹം പറയുന്ന ആ കഥ തന്നെ ആണ് സിനിമ ആയി കാണിക്കുന്നതും. കണ്ണൂരിലെ ഒരു പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരായ ജയശങ്കറും കാര്‍ത്തിക്കും തമ്മിലുള്ള ഈഗോ ക്ലാഷ് രൂക്ഷമായ ഒരു സാഹചര്യത്തിലാണ് ജയശങ്കറിന്റെ വീട്ടിൽ നിന്നും ഒരു മൃതശരീരം ലഭിക്കുന്നത്. മരിച്ചയാൾക്ക് അയാളുമായി ബന്ധമുണ്ടായിരുന്നതുകൊണ്ടും സാഹചര്യ തെളിവുകൾ അയാൾക്ക് എതിരായതുകൊണ്ടും സ്വാഭാവികമായും അയാളെ പ്രതിയായി കാണുന്നു. അന്വേഷണ ഉദ്യാഗസ്ഥൻ ആവട്ടെ അയാളുടെ ശത്രുവായ കാര്‍ത്തിക്കും.
സ്വന്തം നിരപരാധിത്വം തെളിയിക്കാൻ ഒരാളും കുറ്റവാളിയെ പിടിക്കാൻ മറ്റേ ആളും രണ്ട് വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നതാണ് തലവന്റെ ആകെത്തുക. തുടക്കം മുതൽ ഒടുക്കം വരെ സസ്പെൻസ് നിലനിർത്തി തന്നെ ആണ് ചിത്രത്തിന്റെ തിരക്കഥ. ദീപക് ദേവിന്റെ മികച്ച പശ്ചാത്തല സംഗീതവും ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്. പടത്തിൽ മറ്റൊരു പോസിറ്റീവ് ചിത്രത്തിൻ്റെ ബാക്‌ഗ്രൗണ്ട് സ്കോർ ആണ്. ത്രില്ലർ സീനുകളിൽ കിടിലൻ ബിജിഎം ആണ് ദീപക് ദേവ് കൊണ്ടുവന്നിരിക്കുന്നത്. ബിജു മേനോനും ആസിഫ് അലിയും, രണ്ടുപേരും അവരുടെ റോളുകൾ വളരെ മികച്ച രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്. പിന്നെ എടുത്തു പറയേണ്ടത് കോട്ടയം നസീർ ആണ്. അദേഹവും ഈ സിനിമയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്.
ദിലീഷ് പോത്തൻ, ശങ്കർ രാമകൃഷ്ണൻ, ജോജി, മിയ തുടങ്ങിയ നീണ്ട താരനിര തങ്ങളുടെ വേഷങ്ങൾ മികവോടെ അവതരിപ്പിച്ചിട്ടുണ്ട്. സൂരജ് ഇ എസിന്റെ എഡിറ്റിങ് സിനിമയുടെ ത്രില്ലർ മൂഡിനെ എലവേറ്റ് ചെയ്യാൻ സഹായിച്ചു. രൺ വേലായുധന്റെ ഛായാഗ്രഹണവും സിനിമയ്ക്ക് യോജിച്ചതായി. ആസിഫ് അലി - ബിജുമേനോൻ വിജയ കൂട്ടുകെട്ട് ഇവിടയും വിജയം ആവർത്തിക്കും എന്നു തന്നെയാണ് പ്രതീക്ഷ.
ജിസ് ജോയി തൻ്റെ ഫീൽ ഗുഡ് ഇമേജ് ബ്രേക്ക് ചെയ്യാൻ നടത്തിയ ശ്രമമായ 'ഇന്നലെ വരെ'ക്ക് ശേഷം അതിനെ അടിവരയിട്ട് ഉറപ്പിക്കുന്നു ഈ തലവൻ. മൊത്തത്തിൽ അമിത പ്രതീക്ഷകളില്ലാതെ, ഈ ജോണറിൽ ഇറങ്ങിയ മറ്റു ചിത്രങ്ങളോട് ഒരു കംമ്പാരിസൺ നടത്താതെ കാണാൻ ശ്രമിച്ചാൽ ഈ അടുത്ത കാലത്ത് ഇറങ്ങിയ നല്ലൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് തലവൻ. എല്ലാവരും ഈ സിനിമ തീയേറ്ററിൽ തന്നെ പോയി കണ്ട് ആസ്വദിക്കണമെന്നേ പറയാനുള്ളൂ. ശരിക്കും ആസ്വദിക്കാം, ഒരു നഷ്ടവും ഉണ്ടാകുകയില്ല. ധൈര്യമായി ടിക്കറ്റ് എടുക്കാം.