നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മത്സരിക്കില്ല; ബിജെപിയുടെ താരപ്രചാരകനായി ഉണ്ടാകും

 


തൃശൂര്‍: (www.kvartha.com 10.01.2021) നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മത്സരിക്കില്ലെന്ന് സൂചന. എന്നാല്‍ സംസ്ഥാനത്ത് ബിജെപിയുടെ താരപ്രചാരകനായി സുരേഷ് ഗോപി ഉണ്ടായിരിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ താരപ്രചാരകനായി തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ കളത്തിലിറക്കിയ ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ തന്ത്രമാണ് ലക്ഷ്യമിടുന്നത്. 

നേരത്തെ തൃശൂരിലെ ഏതെങ്കിലും നിയമസഭാ മണ്ഡലത്തില്‍ നിന്ന് സുരേഷ് ഗോപി മത്സരിക്കുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, താരം നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് കൂടുതല്‍ സാധ്യത. അതേസമയം, പാര്‍ടി നിര്‍ബന്ധിക്കുകയാണെങ്കില്‍ തിരുവനന്തപുരത്തെ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കാനുള്ള സാധ്യതയുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മത്സരിക്കില്ല; ബിജെപിയുടെ താരപ്രചാരകനായി ഉണ്ടാകും
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി എ-ക്ലാസ് മണ്ഡലങ്ങളുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഇതില്‍ തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഒന്‍പത് മണ്ഡലങ്ങളുണ്ടെന്നാണ് റിപോര്‍ട്ട്. ഈ മണ്ഡലങ്ങളിലേക്ക് ഏറ്റവും ശക്തരായ നേതാക്കളെ സ്ഥാനാര്‍ഥികളാക്കാനാണ് പാര്‍ടിയുടെ തീരുമാനം. സംസ്ഥാന നേതാക്കള്‍ തൃശൂരിലെ മണ്ഡലങ്ങള്‍ ലഭിക്കാന്‍ ചരടുവലി തുടങ്ങിക്കഴിഞ്ഞു.

എ എന്‍ രാധാകൃഷ്ണന്‍ തൃശൂരിലെ മണലൂര്‍ മണ്ഡലത്തില്‍ നിന്നു തന്നെ ജനവിധി നേടാനാണ് സാധ്യത. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും രാധാകൃഷ്ണന്‍ മണലൂരില്‍ നിന്നാണ് മത്സരിച്ചത്. കഴിഞ്ഞ തവണ മണലൂരില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും രാധാകൃഷ്ണന് സാധിച്ചിരുന്നു.

തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ രണ്ട് പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ബി ഗോപാലകൃഷ്ണനും സന്ദീപ് വാര്യറും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോപാലകൃഷ്ണനാണ് തൃശൂരില്‍ നിന്ന് മത്സരിച്ചത്. തൃശൂരില്‍ സ്ഥാനാര്‍ഥിയായില്ലെങ്കില്‍ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ ഗോപാലകൃഷ്ണന്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുണ്ട്.

അതേസമയം മഹിള മോര്‍ച സംസ്ഥാന പ്രസിഡന്റ് നിവേദിത ഗുരുവായൂരില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ തവണയും നിവേദിതയായിരുന്നു ഗുരുവായൂരില്‍ സ്ഥാനാര്‍ഥി. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റും ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിയുമായ എ നാഗേഷ് പുതുക്കാട് മണ്ഡലത്തില്‍ മത്സരിച്ചേക്കും. കുന്നംകുളത്ത് കെ കെ അനീഷ് കുമാര്‍ സ്ഥാനാര്‍ഥിയാകുമെന്നാണ് റിപോര്‍ട്.

Keywords:  Suresh Gopi will not contest Assembly polls; There will be a BJP star campaigner, Thrissur, News, Suresh Gopi, Cinema, Actor, Election, Assembly Election, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia