ആ നന്മ മനസ്സിലാക്കാന്‍ പറ്റാത്ത മാക്രി പറ്റങ്ങളോട് എന്താണ് പറയേണ്ടത്? ചൊറിയന്‍ മാക്രി പറ്റങ്ങളാണവര്‍, ധൈര്യമുണ്ടെങ്കില്‍ പ്രതികരിക്കട്ടെ, ഞാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്; വിവാദത്തോട് പ്രതികരിച്ച് നടന്‍ സുരേഷ് ഗോപി
Apr 13, 2022, 17:57 IST
തൃശൂര്‍: (www.kvartha.com 13.04.2022) തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ നടന്ന വിഷു കൈനീട്ടം പരിപാടി വിവാദമായതോടെ പ്രതികരണവുമായി താരം.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രത്തില്‍ മേല്‍ശാന്തിക്ക് ഭക്തര്‍ക്ക് വിഷു കൈനീട്ടം നല്‍കാനായി 1000 രൂപയുടെ ഒരു രൂപയടങ്ങിയ ഒരു കെട്ട് പണം താരം നല്‍കിയതോടെയാണ് സംഭവം വിവാദമായത്. ഇതിനെതിരെ തൃശൂര്‍ ജില്ലയിലെ സിപിഎം, സിപിഐ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
മാത്രമല്ല, ഒരിടത്ത് കൈനീട്ടം വാങ്ങിയ ശേഷം കാറിലിരിക്കുന്ന സുരേഷ് ഗോപിയുടെ കാല്‍തൊട്ട് വന്ദിക്കുന്ന സ്ത്രീകളുടെ വിഡിയോയ്‌ക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. സ്ത്രീകള്‍ വരിയായിവന്ന് കൈനീട്ടം വാങ്ങിയ ശേഷം താരത്തിന്റെ കാല്‍തൊട്ട് വന്ദിച്ച് മടങ്ങുന്നതാണ് വീഡിയോയില്‍. മാത്രമല്ല, അവസാനം എല്ലാവര്‍ക്കൊപ്പം ഫോടോയും എടുത്തശേഷമാണ് താരത്തിന്റെ മടക്കം.
എന്നാല്‍ വിവാദത്തോട് സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ:
'ചില വക്രബുദ്ധികളുടെ നീക്കം അതിനുനേരെയും വന്നിട്ടുണ്ട്. അത് നമ്മുടെ ഏറ്റവും വലിയ വിജയമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്. അവര്‍ക്ക് അസഹിഷ്ണുതയുണ്ടായി. ഞാനത് ഉദ്ദേശിച്ചിരുന്നില്ല. കുരുന്നുകളുടെ കയ്യിലേക്ക് ഒരു രൂപയാണ് വച്ചുകൊടുക്കുന്നത്. 18 വര്‍ഷത്തിനുശേഷം വോടുപിടിക്കാനുള്ള കപ്പമല്ല കൊടുത്തിരിക്കുന്നത്. വിഷുവെന്ന് പറയുന്നത് ഹിന്ദുവിന്റേതല്ല. ദക്ഷിണേന്‍ഡ്യക്കാരുടെ മുഴുവന്‍ ഒരു വലിയ ആചാരമാണ്.
ഒരു രാജ്യത്തിന്റെ സമ്പന്നതയിലേക്ക് സംഭാവന ചെയ്യുന്നതാണ് ഓരോ കുഞ്ഞും. അത് ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും' സുരേഷ് ഗോപി പറഞ്ഞു. ഒരു രൂപയുടെ നോടില്‍ ഗാന്ധിയുടെ ചിത്രമാണുള്ളത്. മറിച്ച് നരേന്ദ്ര മോദിയുടെയോ സുരേഷ് ഗോപിയുടെയോ ചിത്രമല്ല.
ഒരു രൂപ നോടെടുത്ത് മഹാലക്ഷ്മി ദേവിയെ പ്രാര്‍ഥിച്ചുകൊണ്ട് കൈവെള്ളയില്‍ വച്ചുകൊടുക്കുന്നത്, ഈ കുഞ്ഞ് പ്രാപ്തി നേടി നിര്‍വഹണത്തിനിറങ്ങുമ്പോള്‍ കയ്യില്‍ ഒരു കോടി വന്നു ചേരുന്ന അനുഗ്രഹ വര്‍ഷമാവണേ എന്നാണ്.
ആ നന്മ മനസ്സിലാക്കാന്‍ പറ്റാത്ത മാക്രി പറ്റങ്ങളോട് എന്താണ് പറയേണ്ടത്? ഞാനുറപ്പിച്ചു, ചൊറിയന്‍ മാക്രി പറ്റങ്ങളാണവര്‍. ധൈര്യമുണ്ടെങ്കില്‍ പ്രതികരിക്കട്ടെ. ഞാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്' സുരേഷ് ഗോപി പറഞ്ഞു. 'ഹീനമായ ചിന്തയുണ്ടെങ്കില്‍ മാത്രമേ ഇതു ചെയ്യാന്‍ സാധിക്കൂ. ഓരോ കുഞ്ഞും ഓരോ കുടുംബത്തിലേക്കു ജനിച്ചുവീഴുന്നത് അവരുടെ കുടുംബ സ്വത്തായിട്ടായിരിക്കാം. പക്ഷേ, അത് രാജ്യത്തിനുള്ള സംഭാവനയാണ്.
ആ കുഞ്ഞിന്റെ ഡിഎന്‍എയില്‍ നവോഥാനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അത് മുന്‍പു പറഞ്ഞ വക്രബുദ്ധികള്‍ സൃഷ്ടിക്കുന്ന നവോഥാനമല്ല. ആ ഡിഎന്‍എ ഈ രാജ്യത്തിനും ലോകത്തിനും സമ്പന്നത മാത്രം സമ്മാനിക്കണം. അതിനാണ് ഓരോ കുഞ്ഞും പിറക്കുന്നത്' എന്നും സുരേഷ് ഗോപി പറഞ്ഞു.
Keywords: Thrissur, News, Politics, Religion, Festival, Controversy, Cinema, Cine Actor, BJP, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.