SWISS-TOWER 24/07/2023

ഷംന ഖാസിം ബ്ലാക്ക്‌മെയിലിംഗ് കേസ്; മേക്കപ്പ് മാന്‍ പിടിയില്‍; അന്വേഷണം സിനിമാ മേഖലയിലേക്കും; ധര്‍മജനെ കമ്മിഷണര്‍ ഓഫീസിലേക്ക് വിളിപ്പിച്ചു; കൂടുതല്‍ താരങ്ങളില്‍ നിന്നും വിവരങ്ങള്‍ തേടും

 


ADVERTISEMENT

കൊച്ചി: (www.kvartha.com 29.06.2020) നടി ഷംന ഖാസിം ബ്ലാക്ക്മെയിലിംഗ് കേസില്‍ പ്രതിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റും ചാവക്കാട് സ്വദേശിയുമായ ഹാരിസ് പിടിയിലായി. സിനിമയില്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റ് ആയ ഇയാള്‍ക്ക് ഗള്‍ഫില്‍ സ്വന്തമായി ഹെയര്‍ സലൂണുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. നേരത്തെ അറസ്റ്റിലായ റഫീക്കിന്റെ ബന്ധുവാണ് ഹാരിസ് എന്നാണ് പൊലീസ് പറയുന്നത്.

വിവാഹാലോചനയുടെ ഇടനിലക്കാരനായത് ഹാരിസായിരുന്നു. ഇയാളാണ് റഫീഖ് അടക്കമുള്ളവരെ നടിയുടെ കുടുംബത്തിന് പരിചയപ്പെടുത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു.


ഷംനയുടെ കേസിന് പുറമേ ഏഴ് കേസുകളാണ് പ്രതികള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ഹാരിസിനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് എത്ര പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട് എന്ന് വ്യക്തമാകാന്‍ ഹാരിസിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് എന്തെല്ലാം തട്ടിപ്പുണ്ടെന്ന് അറിയാന്‍ ഹാരിസിനെ ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് പൊലീസ്.

പ്രതികള്‍ക്ക് സെക്സ് റാക്കറ്റുമായി ബന്ധമൊന്നും കണ്ടെത്താനായില്ല. ഒരു പെണ്‍കുട്ടി മാത്രമാണ് ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയിട്ടുള്ളത്. അതിനിടെ പ്രതികള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചതായി ഐജി വിജയ് സാഖറെ പറഞ്ഞു. അഞ്ച് പേര്‍ കൂടി തിങ്കളാഴ്ച പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരകളായിട്ടുണ്ടെന്നും ഐജി പറഞ്ഞു.

ഷംന കേസില്‍ ആകെ എട്ടുപേര്‍ അറസ്റ്റിലായി. മൂന്ന് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. ഇവരും ഉടന്‍ പിടിയിലാകും. പ്രധാന പ്രതികളെല്ലാം പിടിയിലായി. അതേസമയം പെണ്‍കുട്ടികളാരും പരാതിയില്‍നിന്ന് പിന്മാറിയിട്ടില്ല. ഈ സംഭവങ്ങളില്‍ കൂടുതല്‍ കേസുകളുണ്ടാകുമെന്നും വിജയ് സാഖറെ വിശദീകരിച്ചു. കേസില്‍ പ്രതികളായവര്‍ സുഹൃത്തുക്കളും ബന്ധുക്കളുമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഷംന കേസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. തട്ടിപ്പ് സംഘത്തിലെ പ്രതികള്‍ കൂടുതല്‍ സിനിമാ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണം താരങ്ങളിലേക്കും നീണ്ടത്. ഇതിന്റെ ഭാഗമായി നാല് താരങ്ങളില്‍നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. ഷംനയോടൊപ്പം വിദേശരാജ്യങ്ങളില്‍ സ്റ്റേജ് ഷോയില്‍ പങ്കെടുത്ത സിനിമാ താരങ്ങളില്‍നിന്നാണ് അന്വേഷണ സംഘം വിവരങ്ങള്‍ തേടിയത്.

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി ഉള്‍പ്പടെ മൂന്നുപേരെ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച കമ്മിഷണര്‍ ഓഫീസിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ധര്‍മജന്റെ ഫോണ്‍ നമ്പര്‍ പ്രതികളില്‍നിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച് അറിയുന്നതിനാണ് ഇദ്ദേഹത്തോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഷംന ഖാസിം ബ്ലാക്ക്‌മെയിലിംഗ് കേസ്; മേക്കപ്പ് മാന്‍ പിടിയില്‍; അന്വേഷണം സിനിമാ മേഖലയിലേക്കും; ധര്‍മജനെ കമ്മിഷണര്‍ ഓഫീസിലേക്ക് വിളിപ്പിച്ചു; കൂടുതല്‍ താരങ്ങളില്‍ നിന്നും വിവരങ്ങള്‍ തേടും

ഒരു നിര്‍മാതാവില്‍നിന്നാണ് ഹാരിസിന് ഷംനയുടെ ഫോണ്‍ നമ്പര്‍ ലഭിച്ചത് എന്നാണ് ആദ്യ ഘട്ടത്തില്‍ പൊലീസിനു ലഭിച്ചിരുന്ന വിവരം. നിര്‍മാതാവില്‍നിന്നു നടിയുടെ നമ്പര്‍, താമസിക്കുന്ന വീടിന്റെ വിവരങ്ങള്‍ തുടങ്ങിയവ പ്രതികള്‍ക്ക് കൈമാറുകയായിരുന്നത്രേ. ഇരകള്‍ക്ക് മോഡലിങ്ങില്‍ മികച്ച അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തുന്നതിന് സഹായിച്ചത് ഇടുക്കി സ്വദേശിനിയായ യുവതിയാണെന്ന് നേരത്തെ ചിലര്‍ വെളിപ്പെടുത്തിയിരുന്നു.

ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇവര്‍ കൂടി പിടിയിലായാല്‍ തട്ടിപ്പിന്റെ യഥാര്‍ഥ വ്യാപ്തിയും എത്ര ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതടക്കമുള്ള കൃത്യമായ വിവരവും ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

Keywords: Shamna Kasim case; Make up artist Haris in police custody, police seeks details from actors, Kochi, News, Cinema, Actress, Case, Complaint, Police, Arrested, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia