സാമന്തയും നാഗചൈതന്യയും വേര്‍പിരിയുന്നു; ഒടുവില്‍ സസ്‌പെന്‍സ് മറനീക്കി പുറത്തുവന്നു; വാര്‍ത്ത സ്ഥിരീകരിച്ച് താരം
Oct 2, 2021, 17:19 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 02.10.2021) അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു തെന്നിന്‍ഡ്യന്‍ താരങ്ങളായ സാമന്ത അക്കിനേനിയും നാഗചൈതന്യയും തമ്മിലുള്ള വിവാഹമോചന വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോള്‍ സസ്‌പെന്‍സ് മറനീക്കി പുറത്തുവന്നിരിക്കയാണ്. വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് നാഗ ചൈതന്യ തന്നെ രംഗത്തെത്തി. ആരാധകരോട് തങ്ങളെ സമാധാനപരമായി വേര്‍പിരിയാന്‍ അനുവദിക്കണമെന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നാഗചൈതന്യ ആവശ്യപ്പെടുന്നത്.
'ഏറെ ആലോചിച്ചതിനു ശേഷം ഞാനും സാമും (സാമന്ത) ഭാര്യഭര്‍ത്താക്കന്മാരെന്ന രീതിയില്‍ വേര്‍പിരിയാനും അവരുടേതായ പാത പിന്തുടരാനും തീരുമാനിച്ചു. ഒരു ദശാബ്ദത്തോളം നീണ്ട സൗഹൃദം ഞങ്ങള്‍ക്കിടയിലുണ്ടെന്നതില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്, ഞങ്ങളുടെ ബന്ധത്തിന്റെ കാതലും അതായിരുന്നു. ആ സൗഹൃദം ഞങ്ങള്‍ക്കിടയില്‍ ഇനിയും അടുപ്പം നിലനിര്‍ത്തുമെന്ന് വിശ്വസിക്കുന്നു.'
'ഈ പ്രയാസകരമായ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കണമെന്നും മുന്നോട്ട് പോകാന്‍ ആവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് തരണമെന്നും ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യര്‍ഥിക്കുകയാണ്. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി,' നാഗ ചൈതന്യ കുറിക്കുന്നു.
മുന്‍പ് ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലും വിവാഹമോചന വാര്‍ത്തകളോട് പരോക്ഷമായി നാഗചൈതന്യ പ്രതികരിച്ചിരുന്നു. തന്റെ വ്യക്തിജീവിതവും പ്രൊഫഷനല്‍ ജീവിതവും രണ്ടായി നിലനിര്‍ത്താന്‍ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് വരുന്ന വാര്‍ത്തകളില്‍ തനിക്ക് വേദനയുണ്ടെന്നുമാണ് നാഗചൈതന്യ പറഞ്ഞത്.
ഇതൊന്നും ആളുകളുടെ മനസില്‍ അധികനേരം നിലനില്‍ക്കില്ല. യഥാര്‍ഥ വാര്‍ത്തകള്‍, പ്രസക്തമായ വാര്‍ത്തകള്‍ നിലനില്‍ക്കും. എന്നാല്‍ ഇത്തരം ഉപരിപ്ലവമായ വാര്‍ത്തകള്‍, ടിആര്‍പികള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന വാര്‍ത്തകള്‍ വിസ്മരിക്കപ്പെടും. ഈ നിരീക്ഷണത്തില്‍ ഞാനെത്തി ചേര്‍ന്നതോടെ, അതെന്നെ ബാധിക്കുന്നത് നിര്‍ത്തിയെന്നും താരം പറഞ്ഞു.
വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതം വേര്‍തിരിച്ച് സൂക്ഷിക്കാന്‍ താനിഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ നാഗചൈതന്യ ഇക്കാര്യം തന്റെ മാതാപിതാക്കളില്‍ നിന്നും താന്‍ വളരെ ചെറുപ്പത്തില്‍ തന്നെ പഠിച്ച കാര്യമാണെന്നും വ്യക്തമാക്കി.
ഞാനൊരിക്കലും രണ്ടും മിക്‌സ് ചെയ്തിട്ടില്ല. എന്റെ മാതാപിതാക്കളില്‍ നിന്ന് പഠിച്ച ശീലമാണിത്. അവര്‍ വീട്ടില്‍ വന്നുകഴിഞ്ഞാല്‍ ഒരിക്കലും ജോലിയെക്കുറിച്ച് സംസാരിക്കുന്നതു കണ്ടിട്ടില്ല. അവര്‍ ജോലിക്ക് പോകുമ്പോള്‍, അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ ജോലിയിലേക്കും കൊണ്ടുവരാറില്ല. വളരെ നല്ലൊരു ബാലന്‍സ് തന്നെ അവര്‍ സൂക്ഷിച്ചിരുന്നു, ഞാനെപ്പോഴും അത് ശ്രദ്ധിച്ചിരുന്നുവെന്നും താരം പറഞ്ഞിരുന്നു.
നാഗചൈതന്യയുടെ ഭാര്യയും തെന്നിന്‍ഡ്യന്‍ താരവുമായ സാമന്ത അക്കിനേനി, തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പേര് മാറ്റിയതോടെയാണ് ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന ഗോസിപ് പുറത്തുവന്നു തുടങ്ങിയത്.
വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഗോസിപുകള്‍ വേദനിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, 'തീര്‍ച്ചയായും, തുടക്കത്തില്‍, ഇത് അല്‍പം വേദനാജനകമായിരുന്നു. എന്തുകൊണ്ടാണ് വിനോദമേഖലയിലെ തലക്കെട്ടുകള്‍ ഇങ്ങനെയാവുന്നത്? പക്ഷേ അതിനു ശേഷം ഞാന്‍ പഠിച്ചത്, ഇന്നത്തെ കാലത്ത് വാര്‍ത്തകളെ റീപ്ലേസ് ചെയ്യുന്നത് ഇത്തരം വാര്‍ത്തകളാണെന്നാണ്,' എന്നും നാഗചൈതന്യ മറുപടി നല്‍കി.
താന്‍ സോഷ്യല്‍ മീഡിയയില്‍ അധികം ശ്രദ്ധിക്കുകയോ ഇന്‍സ്റ്റഗ്രാമിലും ട്വിറ്റെറിലും കൂടുതല്‍ സമയം ചെലവഴിക്കുകയോ ചെയ്യാറില്ലെന്നും നാഗചൈതന്യ വെളിപ്പെടുത്തി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ താന്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളം സമയം ചെലവഴിക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ കോവിഡ് മഹാമാരി വന്നതോടെ അത് നിര്‍ത്തിയെന്നും നാഗ ചൈതന്യ പറയുന്നു.
Keywords: Samantha Ruth Prabhu And Naga Chaitanya Announce Separation, Chennai, Cinema, News, Actress, Actor, Social Media, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

