കശ്മീര്‍ ഫയല്‍സിനെയും ഗംഗുഭായിയെയും പിന്തള്ളി രാജമൗലിയുടെ ആര്‍ആര്‍ആര്‍ കുതിക്കുന്നു; ആദ്യവാരം പിന്നിടുമ്പോള്‍ ആഗോള കളക്ഷനില്‍ ചരിത്രം

 



കൊച്ചി: (www.kvartha.com 01.04.2022) ആദ്യവാരം പിന്നിടുമ്പോള്‍ ആഗോള കളക്ഷനില്‍ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ ചരിത്രം കുറിക്കുന്നു. ബോളിവുഡിലെ ഈ വര്‍ഷത്തെ വലിയ ഹിറ്റുകളായിരുന്ന സൂര്യവന്‍ശി, ദ് കശ്മീര്‍ ഫയല്‍സ്, 83, ഗംഗുഭായി കത്തിയവാഡി എന്നിവയേക്കാളൊക്കെ മുകളിലാണ് ആദ്യ വാര കളക്ഷന്‍.

മാര്‍ച് 25ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരാഴ്ച കൊണ്ട് നേടിയ ആഗോള ഗ്രോസ് 710 കോടിയാണ്! ഇന്‍ഡ്യയില്‍ നിന്നു മാത്രം ആദ്യവാരം നേടിയ ഗ്രോസ് 560 കോടിയും. കോവിഡിന് ശേഷം ഒരു ഇന്‍ഡ്യന്‍ ചിത്രം നേടുന്ന ഏറ്റവും മികച്ച ആദ്യവാര കളക്ഷനാണ് ഇത്. 

ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രമെടുത്ത് പരിശോധിച്ചാലും ഉത്തരേന്‍ഡ്യന്‍ മാര്‍കറ്റില്‍ തെലുങ്ക് ചിത്രങ്ങളുടെ പതിപ്പുകള്‍ നേടുന്ന ജനപ്രീതി അറിയാനാവും. ആര്‍ആര്‍ആറിന്റെ ഹിന്ദി പതിപ്പ് ആദ്യ വാരം നേടിയ കളക്ഷന്‍ 132.59 കോടിയാണ്. 

തെലുങ്കിനു പുറമെ തമിഴ്, മലയാളം, കന്നട, ഹിന്ദി പതിപ്പുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ഇതില്‍ തെലുങ്ക് പതിപ്പ് മാത്രം ആദ്യദിനം നേടിയത് 127 കോടി രൂപയാണ്! ഹിന്ദി പതിപ്പ് ആയിരുന്നു ആദ്യദിന കളക്ഷനില്‍ രണ്ടാം സ്ഥാനത്ത്. 23 കോടിയാണ് ഹിന്ദി പതിപ്പ് നേടിയത്. കന്നട പതിപ്പ് 16 കോടിയും തമിഴ് പതിപ്പ് 9.50 കോടിയും മലയാളം പതിപ്പ് 4 കോടിയും ആദ്യദിനം നേടി.

കശ്മീര്‍ ഫയല്‍സിനെയും ഗംഗുഭായിയെയും പിന്തള്ളി രാജമൗലിയുടെ ആര്‍ആര്‍ആര്‍ കുതിക്കുന്നു; ആദ്യവാരം പിന്നിടുമ്പോള്‍ ആഗോള കളക്ഷനില്‍ ചരിത്രം


കൂടാതെ വിദേശ മാര്‍കറ്റുകളിലും മികച്ച രീതിയിലാണ് ചിത്രം വിതരണം ചെയ്യപ്പെട്ടത്. യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ, ഗള്‍ഫ് മേഖലകളിലെല്ലാം മികച്ച ബുകിംഗ് ആണ് ആദ്യവാരം ചിത്രത്തിന് ലഭിച്ചത്. ആദ്യദിനത്തിലെ വിദേശ കളക്ഷന്‍ മാത്രം 70 കോടിയോളം വരും. ലോകമാകെ 10,000 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചത്.

രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, അലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് രാജമൗലി തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ബാഹുബലി 2ന് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ വന്‍ പ്രീ-റിലീസ് ഹൈപ് ലഭിച്ച ചിത്രമാണിത്. 

Keywords:  News, Kerala, State, Kochi, Entertainment, Cinema, Business, Finance, RRR box office collection Day 7: Jr NTR, Ram Charan's film crosses Rs 700 crore worldwide
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia