മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം ജാപനീസ് ചിത്രം റിങ് വാന്‍ഡറിങ്ങിന്; മികച്ച സംവിധായകനുള്ള രജതമയൂരം വാക്ലേവ് കാണ്ട്രാന്‍ങ്കയ്ക്ക്

 


പനാജി: (www.kvartha.com 28.11.2021) 52-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം ജാപനീസ് 
 ചിത്രം റിങ് വാന്‍ഡറിങ്ങിന്. മാംഗ കലാകാരനാവാന്‍ പ്രയത്‌നിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ സംഭവബഹുലമായൊരു ഏട് വരച്ചുകാട്ടിയ ചിത്രമാണ് ഇത്. മസാകാസു കാനെകോയാണ് ചിത്രം അണിയിച്ചൊരുക്കിയത്.

മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം ജാപനീസ് ചിത്രം റിങ് വാന്‍ഡറിങ്ങിന്; മികച്ച സംവിധായകനുള്ള രജതമയൂരം വാക്ലേവ് കാണ്ട്രാന്‍ങ്കയ്ക്ക്

സേവിങ് വണ്‍ ഹു വാസ് ഡെഡ് എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള രജതമയൂരം വാക്ലേവ് കാണ്ട്രാന്‍ങ്കയ്ക്ക് സ്വന്തമാക്കി. ഗോദാവരി എന്ന ചിത്രത്തിലെ അഭിനയത്തിന് ജിതേന്ദ്ര ജോഷി മികച്ച നടനായും ഷാര്‍ലെറ്റിലെ അഭിനയത്തിന് ആഞ്ചലീന മൊളിന മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച ചിത്രത്തിന് സുവര്‍ണമയൂരവും 40 ലക്ഷം രൂപയും ലഭിക്കും. മികച്ച സംവിധായിക/സംവിധായകന്‍ നടി, നടന്‍ എന്നിവര്‍ക്ക് രജതമയൂരവും 10 ലക്ഷം രൂപയും ലഭിക്കും. ഇറാനിയന്‍ സംവിധായിക രക്ഷന്‍ ബനിതേമാദ്, ബ്രിടിഷ് നിര്‍മാതാവ് സ്റ്റീഫന്‍ വൂളെ, കൊളംബിയന്‍ സംവിധായകന്‍ സിറോ ഗരേര, ശ്രീലങ്കന്‍ സംവിധായകന്‍ വിമുഖി ജയസുന്ദര, സംവിധായകനും നിര്‍മാതാവുമായ നില മധപ് പാണ്ഡ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.

ഒന്‍പത് ദിവസങ്ങള്‍ നീണ്ട മേളയില്‍ 73 രാജ്യങ്ങളില്‍ നിന്ന് 148 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്. സുവര്‍ണമയൂര പുരസ്‌കാരത്തിനുള്ള മത്സരവിഭാഗത്തില്‍ 15 ചിത്രങ്ങളാണ് ഇത്തവണ മാറ്റുരച്ചത്. ഇന്‍ഡ്യന്‍ പനോരമ വിഭാഗത്തില്‍ 25 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്.

ഹോമേജ് വിഭാഗത്തില്‍ നടന്‍ നെടുമുടി വേണുവിന്റെ മാര്‍ഗം പ്രദര്‍ശിപ്പിച്ചു. റിട്രോസ്പെക്ടീവ് വിഭാഗത്തില്‍ റഷ്യന്‍ സംവിധായകന്‍ ആന്ദ്രേ കൊഞ്ചലോവ്സ്‌കി, ഹംഗേറിയന്‍ സംവിധായകന്‍ ബെല ടാര്‍ എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. സ്പെഷ്യല്‍ ട്രിബ്യൂട് വിഭാഗത്തില്‍ മണ്‍മറഞ്ഞ ഹോളിവുഡ് താരം ഷോണ്‍ കോണറിയുടെ അഞ്ച് ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്.

Keywords:  Ringu Wandering, Jitendra Joshi and Angela Molina win big at 52nd IFFI, Goa, News, Cinema, Award, Entertainment, Actress, Director, Actor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia