എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങിയിട്ട് ഒരുവര്‍ഷം; ഇന്‍ഡ്യന്‍ വേദികണ്ട ഏറ്റവും വലിയ ഗായകന്റെ വിയോഗം ഇന്നും ഉള്‍കൊള്ളാനാകാതെ ആരാധകരും സഹപ്രവര്‍ത്തകരും
ചെന്നൈ: (www.kvartha.com 25.09.2021) എസ് പി ബാലസുബ്രഹ്മണ്യം എന്ന മഹാഗായകന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരുവര്‍ഷം. ഇന്‍ഡ്യന്‍ വേദികണ്ട ഏറ്റവും വലിയ ഗായകന്റെ വിയോഗം ഇന്നും ഉള്‍കൊള്ളാനാകാതെ ആരാധകരും സഹപ്രവര്‍ത്തകരും. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന എസ് പി ബിയുടെ മരണം ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്.
ശാസ്ത്രീയ സംഗീതം പഠിക്കാതെ തന്നെ ഇത്രയും അനായാസമായി സംഗീതത്തെ കൈകാര്യം ചെയ്യുന്ന എസ് പി ബിയുടെ കഴിവ് എടുത്തുപറയേണ്ടത് തന്നെയാണ്. 1980 ല്‍ പുറത്തിറങ്ങിയ ശങ്കരാഭരണം എന്ന പാട്ട് ഇന്നും ആരാധകരെ കുളിലേല്‍പിക്കുന്നു. തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങി എല്ലാ ഭാഷകളിലും പാടിയ അദ്ദേഹം താന്‍ പാടിയ ഓരോ പാട്ടും മികവുറ്റതാക്കി മാറ്റി. പാട്ടുകള്‍കൊപ്പം ഡബിംഗിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു.
നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചു. അവാര്‍ഡുകളും പുരസ്‌കാരങ്ങളും തന്നെ തേടിയെത്തുമ്പോഴും ലാളിത്യം കൈവിടാന്‍ അദ്ദഹം ഒരിക്കലും തയാറായിരുന്നില്ല. അതാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.
ഡസന്‍ കണക്കിന് സംസ്ഥാന അവാര്‍ഡുകളും അരഡസന്‍ ദേശീയ അവാര്‍ഡുകളും ചാര്‍ത്തി ആ പ്രതിഭയെ പരിമിതപ്പെടുത്തുന്നത് ന്യായമാവില്ല. നാല്പതിനായിരത്തിലേറെ ഗാനങ്ങള്‍, പതിനാറിലേറെ ഭാഷകളിലായി പാടിവെച്ചൊരു ഗായകനെ അതിശയിക്കാന്‍ ഇനി ആരെങ്കിലും ഗിന്നസിലെത്തുമെന്ന് പ്രതീക്ഷിച്ചുകൂടാ. വിജയകിരീടങ്ങളെല്ലാം എസ് പി ബി വിനയകിരീടങ്ങളായി ചൂടി.
യേശുദാസിന്റെ കാല്‍കഴുകിച്ചൂട്ടിയതും ശബരിമലയിലെ ഡോളി ചുമട്ടുകാരുടെ കാല്‍തൊട്ടുവന്ദിച്ചതും 'ഈഗോ അവതാരങ്ങളാ'യ കലാകാരന്മാരില്‍ നിന്ന് ഒട്ടും പ്രതീക്ഷിക്കാവുന്നതല്ല. ശങ്കരാഭരണത്തിനുകിട്ടിയ അവാര്‍ഡ്, അതിന് തന്നെ യോഗ്യനാക്കിയ പുകഴേന്തിക്ക് അദ്ദേഹം സമ്മാനിക്കുകയായിരുന്നു.