Legend | അനുരാഗ ഗാനം പോലെ, അഴകിന്റെ അല പോലെ, ബാബുരാജിൻ്റെ മരിക്കാത്ത ഓർമകൾക്ക് 46 വയസ്

 
remembering music maestro m s baburaj
remembering music maestro m s baburaj

Photo Credit: Facebook / M S Baburaj

കണ്ണൂർ: (KVARTHA) മലയാളിയുടെ ഏകാന്ത നിമിഷങ്ങളിൽ വിരഹത്തിൻ്റെയും വിഷാദത്തിൻ്റെയും വികാരങ്ങൾ അലയടിപ്പിച്ച സംഗീത ചക്രവർത്തിയായിരുന്നു ബാബുരാജ്. ഒരിക്കലും മരിക്കാത്ത ഒരുപാട് ഓർമ്മകൾ സംഗീതപ്രേമികൾക്ക് സമ്മാനിച്ചാണ് അദ്ദേഹം വിട പറഞ്ഞത്. ബംഗാളിയായ സംഗീതജ്ഞൻ ജൂൻ മുഹമ്മദിന് കോഴിക്കോടുകാരിയായ ഭാര്യയിൽ പിറന്ന മൂന്ന് മക്കളിൽ മൂത്തവനാണ് മുഹമ്മദ് സബീർ ബാബുരാജ്. ആറാമത്തെ വയസ്സിൽ ഉമ്മ മരിച്ചതിനെ തുടർന്ന് സംഗീതമല്ലാതെ മറ്റൊരു സമ്പത്തും കയ്യിലില്ലാത്ത പിതാവ് തലശ്ശേരിയിൽ രണ്ടാം വിവാഹം കഴിച്ചപ്പോൾ ആദ്യ ഭാര്യയിലെ മക്കളെയും തലശ്ശേരിയിലേക്ക് കൂടെ കൂട്ടി. 

പട്ടിണി കിടക്കാൻ ആയിരുന്നു മക്കൾക്ക് യോഗം. ട്രെയിനിലും തെരുവിലും സ്വന്തം വയറ്റത്തതടിച്ച്  പാടി നടന്നു അന്നന്നത്തെ അന്നം സമ്പാദിക്കാൻ. ഒരു നേരത്തെ ഭക്ഷണം ഇല്ലാതെ കത്തുന്ന വിശപ്പ് കാരണം  അടി പറ്റിയ വയറുകളും ഒട്ടിയ കവിളുകളും ശരീരത്തിൽ രക്തമില്ലാത്തതിനാൽ അനിമിക് ആയി മഞ്ഞ നിറം ബാധിച്ചതും കുഴിഞ്ഞതുമായ  കണ്ണുകളാലും നിരാശാഭരിതമായ ഭാവിയെ നോക്കി ആ കുഞ്ഞു സഹോദരങ്ങൾ ട്രെയിനിൽ നിന്ന്  നീട്ടി പാടുകയാണ്. കയ്യിലുള്ള പാത്രത്തിലേക്ക് ആരെങ്കിലും ഇടുന്ന നാണയത്തുട്ടുകളിലേക്ക് പ്രതീക്ഷയർപ്പിച്ചുകൊണ്ട്. ഒരു നേരമെങ്കിലും വിശപ്പടക്കാൻ സാധിക്കണേ എന്ന് പ്രാർത്ഥിച്ചുകൊണ്ട്. കണ്ണുതുറക്കാത്ത ദൈവങ്ങളെ.നിങ്ങൾ ഈ കാഴ്ച കാണുന്നില്ലേ? നിരാലംബരായ ആ പിഞ്ചു കുട്ടികളുടെ പ്രാർത്ഥന കേൾക്കുന്നില്ലേ? ഉണ്ട്. 

ദൈവം എന്നത് ഒരു വ്യക്തിയായല്ല ആർക്ക് എന്താണോ ആവശ്യം അതിനനുസരിച്ചാണ് അർഹതപ്പെട്ടവരുടെ  മുമ്പിൽ പ്രത്യക്ഷപ്പെടുക എന്നും മഹാത്മജി പറഞ്ഞത് പോലെ  ദൈവം അവിടെ  പ്രത്യക്ഷപ്പെട്ടു. ആ പിഞ്ചു കുട്ടികളുടെ കണ്ണീരൊപ്പാൻ ഒരു മനുഷ്യസ്നേഹിയുടെ രൂപത്തിൽ. കോഴിക്കോടുകാരനും മനുഷ്യസ്നേഹിയും അതിലുപരി ഉറച്ച കലാസ്നേഹിയുമായ കുഞ്ഞുമുഹമ്മദ് എന്ന പൊലീസുകാരന്റെ രൂപത്തിലാണ് ബാബുരാജിനെ ദൈവത്തിൻ്റെ കരങ്ങൾ തേടിയെത്തിയത്. കുട്ടികളുടെ ദയനീയ അവസ്ഥ കണ്ടു ആ മനുഷ്യനിലെ മനുഷ്യസ്നേഹി ഉണർന്നു. കുട്ടികളെ പരിചയപ്പെട്ടു. താൻ ആരാധിക്കുന്ന സംഗീതകാരൻ  ജാൻ മുഹമ്മദിന്റെ മകനാണ് തന്റെ മുമ്പിൽ ഒട്ടിയ വയറുമായി നിന്ന് പാടുന്നത് എന്ന് അറിഞ്ഞ ആ മനുഷ്യൻ വികാരഭരിതനായി. 

ഒരു നിമിഷം കണ്ണീരണിഞ്ഞു. പിന്നെ ഒന്നും ആലോചിച്ചില്ല.  കൂടെ പോരുന്നോ എന്ന് ചോദിച്ചു. കൂടെ കൂട്ടി. എന്റെ ശരീരത്തിൽ രക്തമുള്ളിടത്തോളം കാലം നിങ്ങളെ സംരക്ഷിച്ചോളാം എന്ന് പറഞ്ഞു. കോഴിക്കോട്ടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. മുഹമ്മദ് സബീർ ബാബുരാജ് എന്ന എട്ടു വയസ്സുകാരൻ  മലയാളി മനസ് കീഴടക്കിയ എം എസ് ബാബുരാജ് എന്ന അത്ഭുത  സംഗീത പ്രതിഭയിലേക്കുള്ള നടന്നു കയറ്റത്തിന്റെ ആദ്യപടിയായിരുന്നു ആ മനസ്സുകൊണ്ടുള്ള കൈപിടുത്തം. പിന്നെ പിറന്നത് ചരിത്രം. സംഗീത വളർച്ചയ്ക്കുള്ള എല്ലാ പ്രോത്സാഹനവും നൽകി തന്റെ കൂടി പങ്കുള്ള ബ്രദേഴ്സ് മ്യൂസിക് ട്രൂപ്പിൽ അംഗമാക്കി. മുതിർന്നപ്പോൾ സ്വന്തം സഹോദരിയെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു.  

മലയാള ചലച്ചിത്ര ഗാന പ്രേമികളുടെ ചുണ്ടിലെന്നാതത്തിക്കളിക്കുന്ന എന്നും നെഞ്ചോട് ചേർത്ത് നിർത്തുന്ന നിരവധി അനവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ പിന്നീട് മലയാളിക്ക് ലഭ്യമായി. വയലാർ - ദേവരാജൻ ടീമിനെ പോലെയായിരുന്നു അക്കാലത്ത് ബാബുരാജിന്റെ സംഗീതത്തിന് ഭാസ്കരൻ മാഷ് എഴുതിയ മനോഹരമായ വരികൾ. ഓരോ പാട്ടിനും അഞ്ചും ആറും ട്യൂണിടുമായിരുന്നു അദ്ദേഹമെന്ന് പഴയ കാല ഗായകർ പറയുന്നു. അതിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കുക എന്നു പറഞ്ഞാൽ അതി വിഷമവും. ഒന്നിനൊന്ന് മെച്ചപ്പെട്ട ട്യൂണുകൾ. അനുഗ്രഹീത കലാകാരനു മാത്രം സാധിക്കുന്നത്. ഗസലുകളുടെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ശ്രുതി മാധുരി മലയാള ചലച്ചിത്ര ഗാനങ്ങളിൽ ആദ്യമായി ചേർത്തു തുടങ്ങി. 

ഹിന്ദുസ്ഥാനി രാഗങ്ങൾ അന്യമായിരുന്ന ആ കാലഘട്ടത്തിൽ ബാബുരാജിന്റെ സംഗീതം ചലച്ചിത്ര ഗാന പ്രേമികളെ അത്യപൂർവമായ ലോകത്തിലേക്ക് എത്തിച്ചു. വിരഹത്തിൻ്റെ ആനന്ദനിർവൃതിയിലേക്ക് സംഗീതപ്രേമികളെ നയിച്ച താമസമെന്തേ വരുവാൻ, താമര കുമ്പിളല്ലോ മമ ഹൃദയം, അകലെ അകലെ നീലാകാശം, പ്രാണസഖി ഞാൻ വെറുമൊരു, വസന്തപഞ്ചമി നാളിൽ മലയാളി കേട്ടാലും കേട്ടാലും മതിവരാത്ത അപൂർവ്വ സുന്ദര  ഗാനങ്ങൾ. വ്യത്യസ്തമായ നൂറു നൂറു ഈണങ്ങളാണ് അദ്ദേഹം ഒരുക്കിയത്.
 
കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട് നാടക സംഗീത സംവിധാനത്തിലൂടെയാണ്  തുടക്കം കുറിച്ചത്. രാമു കാര്യാട്ടിന്റെ മിന്നാമിനുങ്ങ് ആദ്യമായി സ്വതന്ത്ര സംഗീത സംവിധാനം ചെയ്ത ചിത്രം. തുടർന്ന് 20 വർഷത്തോളം മലയാള ചലച്ചിത്ര ഗാന രംഗത്ത് ആ മഹാപ്രതിഭയുടെ വിളയാട്ടം. മലയാളി അല്ലാത്ത എസ് ജാനകിയിലെ മലയാളം തീരെ വഴങ്ങാത്ത അരങ്ങേറ്റ കാലഘട്ടത്തിൽ  ശബ്ദത്തിന്റെ തരളിത കണ്ടെത്തി അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന സിനിമയിൽ നിർബന്ധിച്ചു പാടിച്ച താമരക്കുമ്പിളല്ലോ മമ  ഹൃദയം എന്ന ഗാനം  ജാനകിക്ക്‌ തുടർന്നുള്ള സംഗീത ജീവിതത്തിൽ നൽകിയ ആത്മവിശ്വാസം ജാനകി പല സ്ഥലത്തും പ്രത്യേകം പറഞ്ഞിട്ടുണ്ട്. പി ഭാസ്കരൻമാഷ്,എം എസ് ബാബുരാജ്,എസ് ജാനകി  കൂട്ടുകെട്ടിൽ മലയാളത്തിൽ വശ്യമനോഹരമായ നിരവധി ഗാനങ്ങൾ പിറന്നിട്ടുണ്ട്.

അമിതമായ മദ്യപാനം അവസാനകാലത്ത് ജീവിതം തകർത്തുവെന്നും തികച്ചും അനാഥനായാണ് മദ്രാസിൽ മരണമടഞ്ഞത് എന്നും ഒരു വിഭാഗം പറയുന്നുണ്ടെങ്കിലും മൂത്തമകളായ സാബിറ ഇത് നിഷേധിക്കുന്നു. ഉപ്പയുടെ സുഹൃത്തുക്കൾ എല്ലാവരും കൂടെ ഉണ്ടായിരുന്നു എന്നും  തന്റെ ഭർത്താവ് മരണം വരെ കൂടെ ഉണ്ടായിരുന്നു എന്നും സാബിറ പറയുമ്പോൾ  അതായിരിക്കട്ടെ സത്യം എന്ന് നമുക്കും വിശ്വസിക്കാം. 57 വർഷം മാത്രം ഈ ഭൂമിയിൽ ജീവിച്ച തൊട്ടതെല്ലാം പൊന്നാക്കിയ മലയാളി എന്നെന്നും ഓർക്കുന്ന നിരവധി അനവധി ഹിറ്റുകൾ സമ്മാനിച്ച ആ മഹാ പ്രതിഭയുടെ 46 മത് ചരമവാർഷികമാണ് ഒക്ടോബർ ഏഴിന്. പാടാൻ മറന്നുപോയ മധുരതരമായ പാട്ടു പോലെ ബാബുരാജിൻ്റെ  സംഗീതം കാലത്തിനിപ്പുറവും സംഗീതപ്രേമികളെ തേടിയെത്തുന്നുണ്ട്. മരണമില്ലാത്ത ഈണങ്ങളുടെ ഗന്ധർവ്വനായിരുന്നു അദ്ദേഹം. മലയാളിയുടെ സംഗീതലോകത്ത് സവിശേഷമായ സ്ഥാനമാണ് ബാബുരാജിനുള്ളത്.

#MSBaburaj #MalayalamMusic #IndianMusic #FilmMusic #Onam #Nostalgia #MalayalamCinema #MusicLegend

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia