അനശ്വര നായകന് 109-ാം ജന്മദിനം; സത്യൻ ഒഴിഞ്ഞ കസേര ഇന്നും ശൂന്യം; കണ്ണീരണയിക്കുന്ന അവസാന നാളുകളിലും സ്നേഹിച്ചത് അഭിനയത്തെ

 


തിരുവനന്തപുരം: (www.kvartha.com 09.11.2021) അനശ്വര നായകൻ സത്യന്റെ 109-ാം ജന്മദിന വാർഷികമാണ് ചൊവ്വാഴ്ച. പൗരുഷത്തിന്റെ പ്രതീകമായി സിനിമയിൽ ജ്വലിച്ച് നിന്ന പ്രതിഭയയായിരുന്നു സത്യൻ. അഭിനയ ജീവിതത്തില്‍ ഒരിക്കല്‍ പോലും അദ്ദേഹത്തിന് ഡ്യൂപിന് ഉപയോഗിക്കേണ്ടി വന്നിട്ടില്ലെന്നാണ് പറയുന്നത്, അപ്പോൾ തന്നെ അറിയാം ആ അഭിനയ പാടവം.
               
അനശ്വര നായകന് 109-ാം ജന്മദിനം; സത്യൻ ഒഴിഞ്ഞ കസേര ഇന്നും ശൂന്യം; കണ്ണീരണയിക്കുന്ന അവസാന നാളുകളിലും സ്നേഹിച്ചത് അഭിനയത്തെ

മാനുവലിന്റേയും ലില്ലി അമ്മയുടേയും ആദ്യ പുത്രനായി 1912 നവംബർ ഒമ്പതിന് തിരുവനന്തപുരത്തെ ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് ഇതിഹാസ താരം ജനിച്ചത്. മുഴുവൻ പേര് ചെറുവിളാകത്ത് വീട്ടിൽ മാനുവൽ സത്യനേശൻ എന്നായിരുന്നു. സിനിമയിലേക്ക് ചുവടുവെച്ചപ്പോൾ സത്യൻ എന്ന പേരിൽ ജനപ്രിയനായി. കേരളീയർ അദ്ദേഹത്തെ സ്നേഹത്തോടെ സത്യൻ മാഷ് എന്ന് വിളിച്ചു.

വിദ്വാൻ പരീക്ഷ പാസായതിന് ശേഷം സ്കൂൾ അധ്യാപകനായി സെ. ജോസഫ് സ്കൂളിൽ സേവനം ചെയ്തു. പിന്നീട് സെക്രടറിയേറ്റിൽ ക്ലറികൽ തസ്തികയിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം ഒരു വർഷത്തിനുശേഷം സൈന്യത്തിൽ ചേർന്നു. 1940-കളുടെ തുടക്കത്തിലായിരുന്നു അത്. വൈകാതെ സത്യൻ, വൈസ്രോയിയുടെ കമീഷൻഡ് ഓഫീസറായി നിയമിതനായി. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിടീഷ് ഇൻഡ്യൻ ആർമിയിൽ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചു. തുടർന്ന് സംസ്ഥാന പൊലീസിൽ ഇൻസ്പെക്ടറായി ചേർന്നു.

കലയിലും നാടകത്തിലും എന്നും തത്പരനായിരുന്നു സത്യൻ. 1940 കളുടെ അവസാനത്തിലാണ് അദ്ദേഹം സിനിമയിൽ ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചത്. നാടകത്തോടുള്ള താൽപര്യമാണ് സത്യനെ സിനിമയിലേക്ക് നയിച്ചത്. 1952-ൽ പുറത്തിറങ്ങിയ ‘ആത്മസഖി’യിലൂടെയാണ് നടൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും ‘നീലക്കുയിൽ’ ആണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. ‘നീലക്കുയിൽ’ സത്യന്റെ കരിയറിലെ ഒരു സുപ്രധാന നാഴികക്കലായിരുന്നു.

‘നീലക്കുയിൽ’ മലയാളത്തിലെ മികച്ച ഫീചർ സിനിമയ്ക്കുള്ള രാഷ്ട്രപതിയുടെ വെള്ളി മെഡൽ നേടി. ദേശീയ പുരസ്‌കാരത്തിൽ പരാമർശം നേടുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടവും ‘നീലക്കുയിൽ’ സ്വന്തമാക്കി. തുടർന്നിങ്ങോട്ട് ചെമ്മീന്‍, കടല്‍പ്പാലം, അനുഭവങള്‍ പാളിച്ചകള്‍, വാഴ്വേമായം, വിവാഹിത, മുടിയനായ പുത്രന്‍, ആദ്യകിരണങ്ങള്‍, യക്ഷി, കരകാണാക്കടല്‍, കാട്ടുകുരങ്ങ്, കണ്ണുംകരളും, മണവാട്ടി, അമ്മെയെ കാണാന്‍, മൂലധനം, അടിമകള്‍, നായരു പിടിച്ച പുലിവാല്‍, ഭാര്യ, തച്ചോളി ഒതേനന്‍, അശ്വമേധം, ത്രിവേണി , കരിനിഴല്‍, ഒരു പെണ്ണിന്‍റെ കഥ.. തുടങ്ങി ഒരുപിടി ചിത്രങ്ങൾ. 1951 മുതൽ 1971 വരെ നീണ്ട കരിയറിൽ നൂറ്റിയമ്പതിലധികം മലയാള സിനിമകൾ. രണ്ട് തമിഴ് ചിത്രങ്ങളിലും സത്യൻ വേഷമിട്ടു. കേരള സംസ്ഥാന സര്‍കാരിന്റെ ആദ്യത്തെ മികച്ച നടനുള്ള അവാർഡ് നേടിയതും സത്യനായിരുന്നു.

സിനിമയുടെ അത്യുന്നതങ്ങളിൽ നിൽക്കുമ്പോഴും അധികമാരും അറിയാതെ രക്താർബുദത്തിന്റെ ദുരിതങ്ങൾ പേറുകയായിരുന്നു സത്യൻ. പക്ഷേ അപ്പോഴും സിനിമ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവൻ. അതിന് എന്ത് ത്യാഗം സഹിക്കാനും അദ്ദേഹം തയ്യാറായിരുന്നു. അവസാന നാളുകളിലും സത്യൻ ജോലി തുടർന്നു. രോഗവുമായി മല്ലിടുമ്പോഴും അദ്ദേഹം തന്റെ ഷെഡ്യൂൾ തെറ്റിച്ചില്ല. 'കുട്ട്യേടത്തി' ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങളിലൊന്ന്. ‘കുട്ട്യേടത്തി’യുടെ ഷൂടിങ്ങിനിടെ സത്യന് വല്ലാത്ത വേദന അനുഭവപ്പെട്ടിരുന്നു, അപ്പോഴാണ് ഒരു ഷൂട് വീണ്ടും ഷെഡ്യൂൾ ചെയ്യേണ്ടി വന്നത്. ചില ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നത് മുതൽ ‘ഒറിജിനാലിറ്റി’ക്ക് ആവശ്യമായതെല്ലാം സത്യൻ അവിടെ ചെയ്തു.

'അനുഭവങ്ങൾ പാളിച്ചകൾ' എന്ന ചിത്രത്തിന്റെ ഷൂടിങ്ങിനിടയിൽ രക്തം ഛർദിച്ച് കുഴഞ്ഞുവീണപ്പോൾ മാത്രമാണ് അദ്ദേഹത്തിന്റെ രോഗത്തിന്റെ ഗുരുതരാവസ്ഥ പലർക്കും മനസ്സിലായത്. ഒടുവിൽ, 1971 ജൂൺ 15-ന് പുലർചെ നാലരയോടെ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. 59 വയസ് മാത്രമായിരുന്നു അപ്പോൾ പ്രായം. സത്യൻ ഒഴിഞ്ഞ കസേര ഇന്നും ശൂന്യമാണ്. അതുകൊണ്ടാണ് മരണശേഷവും സത്യൻ മികച്ച നടനായി തുടരുന്നത്.


Keywords:  News, Kerala, Thiruvananthapuram, Actor, Cinema, film, Birthday, House, Malayalam, National, Award, Trending, Sathyan, Remembering legendary actor Sathyan.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia