Nostalgia | മനസ്സുകൾ കീഴടക്കിയ കള്ളൻ; ജയൻ്റെ പുതിയ വെളിച്ചത്തിന്  45 വയസ്; അനശ്വരമായ ഓർമ്മകൾ

 
puthiya velicham completes 45 years a timeless classic
puthiya velicham completes 45 years a timeless classic

Image: Arranged

● ജയന്റെ ആദ്യത്തെ സോളോ ഹിറ്റ് ചിത്രങ്ങളിൽ ഒന്ന്
● ഫൂൽ ഓർ പത്ഥർ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്ക് ആണ്
● സലിൽ ചൗധരി സംഗീതം നൽകിയ ഗാനങ്ങൾ ശ്രദ്ധേയമായിരുന്നു

മിന്റു തൊടുപുഴ

(KVARTHA) ജയൻ എന്നും മലയാളികളുടെ ആദ്യത്തെ  ആക്ഷൻ ഹീറോ തന്നെയാണ്. അദ്ദേഹം മരിച്ചതിനുശേഷവും ജയൻ നായകനായി അഭിനയിച്ച സിനിമകൾക്ക് ആരാധകർ ഏറെയാണ്. ഇന്നും പല സിനിമകളും യൂട്യൂബിലും മറ്റും സെർച്ച് ചെയ്തു കാണുന്ന ധാരാളം പേർ നമ്മുടെ ഇടയിലുണ്ട്. അത്രകണ്ട് സ്വീകാര്യതയാണ് ജയനും ജയൻ അഭിനയിച്ച സിനിമകൾക്കും മലയാളികളുടെ ഇടയിൽ ഉള്ളത്. തൻ്റേടത്തിൻ്റെ പൗരക്ഷത്തിൻ്റെ പ്രതീകമായിട്ടാണ് പലരും ജയനെ കാണുന്നത്. എക്കാലത്തും ജയൻ അഭിനയിച്ച സിനിമകളിൽ ഓർത്തിരിക്കുന്ന ഒരു സിനിമയാണ് പുതിയ വെളിച്ചം. 

ഒരേ സമയം ഒരു കള്ളനും നല്ലവനുമായ കഥാപാത്രമായിട്ടാണ് ജയൻ ഇതിൽ അഭിനയിക്കുന്നത്. അക്കാലത്തെ വലിയൊരു ഹിറ്റും ആയിരുന്നു ഈ സിനിമ. ശാസ്താ പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ് കുമാർ നിർമ്മിച്ച്, ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത പുതിയ വെളിച്ചം റിലീസായിട്ട് ഒക്ടോബർ 12ന് 45 വർഷം തികഞ്ഞിരിക്കുകയാണ്. ഹരിഹരൻ ചിത്രമായ ശരപഞ്ചരത്തിന്റെ വൻ വിജയത്തിന് ശേഷം താരപദവി നേടിയ ജയന്റെ ആക്ഷൻ ചിത്രമെന്ന  നിലയിൽ പുതിയ വെളിച്ചം ശ്രദ്ധ നേടിയിരുന്നു. ജയനെ കൂടാതെ ശ്രീവിദ്യ, ജയഭാരതി, ജോസ് പ്രകാശ്, തിക്കുറിശ്ശി, ജഗതി ശ്രീകുമാർ, പൂജപ്പുര രവി, ശ്രീലത എന്നിവരടങ്ങുന്ന താരനിരയും പുതിയ വെളിച്ചത്തിൽ അണി നിരന്നു. 

ധർമ്മേന്ദ്രയെ താരപദവിയിലേക്ക് ഉയർത്തിയ ഫൂൽ ഓർ പത്ഥർ (1966) എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ റീ മേക്കായിരുന്നു പുതിയ വെളിച്ചം. 1967- ൽ എൻ ടി ആർ നായകനായി 'നിന്ദു മനസുലു' എന്ന പേരിൽ തെലുങ്കിലും എം ജി ആർ നായകനായി 1968ൽ 'ഒളിവിളക്ക്' എന്ന പേരിൽ തമിഴിലും ഫൂൽ ഓർ പത്ഥർ റീമേക്ക് ചെയ്തു. ഒളിവിളക്ക് തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും ഹിറ്റായിരുന്നു. എന്നിട്ടും 11 വർഷങ്ങൾക്കിപ്പുറം റിലീസായ പുതിയ വെളിച്ചം ഇവിടെ വിജയം വരിച്ചു. ആക്ഷൻ ചിത്രങ്ങളോടധികം പ്രതിപത്തി കാണിക്കാത്ത താൻ, ജയന്റെ നിർബന്ധത്തിന് വഴങ്ങിയാണ് പുതിയ വെളിച്ചം സംവിധാനം ചെയ്തതെന്ന് ശ്രീകുമാരൻ തമ്പി ഒരിക്കൽ പറയുകയുണ്ടായി. 

സലിൽ ചൗധരി ഈണം നൽകിയ ഗാനങ്ങൾ രചിച്ചത് സംവിധായകൻ കൂടിയായ ശ്രീകുമാരൻ തമ്പിയായിരുന്നു. ഗാനങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോളോ ഹീറോ എന്ന നിലയിൽ ജയന്റെ ആദ്യ ഹിറ്റ് ചിത്രം ഒരു പക്ഷേ പുതിയ വെളിച്ചം ആയിരിക്കാം. എന്തായാലും പുതിയ വെളിച്ചം എന്ന ജയൻ സിനിമ ഇന്നും പഴയ കാല ആളുകളിൽ നിറഞ്ഞു തന്നെ നിൽക്കുന്നു. ഒരു പക്ഷേ, ജയന് വളരെയേറേ ആരാധകരെ ലഭിച്ച ഒരു സിനിമ കൂടിയായിരുന്നു ഇത്. 

ജയനും നായികയായി അഭിനയിച്ച ശ്രിവിദ്യയും ഈ ചിത്രത്തിൽ നിറഞ്ഞാടുകയായിരുന്നു. ശ്രീവിദ്യയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു പുതിയ വെളിച്ചം. ഇതിലെ ഗാനങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്തി എന്ന്. എന്തായാലും മലയാളം ഉള്ളിടത്തോളം കാലം ജയനും പുതിയ വെളിച്ചവും മലയാളി സിനിമപ്രേമികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കും തീർച്ച.

#PuthiyaVelicham #Jayan #MalayalamCinema #ClassicMovies #Nostalgia #MalayalamActors #SreekumaranThampi #SalilChowdhury

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia