ന്യൂജനറേഷന്‍ വഴങ്ങുന്നില്ല; പുതിയ സിനിമകളുടെ ചിത്രീകരണത്തിന് തടസ്സം നില്‍ക്കില്ലെന്ന് നിര്‍മാതാക്കള്‍, കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം

 



തിരുവനന്തപുരം:   (www.kvartha.com 22.07.2020) ന്യൂജനറേഷന്റെ തീരുമാനത്തിന് നിര്‍മാതാക്കളുടെ സംഘടന വഴങ്ങി, പുതിയ സിനിമകളുടെ ചിത്രീകരണത്തിന് തടസ്സമില്ലെന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വേണം ഷൂട്ടിംഗ് നടത്തേണ്ടതെന്നും പുതിയ തീരുമാനത്തില്‍ പറയുന്നു. പ്രതിഫലം കുറയ്ക്കുന്ന കാര്യത്തില്‍ സഹകരിക്കാമെന്ന് താരസംഘടനയായ അമ്മയും സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്കയും കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് പുതിയതീരുമാനം എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. 

ന്യൂജനറേഷന്‍ വഴങ്ങുന്നില്ല; പുതിയ സിനിമകളുടെ ചിത്രീകരണത്തിന് തടസ്സം നില്‍ക്കില്ലെന്ന് നിര്‍മാതാക്കള്‍, കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം


എന്നാല്‍ അഭിനയിക്കുന്നതില്‍ നിന്ന് ആര്‍ടിസ്റ്റുകളെയും ജോലി ചെയ്യുന്നതില്‍ നിന്ന് സാങ്കേതിക പ്രവര്‍ത്തകരെയും തടയാനാവില്ലെന്ന് അമ്മയും ഫെഫ്കയും ശക്തമായ നിലപാട് സ്വീകരിച്ചതോടെ നിര്‍മാതാക്കള്‍ വിട്ട് വീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു. റിലീസ് ആകാനുള്ള 60 സിനിമകളുടെ റിലീസിന് ശേഷമേ പുതിയ സിനിമകള്‍ തിയേറ്ററുകളിലെത്തിക്കൂ എന്നും നിര്‍മാതാക്കള്‍ പറയുന്നു. അത് എത്രത്തോളം പ്രായോഗികമാണെന്ന് കണ്ടറിയാം. 

താരങ്ങളുടെ സിനിമകള്‍ക്കാണ് തിയേറ്റര്‍ ഉടമകള്‍ എപ്പോഴും പ്രാധാന്യം നല്‍കുന്നത്. റിലീസാകാനുള്ള 60 സിനിമകളില്‍ 10ല്‍ താഴെയാണ് താര സിനിമകള്‍. ചെറിയ സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നതായിരിക്കും അഭികാമ്യമെന്ന് ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞു. നല്ല കണ്ടന്റാണെങ്കില്‍ താരങ്ങളെ നോക്കാതെ ആമസോണ്‍ അടക്കമുള്ളവര്‍ സിനിമകള്‍ എടുക്കും. അതേസമയം വലിയ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതാണ് നല്ലത്. ജയിംസ് ബോണ്ടും ക്രിസ്റ്റഫര്‍ നോളന്റെ ചിത്രവും ഒ.ടി.ടി പ്ലാറ്റ്‌ഫോം കിട്ടാത്തത് കൊണ്ടല്ല റിലീസ് ചെയ്യാത്തത്. അത്തരം സിനിമകള്‍ക്ക് തിയേറ്ററില്‍ ലഭിക്കുന്ന കാഴ്ച അനുഭവം ഇന്റര്‍നെറ്റില്‍ ലഭിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് അമ്മയുമായി കൂടിയാലോചിക്കാതെ നിര്‍മാതാക്കള്‍ ഏകപക്ഷീയമായി തീരുമാനം എടുത്ത് പ്രസ്താവന ഇറക്കിയത് അവരെ ചൊടിപ്പിച്ചിരുന്നു. മാത്രവുമല്ല ആഷിഖ് ഉസ്മാനെ പോലുള്ള ചില നിര്‍മാതാക്കള്‍ വിലക്ക് ലംഘിച്ച് പുതിയ സിനിമകള്‍ തുടങ്ങുകയും ചെയ്തു. സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി നിര്‍മാതാക്കളുടെ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തി. അതോടെ പഴയ മാടമ്പി പരിപാടികള്‍ വിലപ്പോകില്ലെന്ന് മനസ്സിലായി. താരങ്ങളോ അവരുമായി ബന്ധമുളളവരോ ആണ് ഇന്ന് മിക്കസിനിമകളുടെയും നിര്‍മാതാക്കള്‍. പഴയ നിര്‍മാതാക്കളെ ആരും അങ്ങനെ അടുപ്പിക്കുന്നില്ല. സംഘടനയുടെ തലപ്പത്തുള്ള ആന്റോജോസഫും രഞ്ജിതും മാത്രമാണ് നിര്‍മാണരംഗത്ത് സജീവമായുള്ളത്. 

ഷെയിന്‍നിഗത്തിന്റെ പ്രശ്‌നം വഷളാക്കിയതില്‍ നിര്‍മാതാക്കളുടെ സംഘടനയ്ക്കും പങ്കുണ്ട്. പുതുതലമുറയിലെ പലരും മയക്കുമരുന്ന് അടക്കം ഉപയോഗിക്കുന്നുണ്ടെന്ന് നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയത് എല്ലാ നടന്‍മാരെയും ചൊടിപ്പിച്ചിരുന്നു. അതിന്റെ ക്ഷീണം മാറും മുമ്പാണ് കോവിഡിന്റെ മറവില്‍ താരങ്ങളെ ഭരിക്കാന്‍ നിര്‍മാതാക്കള്‍ കച്ചകെട്ടിയിറങ്ങിയത്. രണ്ട് കോടിയില്‍ കൂടുതല്‍ മുതല്‍മുടക്കുള്ള സിനിമകള്‍ നിര്‍മിക്കരുതെന്നാണ് നിര്‍മാതാക്കളുടെ മറ്റൊരു നിര്‍ദ്ദേശം. അതും പ്രായോഗികമല്ലെന്ന് എല്ലാവര്‍ക്കും അറിയാം.

Keywords: Producers association gives nod to start new film's shooting, Producers Association, AMMA, Artists, FEFKA, Shooting, Covid protocol, Antojoseph, Shaine Nigam, New Generation, Lijojose Plliseri
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia