പുരോഗമനത്തിന്റെ പേര് പറഞ്ഞ് വര്‍ഷങ്ങളായി ഒത്തൊരുമയോടെ കഴിയുന്ന നാട്ടില്‍ സമാധാനം തകര്‍ത്ത് നടപ്പാക്കുന്ന ഇത്തരം നടപടികളെ എങ്ങിനെ വികസനമെന്ന് വിളിക്കും ലക്ഷദ്വീപിലെ പുതിയ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ പൃഥ്വിരാജും രംഗത്ത്

 



കൊച്ചി: (www.kvartha.com 24.05.2021) ലക്ഷദ്വീപിലെ പുതിയ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ കേരളത്തിലും പ്രതിഷേധം ശക്തമാവുകയാണ്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കമുള്ള, അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരെയാണ് ദ്വീപ് നിവാസികളുടെ പ്രതിഷേധം. സമൂഹമാധ്യമങ്ങളില്‍ സേവ് ലക്ഷദ്വീപ് എന്ന ക്യാംപെയിന്‍ സജീവ ചര്‍ച്ചയാവുകയാണ്. 

ഇപ്പോഴിതാ വിഷയത്തില്‍ നടന്‍ പൃഥ്വിരാജ് ദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി. ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്രഭരണ പ്രദേശത്തെയോ നിര്‍ണയിക്കുന്നത് ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിര്‍ത്തിയല്ല, മറിച്ച് അവിടെ താമസിക്കുന്ന ആളുകളാണ്. പുരോഗമനത്തിന്റെ പേര് പറഞ്ഞ് വര്‍ഷങ്ങളായി ജനങ്ങള്‍ ഒത്തൊരുമയോടെ കഴിയുന്ന നാട്ടില്‍ സമാധാനം തകര്‍ത്ത് നടപ്പാക്കുന്ന ഇത്തരം നടപടികളെ എങ്ങിനെ വികസനമെന്ന് വിളിക്കുമെന്ന് പൃഥ്വിരാജ് ഫേസ്ബുക് കുറിപ്പിലൂടെ ചോദിച്ചു.

പൃഥ്വിരാജിന്റെ വാക്കുകള്‍;

ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ലക്ഷദ്വീപിലേക്ക് പോകുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം, സച്ചിയുടെ അനാര്‍കലിക്ക് വേണ്ടി ഞാന്‍ വീണ്ടും ലക്ഷദ്വീപിലെത്തി. രണ്ട് മാസം കവരത്തിയില്‍ ചെലവഴിച്ചു. ഒപ്പം ജീവിതകാലം മുഴുവനും സൂക്ഷിക്കാനുള്ള ഓര്‍മ്മകളും സുഹൃത്തുക്കളും ഉണ്ടായി. രണ്ട് വര്‍ഷം മുമ്പ് വീണ്ടും ഞാന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സീക്വന്‍സെടുക്കുന്നതിന് ലക്ഷദ്വീപിലെത്തി. ലക്ഷദ്വീപിലെ സ്നേഹമുള്ള ആളുകള്‍ ഇല്ലായിരുന്നെങ്കില്‍ ഇവയൊന്നും സാധ്യമാകുമായിരുന്നില്ല.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദ്വീപില്‍ നിന്നും എനിക്ക് അറിയാവുന്നതും അറിയാത്തതുമായ ആളുകളില്‍ നിന്ന് നിരാശാജനകമായ സന്ദേശങ്ങള്‍ ലഭിക്കുകയാണ്. അവിടെ നടക്കുന്ന കാര്യങ്ങളില്‍ പൊതുജന ശ്രദ്ധ ആകര്‍ഷിക്കാന്‍ എനിക്ക് കഴിയുന്നത് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 

എന്തുകൊണ്ട് ദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്ററുടെ 'പരിഷ്‌കാരങ്ങള്‍' തികച്ചും വിചിത്രമാണെന്നതിനെ കുറിച്ച് ഞാന്‍ ലേഖനമൊന്നും എഴുതാന്‍ പോകുന്നില്ല. അതേകുറിച്ച് വായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനുകളില്‍ ലേഖനങ്ങള്‍ ലഭ്യമാണ്. എനിക്കറിയാവുന്ന ദ്വീപുവാസികളാരും അവിടെ സംഭവിക്കുന്ന പരിഷ്‌കാരങ്ങളില്‍ സന്തോഷിക്കുന്നില്ല എന്നാണ് എനിക്ക് മനസിലായത്. 

ഏതെങ്കിലും നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരിക്കലും ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്ര പ്രദേശത്തെയോ സൃഷ്ടിക്കുന്നത് ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിര്‍ത്തിയല്ല. മറിച്ച് അവിടെ താമസിക്കുന്ന ആളുകളാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുന്നു.

പുരോഗമനത്തിന്റെ പേര് പറഞ്ഞ് വര്‍ഷങ്ങളായി ഒത്തൊരുമയോടെ കഴിയുന്ന നാട്ടില്‍ സമാധാനം തകര്‍ത്ത് നടപ്പാക്കുന്ന ഇത്തരം നടപടികളെ എങ്ങിനെ വികസനമെന്ന് വിളിക്കും ലക്ഷദ്വീപിലെ പുതിയ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ പൃഥ്വിരാജും രംഗത്ത്


നമ്മുടെ സിസ്റ്റത്തില്‍ എനിക്ക് വിശ്വാസമുണ്ട്. നമ്മുടെ ജനങ്ങളില്‍ അതിനെക്കാള്‍ വിശ്വാസമുണ്ട്. നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരു അതോറിറ്റിയുടെ തീരുമാനങ്ങളില്‍ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്പോള്‍ അവര്‍ അത് ലോകത്തിന്റെയും അവരുടെ സര്‍കാരിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് ഞാന്‍ കരുതുന്നു. അതിന് വേണ്ടി പ്രവര്‍ത്തിക്കുക.

അതിനാല്‍, ആര്‍ക്കെങ്കിലും ആശങ്കയുണ്ടെങ്കില്‍, ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം ശ്രദ്ധിക്കുക. അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയാന്‍ അവരെ വിശ്വസിക്കുക. ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ് ലക്ഷദ്വീപ്. അതിലും മനോഹരമായ ആളുകള്‍ അവിടെ താമസിക്കുകയും ചെയ്യുന്നു.

 

 Keywords:  News, Kerala, State, Kochi, Prithvi Raj, Entertainment, Cine Actor, Cinema, Lakshadweep, Protest, Social Media, Facebook Post, Prithviraj also protests against new law reforms in Lakshadweep
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia