Tribute | പ്രേംനസീർ വിട വാങ്ങിയിട്ട് 36 വർഷം; മലയാളി മറക്കില്ല നിത്യഹരിത നായകനെ


● സോഷ്യൽ മീഡിയയിൽ ഇന്നും ഏറെ പ്രേക്ഷകരുണ്ട് പ്രേം നസീറിൻ്റെ സിനിമകൾക്ക്.
● കേവലം ഒരു സിനിമാതാരം എന്നതിലുപരി മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു പ്രേം നസീർ.
● അഭിനയം അഭ്രപാളികളിൽ മാത്രം ഒതുക്കി ജീവിതത്തിൽ നന്മ മരമായി തീർന്ന നസീർ മരണംവരെ അത് കാത്തുസൂക്ഷിച്ചു.
(KVARTHA) മലയാളചലച്ചിത്രരംഗത്തെ നിത്യഹരിത നായകൻ എന്നു വിളിക്കപ്പെടുന്ന പത്മഭൂഷൻ പ്രേം നസീർ ഈ ലോകത്തോട് വിട പറഞ്ഞിട്ട് 36 വർഷം തികയുന്നു. വിടപറഞ്ഞു 36 വർഷം കഴിഞ്ഞിട്ടും ഓരോ മലയാള സിനിമ പ്രേമിയും ഒരു ദിവസമെങ്കിലും ഈ പ്രേം നസീറെന്ന അതുല്യ നടനെ അനുസ്മരിക്കാതെ കടന്നുപോയിട്ടുണ്ടാവില്ല. സോഷ്യൽ മീഡിയയിൽ ഇന്നും ഏറെ പ്രേക്ഷകരുണ്ട് പ്രേം നസീറിൻ്റെ സിനിമകൾക്ക്.
കേവലം ഒരു സിനിമാതാരം എന്നതിലുപരി മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു പ്രേം നസീർ. നല്ലൊരു നടൻ എന്നതിലുപരി നല്ലൊരു മനുഷ്യൻ ആയിരുന്നു നസീറെന്ന് പരിചയപ്പെട്ടവർ ആരും പറയുന്നു. മനുഷ്യത്വപരമായ കാര്യങ്ങളിൽ പ്രേം നസീർ ചെയ്ത കാര്യങ്ങൾ എണ്ണിയാൽ ഒതുങ്ങാത്തതാണെന്ന് അദ്ദേഹത്തെ കഴിച്ച് രചിക്കപ്പെട്ട പല പുസ്തകങ്ങളിലും കാണാം.
ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒരു ശതമാനം പോലും പരസ്യം ഇല്ലാതെ എണ്ണിയാൽ ഒടുങ്ങാത്തത് ചെയ്ത പ്രേം നസീർ തന്റെ സിനിമ പരാജയപ്പെട്ടത് കാരണം നഷ്ടത്തിലായ നിർമ്മാതാക്കൾക്ക് നഷ്ടപരിഹാരം നൽകുവാനും അടുത്ത സിനിമയിൽ പ്രതിഫലം ഒന്നും തന്നെ വാങ്ങാതെയും അഭിനയിക്കാൻ തയ്യാറായതിന്റെ നിരവധി കഥകൾ ചലച്ചിത്രമേഖലയിൽ പ്രശസ്തമാണ്. അഭിനയം അഭ്രപാളികളിൽ മാത്രം ഒതുക്കി ജീവിതത്തിൽ നന്മ മരമായി തീർന്ന നസീർ മരണംവരെ അത് കാത്തുസൂക്ഷിച്ചു.
അടുത്തയിടെ നിര്യാതനായ പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായർ മദ്രാസിൽ ചികിത്സയ്ക്കിടയ്ക്ക് സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ തുക എഴുതാതെ ഒപ്പിട്ട ചെക്ക് നൽകിയ കഥ എം ടി അനുസ്മരിച്ചിട്ടുണ്ട്. പരിമിതിക്കുള്ളിൽ നിന്നും അഭിനേതാവിനെ പരമാവധി സ്വാതന്ത്ര്യം അനുവദിക്കാനുള്ള മനസ്സ് സംവിധായകർ കാട്ടുമ്പോഴും ആ സ്വാതന്ത്ര്യം ഒരിക്കലും ദുരുപയോഗം ചെയ്യാതെ അടിമുടി പ്രൊഫഷണൽ താരമായിരുന്നു പ്രേം നസീർ. സിനിമയുടെ വിജയത്തിന് ഏതു പ്രതികൂല സാഹചര്യത്തിലും എന്ത് വിഷമവും സഹിച്ച് അഭിനയിക്കാൻ നസീർ തയ്യാറായിരുന്നു എന്ന് അന്നത്തെ സംവിധായകർ അനുസ്മരിക്കുന്നുണ്ട്.
ഊട്ടിയിലെ കൊടും തണുപ്പിൽ പണിതീരാത്ത വീട് എന്ന സൂപ്പർഹിറ്റ് സിനിമയിലെ സൂപ്പർ ഹിറ്റ് ജയചന്ദ്രൻ ഗാനമായ സുപ്രഭാതം ഷൂട്ടിങ്ങിനു വേണ്ടി പ്രഭാത സൂര്യൻ പൊട്ടി വിടരുന്ന പുലർച്ചെ മരം കോച്ചുന്ന തണുപ്പിനെ അതിജീവിച്ച് അഭിനയിച്ച കഥ സംവിധായകർ അനുസ്മരിക്കുന്നു. ഒരു കാലഘട്ടത്തിൽ മലയാളികൾ തിയേറ്ററിലേക്ക് ഇടിച്ചു കയറിയത് ഈ മനുഷ്യനെ കാണാനായിരുന്നു. സിനിമ കണ്ടിറങ്ങുന്ന ഒരു സാദാ പ്രേക്ഷകന്റെ മനസ്സിൽ ഏഴു വർണ്ണവും ചാലിച്ച സുന്ദര സ്വപ്നമായി നസീർ എന്നും വിരാജിച്ചു നിന്നു.
ആ കാലഘട്ടത്തിലെ യുവതികൾ ഇഷ്ടം തോന്നുന്ന ഏതു പുരുഷനിലും പ്രേം നസീറിന്റെ സാന്നിധ്യം ദർശിക്കുക എന്നത് ഒരു സാധാരണ സംഭവം മാത്രമായിരുന്നു. പ്രേം നസീർ എന്ന മനുഷ്യനെ മാറ്റിനിർത്തി മലയാള സിനിമ ലോകത്തെപ്പറ്റി ചിന്തിക്കാൻ പറ്റാതിരിക്കാൻ പ്രധാന കാരണം വയലാറും ശ്രീകുമാരൻ തമ്പിയും ഭാസ്കരൻ മാഷും രചിച്ച പ്രണയാതുരമായ ഗാനങ്ങൾ യേശുദാസിന്റെയും ജയചന്ദ്രന്റെയും മനോഹരമായ ശബ്ദത്തിൽ നമ്മുടെ മുന്നിൽ എത്തുമ്പോൾ അതിവിദഗ്ധമായ ചുണ്ട് അനക്കം വഴി പാടിയത് പ്രേംനസീർ തന്നെയാണ് എന്ന് തോന്നിപ്പിക്കുന്ന അല്ലെങ്കിൽ പ്രേക്ഷകമനുസരിച്ച് കീഴടക്കാൻ പറ്റുന്ന ആ അഭിനയ ചാതുരി ഒന്നുകൊണ്ട് മാത്രമാണ്.
വിക്കിപീഡിയയിലും പല പ്രസിദ്ധീകരണങ്ങളിലും പ്രേം നസീറിന്റെ ജനനത്തീയതിയെ സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നുണ്ടെങ്കിലും അടുത്തകാലത്ത് നടത്തിയ ചില പഠനങ്ങൾ പ്രേം നസീറിന്റെ ജനനം 1104 മീനം 10 ആണ് എന്ന് രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്. മലയാളം കൊല്ല വർഷ തീയതി മാത്രം ഉണ്ടായിരുന്ന ആ കാലഘട്ടത്തിലെ ഈ തീയതി ഇംഗ്ലീഷിലേക്ക് മാറ്റിയാൽ 1929 മാർച്ച് 23 എന്ന് ഉറപ്പിക്കാം.
ചിറിഞ്ഞിക്കൽ അബ്ദുൽ ഖാദർ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. സുപ്രസിദ്ധ സിനിമ താരം തിക്കുറിശ്ശി ആണ് നസീർ എന്ന പേര് നൽകിയത്. തുടർന്ന് കുഞ്ചാക്കോ അത് പ്രേം നസീർ എന്നാക്കി മാറ്റിയതും. 1951 ഡിസംബർ 26 നു ആദ്യമായി ക്യാമറക്കു മുന്നിൽ വന്നു. 1952ൽ മരുമകൾ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്.
മലയാളികളുടെ മനസ്സിലെ പുരുഷ സങ്കൽപ്പങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രേം നസീറിന്റെ ചലച്ചിത്ര കഥാപാത്രങ്ങൾ. 672 മലയാളചിത്രങ്ങളിൽ അഭിനയിച്ച പ്രേംനസീർ 56 തമിഴ് ചിത്രങ്ങളിലും 21 തെലുങ്ക് ചിത്രങ്ങളിലും 32 കന്നഡ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ഷീലയുമൊത്ത് 130 ചലച്ചിത്രങ്ങളിൽ പ്രണയ ജോഡികളായി അഭിനയിച്ചു. ഇത് ഒരു ഗിന്നസ് റെക്കോഡാണ്.
പത്മഭൂഷൺ പുരസ്കാരം നൽകി രാഷ്ട്രം ആദരിച്ചിട്ടുണ്ട്. രാഷ്ട്രീയവും സിനിമയും തമിഴ്നാട് രീതിയിൽ ഒന്നായി കാണാതെ രണ്ടായി കാണുന്ന കേരള ജനത ആയതിനാൽ പ്രേംനസീർ കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രവേശിച്ചിട്ടും അത് കേരള സമൂഹത്തിൽ യാതൊരുവിധ സ്വാധീനവും ചെലുത്തിയിട്ടില്ലെന്നതാണ് വസ്തുത.
കടത്തനാടൻ അമ്പാടി എന്ന ചിത്രമാണ് നസീറിന്റെ ഒടുവിലത്തെ പടം. ഗിന്നസ് ലോക റിക്കാർഡ് മൂന്ന് വിഭാഗങ്ങളിലായി നേടിയിട്ടുണ്ട്
1989 ൽ ഇന്നേ ദിവസം തന്റെ 62മത് വയസ്സിൽ നിത്യഹരിത നായകൻ ഈ ലോകത്തോട് വിടവാങ്ങി. കുട്ടികളെപ്പോലെ നിഷ്കളങ്ക സ്വഭാവമുള്ള പ്രേംനസീറിന് കുട്ടികളെ ബാധിക്കുന്ന അഞ്ചാംപനി രോഗം ബാധിച്ചാണ് മരിച്ചതെന്ന കാര്യവും അവിശ്വസനീയമാണ്.
#PremNazir #MalayalamCinema #FilmLegends #EternalHero #CinemaTribute #IconicActor