നടന്‍ ദിലീപിന്റെ വീട്ടില്‍ നടന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ പരിശോധന പൂര്‍ത്തിയായി; കംപ്യൂടെര്‍ ഹാര്‍ഡ് ഡിസ്‌ക്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ കണ്ടെടുത്തതായി സൂചന; ലക്ഷ്യം തോക്ക് കണ്ടെത്തല്‍?

 


കൊച്ചി: (www.kvartha.com 13.01.2022) നടിയെ ആക്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ നടന്ന പരിശോധന പൂര്‍ത്തിയായി. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടില്‍ ക്രൈംബ്രാഞ്ച് നടത്തിയ, എട്ട് മണിക്കൂര്‍ നീണ്ട പരിശോധനയാണ് പൂര്‍ത്തിയായത്. പരിശോധനയില്‍ കംപ്യൂടെര്‍ ഹാര്‍ഡ് ഡിസ്‌ക്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ കണ്ടെടുത്തതായി സൂചന.

നടന്‍ ദിലീപിന്റെ വീട്ടില്‍ നടന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ പരിശോധന പൂര്‍ത്തിയായി; കംപ്യൂടെര്‍ ഹാര്‍ഡ് ഡിസ്‌ക്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ കണ്ടെടുത്തതായി സൂചന; ലക്ഷ്യം തോക്ക് കണ്ടെത്തല്‍?

രാവിലെ 11:30-ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധനയ്ക്കായി എത്തിയത്. അല്‍പസമയം മുമ്പാണ് പരിശോധന പൂര്‍ത്തിയാക്കിയത്. നാലു പൊലീസ് വാഹനങ്ങളാണ് ദിലീപിന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. കോടതിയുടെ അനുമതിയോടെയാണ് റവന്യൂ, ക്രൈംബ്രാഞ്ച് സംയുക്ത സംഘത്തിന്റെ പരിശോധന. ദിലീപിന്റെ നിര്‍മാണക്കമ്പനിയിലും സഹോദരന്‍ അനൂപിന്റെ വീട്ടിലും ഒരേസമയത്താണ് മണിക്കൂറുകള്‍ നീണ്ട പരിശോധന നടത്തിയത്.

കുറ്റകൃത്യത്തിന് ശേഷം ദിലീപിന്റെ ഭാഗത്ത് നിന്നും ദിലീപുമായി ബന്ധമുള്ള കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായിട്ടുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍, ആര്‍ക്കൊക്കെയാണ് ഈ പണം പോയിട്ടുള്ളത്, എന്തൊക്കെ ആവശ്യങ്ങള്‍ക്കാണ് പണം പോയിട്ടുള്ളത് എന്നതടക്കം പരിശോധിക്കാന്‍ വേണ്ടി ബിലു(Bill)കളും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

ദിലീപിന്റെ വീട്ടില്‍ നിന്ന് അന്വേഷണ സംഘം കവറിലാക്കി സാധനങ്ങള്‍ പുറത്തേക്ക് കൊണ്ടു വന്നിട്ടുണ്ട്. ഹാര്‍ഡ് ഡിസ്‌കുകളും അതുമായി ബന്ധപ്പെട്ട വസ്തുക്കളുമാണ് ഇതിലുള്ളത് എന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. പരിശോധനയില്‍ പ്രധാനപ്പെട്ട ലക്ഷ്യം തോക്കായിരുന്നു. എന്നാല്‍ ഇത് ദിലീപിന്റെ വീട്ടില്‍ നിന്ന് കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് നിലവില്‍ ലഭ്യമായ വിവരം.

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലാചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് ദിലീപിന്റെ വീട്ടിലെ പൊലീസ് പരിശോധന. പള്‍സര്‍ സുനി നടിയെ ആക്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് ഉള്‍പെടെയുള്ള തെളിവുകള്‍ ശേഖരിക്കുന്നതിനു വേണ്ടിയാണ് പൊലീസ് പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്നത് ഉള്‍പെടെയുള്ള വെളിപ്പെടുത്തലുകളാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയിരിക്കുന്നത്. ദിലീപിന്റെ വീട്ടിലാണ് ഗൂഢാലോചന പ്രധാനമായും നടന്നതെന്നാണ് ഇദ്ദേഹത്തിന്റെ മൊഴി. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് സഹോദരന്റെ വീട്ടില്‍ ഉള്‍പെടെ ഒരേസമയം റെയ്ഡ് നടത്തിയത്. ആവശ്യമെങ്കില്‍ വരും ദിവസങ്ങളില്‍ വീണ്ടും പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

Keywords: Police raid Dileep's house in search of a gun, say reports, Kochi, News, Actress, Dileep, Raid, Crime Branch, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia