നടന്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ചുകടക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: (www.kvartha.com 04.01.2021) നടന്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച ഫസില്‍ ഉള്‍ അക്ബര്‍ എന്ന യുവാവിനെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം നടന്നതെന്നു നടന്‍ കൃഷ്ണകുമാര്‍ പറഞ്ഞു. അതേസമയം ഇയാള്‍ മാനസികരോഗിയാണെന്നു സംശയിക്കുന്നതായും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
സംഭവത്തെ കുറിച്ച് കൃഷ്ണകുമാര്‍ പറയുന്നത് ഇങ്ങനെ;
ഒരു യുവാവ് ഗേറ്റിലടിച്ചു ബഹളം വച്ചു. എന്താണ് കാര്യമെന്നു ചോദിച്ചെങ്കിലും മറുപടി നല്‍കാതെ ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടു. ഗേറ്റ് തുറക്കാന്‍ കഴിയില്ലെന്നു പറഞ്ഞപ്പോള്‍ ചാടി അകത്തു കയറുമെന്നു പറഞ്ഞു. തുടര്‍ന്ന് ഗേറ്റ് ചാടി അകത്തു കയറിയ യുവാവ് വാതില്‍ ചവിട്ടി പൊളിക്കാന്‍ തുടങ്ങിയപ്പോള്‍ പൊലീസിനെ വിളിക്കുകയായിരുന്നു.
പത്ത് മിനിറ്റിനുള്ളില്‍ പൊലീസെത്തി യുവാവിനെ അറസ്റ്റു ചെയ്തു. രാഷ്ട്രീയ വിഷയമാണോ സിനിമാ സംബന്ധമായ വിഷയമാണോ എന്നറിയില്ലെന്നു കൃഷ്ണകുമാര്‍ പറഞ്ഞു. യുവാവിന്റെ വീട്ടില്‍ വിവരം അറിയിച്ചെങ്കിലും വീട്ടുകാര്‍ യുവാവിനെ വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചതെന്നും നടന്‍ പറഞ്ഞു.
Keywords: Police Arrested Youth Who Tried to Tress pass into Actor Krishna Kumar's House, Thiruvananthapuram, News, Cine Actor, House, Arrested, Cinema, Kerala.