സംസ്ഥാന സര്‍ക്കാരിന്റെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഓണാഘോഷത്തിന് ഉത്രാടനാളില്‍ നിശാഗന്ധിയില്‍ തുടക്കമാകും, സിനിമാതാങ്ങളായ കീര്‍ത്തീ സുരേഷും ടൊവിനോ തോമസും മുഖ്യാതിഥികളാകും, സംഗീത - നൃത്ത - താള വിസ്മയം തീര്‍ക്കാന്‍ പ്രമുഖ താരങ്ങളും; പൊടിക്കുന്നത് ആറ് കോടി

 


തിരുവനന്തപുരം: (www.kvartha.com 06.09.02019) സംസ്ഥാന സര്‍ക്കാരിനുവേണ്ടി വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്തംബര്‍ 10 മുതല്‍ 16 വരെ നടക്കും. ചൊവ്വാഴ്ച ഉത്രാടനാളില്‍ വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.

മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഓണസന്ദേശം നല്‍കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. മികച്ച ചലച്ചിത്രനടിക്കുള്ള ദേശീയ പുരസ്‌കാര ജേതാവ് കീര്‍ത്തീ സുരേഷും പ്രശസ്ത സിനിമാതാരം ടൊവിനോ തോമസും ചടങ്ങില്‍ മുഖ്യാതിഥികള്‍ ആയിരിക്കും. കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളവും പ്രശസ്ത പിന്നണി ഗായിക കെ എസ് ചിത്രയുടെ സംഗീത നിശയും അന്നേദിവസം അരങ്ങേറും.

അതിജീവനത്തിന്റെ ഓണമാണിത്. ദുരന്തങ്ങളുടെ മുന്നില്‍ പകച്ചുനില്‍ക്കാനാവില്ല. കെടുതികളെ അതിജീവിച്ച് മുന്നോട്ടു പോകുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നത്. ഈ വര്‍ഷത്തെ ഓണാഘോഷത്തിനായി ആറുകോടി രൂപയാണ് വകയിരുത്തിയിരിക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

സെപ്തംബര്‍ എട്ട് ഞായറാഴ്ച വൈകിട്ട് ആറിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കനകക്കുന്നില്‍ ഓണപ്പതാക ഉയര്‍ത്തും. സൂര്യകാന്തിയില്‍ ഒരുക്കുന്ന വ്യാപാരമേളയുടെ ഉദ്ഘാടനം അന്ന് വൈകുന്നേരം 3.30ന് ഓണാഘോഷ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ സി ദിവാകരന്‍ എംഎല്‍എ നിര്‍വ്വഹിക്കും. ഒമ്പതിന് തിങ്കളാഴ്ച വൈകിട്ട് ആറിന് ഇല്യൂമിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സി കെ ഹരീന്ദ്രന്‍ എംഎല്‍എ വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണും ഫുഡ് ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്‍മാന്‍ കെ ശബരീനാഥന്‍ എംഎല്‍എ ഭക്ഷ്യമേളയുടെ ഉദ്ഘാടനവും നിര്‍വഹിക്കും.

കേരളത്തിന്റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങള്‍ക്കൊപ്പം ആധുനിക കലകളും സംഗീതദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളുമെല്ലാം ഇക്കൊല്ലത്തെ ഓണം വാരാഘോഷത്തിന്റെ മാറ്റുകൂട്ടും. ഇക്കൊല്ലത്തെ പുതിയ വേദിയായ വെള്ളായണി ഉള്‍പ്പെടെ തലസ്ഥാന നഗരിക്കകത്തും പുറത്തുമായി 29 വേദികളിലാണ് വിനോദസഞ്ചാര വകുപ്പ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഏഴ് ദിവസത്തെ പരിപാടികളില്‍ അയ്യായിരത്തിലേറെ കലാകാരന്മാര്‍ പങ്കെടുക്കും.

സെപ്റ്റംബര്‍ 16ന് കോവളം ലീല റാവിസില്‍ നടക്കുന്ന ടൂറിസം സംഗമമാണ് ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്രധാന സവിശേഷത. പ്രളയത്തെ അതിജീവിച്ച കേരളത്തെക്കുറിച്ചു വിവരിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിനോദസഞ്ചാര സാംസ്‌കാരിക വകുപ്പ് സഹമന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേല്‍ മുഖ്യാതിഥിയായിരിക്കും. രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന സമ്മേളനത്തില്‍ സുസ്ഥിര വിനോദസഞ്ചാരത്തിനുള്ള മികച്ച മാതൃകകള്‍, ടൂറിസം വ്യവസായം നേരിടുന്ന വെല്ലുവിളികള്‍, സംസ്ഥാന ടൂറിസം ബോര്‍ഡുകളുടെ ബ്രാന്‍ഡിംഗും പ്രമോഷനും എന്നീ വിഷയങ്ങളെ അധികരിച്ച സെഷനുകളാണ് നടക്കുക.

പ്രശസ്ത പിന്നണി ഗായകരായ എം ജി ശ്രീകുമാര്‍, വിധുപ്രതാപ്, സുധീപ് കുമാര്‍, റിമിടോമി, ജ്യോത്സ്‌ന, കാര്‍ത്തിക്, ശ്രീനിവാസ്, മധു ബാലകൃഷ്ണന്‍, ഉണ്ണിമേനോന്‍, രമേശ് നാരായണന്‍, മാര്‍ക്കോസ്, ജാസി ഗിഫ്റ്റ്, മൃദുല വാര്യര്‍, കാവാലം ശ്രീകുമാര്‍ എന്നിവര്‍ വിവിധ വേദികളില്‍ അണിനിരക്കും. പ്രശസ്ത നര്‍ത്തകരും സിനിമാതാരങ്ങളുമായ ആശാ ശരത്തിന്റേയും നവ്യാ നായരുടേയും നൃത്തങ്ങള്‍ക്കും തലസ്ഥാന നഗരം സാക്ഷ്യം വഹിക്കും. തൈക്കൂടം ബ്രിഡ്ജ് മ്യൂസിക് ബാന്‍ഡും പരിപാടി അവതരിപ്പിക്കും.

വിധുപ്രതാപും ഡി ഫോര്‍ ഡാന്‍സ് സംഘവും അണിനിരക്കുന്ന മലയാളമനോരമയുടെ പരിപാടിക്കും മാതൃഭൂമിയുടെ ജോണ്‍സണ്‍ നിശയ്ക്കും ലെനിന്‍ രാജേന്ദ്രന്‍ സ്മരണയായ 'രാത്രിമഴ'യ്ക്കുമാണ് നിശാഗന്ധി ആതിഥ്യമരുളുന്നത്. ജയ്ഹിന്ദ് ടിവിയുടെ 'തിരുവോണ നിലാവ്', എസിവിയുടെ 'ഋതുരാഗം', മംഗളത്തിന്റെ 'ഓണനിലാവ്', ദേശാഭിമാനിയുടെ തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാന്‍ഡ്, മെട്രോ വാര്‍ത്തയുടെ 'ഓണം ഫിയസ്റ്റ', കേരള കൗമുദിയുടെ 'കൗമുദി ടിവി ഓണം എക്‌സ്ട്രീം' എന്നീ മെഗാപരിപാടികള്‍ക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയം വേദിയാകും. പ്രശസ്ത നര്‍ത്തകിയും സിനിമാതാരവുമായ ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടിയും മുളസംഗീതം, പഞ്ചവാദ്യം, ഗസല്‍, കളരിപ്പയറ്റ് എന്നിവയും കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും.

പ്രധാന നൃത്തയിനങ്ങള്‍ വൈലോപ്പിള്ളിയിലും ഭാരത്ഭവനിലും തീര്‍ത്ഥപാദമണ്ഡപത്തിലും അരങ്ങേറും. സൂര്യകാന്തിയിലും പബ്ലിക് ഓഫീസ് പരിസരത്തും പൂജപ്പുര മൈതാനത്തും ഗാനമേളയാണ് ഒരുക്കിയിരിക്കുന്നത്. ഭാരത് ഭവനും വൈലോപ്പിള്ളി സംസ്‌കൃതിഭവനിലെ കൂത്തമ്പലവും ശാസ്ത്രീയ നൃത്തത്തിനും സംഗീതിക ശാസ്ത്രീയ സംഗീതത്തിനും വേദിയാകും. ഗാന്ധിപാര്‍ക്കില്‍ പതിവുപോലെ കഥാപ്രസംഗമാണ് അരങ്ങേറുന്നത്. മ്യൂസിയം പരിസരത്ത് എല്ലാ ദിവസവും അമച്വര്‍ നാടകങ്ങളും യോഗയും കളരിപ്പയറ്റും തിരുവരങ്ങ്, സോപാനം എന്നിവിടങ്ങളില്‍ നാടന്‍ കലാരൂപങ്ങളും അരങ്ങേറും.

അയ്യങ്കാളി ഹാള്‍ (വിജെടി) കഥ, കവിയരങ്ങ്, നാടകങ്ങള്‍ എന്നിവയ്ക്കും കനകക്കുന്ന് ഗേറ്റ് വാദ്യമേളങ്ങള്‍ക്കും തീര്‍ത്ഥപാദമണ്ഡപം കഥകളിക്കും അക്ഷര ശ്ലോകത്തിനും കൂത്തിനും കൂടിയാട്ടത്തിനും വേദിയാകും. സ്ത്രീകളുടേയും കുട്ടികളുടേയും വിവിധ കലാപരിപാടികള്‍ ശംഖുമുഖത്ത് നടക്കും.

നെടുമങ്ങാട് പാര്‍ക്കിംഗ് ഗ്രൗണ്ട്, മുടവൂര്‍പാറ ബോട്ട് ക്ലബ് പരിസരം, ശ്രീവരാഹം, വേളി ടൂറിസ്റ്റ് വില്ലേജ്, പേരൂര്‍ക്കട ബാപ്പൂജി ഗ്രന്ഥശാല, കഴക്കൂട്ടം, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര മുന്‍സിപ്പല്‍ ഗ്രൗണ്ട്, കോട്ടയ്ക്കകം ശ്രീചിത്തിര തിരുനാള്‍ പാര്‍ക്ക്, ആക്കുളം എന്നിവിടങ്ങളില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. പുതിയ വേദിയായ വെള്ളായണി പഞ്ചവാദ്യം, ഗാനമേള, ചരിത്ര നാടകം, കഥാപ്രസംഗം, വില്‍പ്പാട്ട്, കളരിപ്പയറ്റ്, നാടന്‍പാട്ട് എന്നിവയ്ക്ക് വേദിയാകും.

നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഊഞ്ഞാലുകള്‍ ഒരുക്കുന്നതിനൊപ്പം പൊതുജനങ്ങള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും ടൂറിസം മേഖലയിലെ പങ്കാളികള്‍ക്കുമായി അത്തപ്പൂക്കള മത്സരവും തിരുവാതിരക്കളി മത്സരവും സംഘടിപ്പിക്കും. അത്തപ്പൂക്കള മത്സരത്തിന് സെന്റ് ജോസഫ് സ്‌കൂള്‍ വേദിയാകും. തിരുവാതിരക്കളി ഭാരത് ഭവനില്‍ നടക്കും. സംസ്ഥാനത്തെ മറ്റു ജില്ലകളിലെ ആഘോഷ പരിപാടികള്‍ക്ക് സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രൊമേഷന്‍ കൗണ്‍സിലുകളും സംയുക്തമായി നേതൃത്വം നല്‍കും.

സെപ്റ്റംബര്‍ 16 തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് വെള്ളയമ്പലം മുതല്‍ കിഴക്കേക്കോട്ട വരെയുള്ള വര്‍ണ്ണശബളമായ സാംസ്‌കാരിക ഘോഷയാത്രയോടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് സമാപനമാകും. ഇന്ത്യയുടേയും കേരളത്തിന്റേയും വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങള്‍ക്കും കലാരൂപങ്ങള്‍ക്കും വാദ്യാഘോഷങ്ങള്‍ക്കുമൊപ്പം അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാന്‍ഡുകളും ഘോഷയാത്രയില്‍ അണിനിരക്കുന്നുണ്ട്.

ടൂറിസം മേഖലയിലെ പുത്തന്‍ ഉല്‍പ്പന്നമായ ചാമ്പ്യന്‍സ് ബോട്ട് ലീഗിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭരത് ബാല നിര്‍മിച്ച് പ്രശസ്ത സംഗീതജ്ഞന്‍ എ ആര്‍ റഹ് മാന്‍ ശബ്ദം നല്‍കിയ വീഡിയോയും വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.

സെപ്തംബര്‍ 20 മുതല്‍ 22 വരെ സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജെല്ലി ഫിഷ് സ്ഥാപനവും അഡ്വഞ്ചര്‍ ടൂറിസവും സംയുക്തമായി സംഘടിപ്പിക്കുന്ന ചാലിയാര്‍ റിവര്‍ പാഡിലിന്റെ ലോഗോയും ടൂറിസം മന്ത്രി പ്രകാശിപ്പിച്ചു. ചാലിയാര്‍ പുഴയില്‍ അറുപത്തിയെട്ട് കിലോമീറ്ററോളം മൂന്നുദിവസം കൊണ്ട് സഞ്ചരിച്ച് ശുചിയാക്കി കിട്ടുന്ന മാലിന്യത്തെ റിസൈക്കിള്‍ ചെയ്യുന്നതിനുള്ള ദൗത്യമാണ് ചാലിയാര്‍ റിവര്‍ പാഡില്‍.

എംഎല്‍എ സി ദിവാകരന്‍, ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍, കെടിഡിസി മാനേജിംഗ് ഡയറക്ടര്‍ രാഹുല്‍ ആര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഓണാഘോഷത്തിന് ഉത്രാടനാളില്‍ നിശാഗന്ധിയില്‍ തുടക്കമാകും, സിനിമാതാങ്ങളായ കീര്‍ത്തീ സുരേഷും ടൊവിനോ തോമസും മുഖ്യാതിഥികളാകും, സംഗീത - നൃത്ത - താള വിസ്മയം തീര്‍ക്കാന്‍ പ്രമുഖ താരങ്ങളും; പൊടിക്കുന്നത് ആറ് കോടി

Keywords:  Kerala, News, Thiruvananthapuram, Onam, Celebration, Cinema, Entertainment, celebrates, boat league, music, Onam Celebration will be started on 9th
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia