നയന്‍താരയുടേയും വിഘ് നേശ് ശിവന്റേയും വിവാഹ നിശ്ചയം കഴിഞ്ഞു; ചടങ്ങില്‍ പങ്കെടുത്തത് അടുത്ത ബന്ധുക്കള്‍ മാത്രം

 


ചെന്നൈ: (www.kvartha.com 17.08.2021) തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നുവെന്നും വിവാഹം നടക്കുമ്പോള്‍ എല്ലാവരെയും അറിയിക്കുമെന്നും താരം പറഞ്ഞു.

ശനിയാഴ്ച വിജയ് ടിവിയില്‍ ദിവ്യദര്‍ശിനിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം വാര്‍ത്ത സ്ഥിരീകരിച്ചത്. വിവാഹനിശ്ചയ മോതിരവും കാണിച്ചു. എന്നാല്‍ എന്നാണ് വിവാഹമെന്നു താരം വെളിപ്പെടുത്തിയിട്ടില്ല. ഇക്കഴിഞ്ഞ മാര്‍ച്ച് 25 ന് വിഘ്‌നേശ് ശിവന്‍ നയന്‍താര മോതിരം അണിഞ്ഞുനില്‍ക്കുന്ന ചിത്രം പങ്കുവച്ചിരുന്നു. അത് വിവാഹ നിശ്ചയ മോതിരമാണെന്ന് ആരാധകര്‍ കരുതിയെങ്കിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല.

നയന്‍താരയുടേയും വിഘ് നേശ് ശിവന്റേയും വിവാഹ നിശ്ചയം കഴിഞ്ഞു; ചടങ്ങില്‍ പങ്കെടുത്തത് അടുത്ത ബന്ധുക്കള്‍ മാത്രം

നാനും റൗഡി താന്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് നയന്‍താരയും വിഘ്‌നേശ് ശിവനും പരിചയപ്പെടുന്നത്. തുടര്‍ന്ന് പരിചയം പ്രണയമാകുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഒന്നിച്ചു ചിത്രങ്ങള്‍ നിര്‍മിക്കാനും തുടങ്ങി. അവധിദിനങ്ങള്‍ ആഘോഷമാക്കി മാറ്റാന്‍ ഇരുവരും ഒരുമിച്ച് വിദേശ യാത്രകള്‍ നടത്താറുണ്ട്. വിശേഷ ദിവസങ്ങളിലും ഇരുവരും ഒരുമിച്ചാണ് പങ്കെടുക്കാറുള്ളത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കിടുകയും ചെയ്യാറുണ്ട്.

നയന്‍ താര നായികയായി ഈയിടെ പുറത്തിറങ്ങിയ നെട്രികണ്‍ എന്ന ചിത്രം നിര്‍മിച്ചത് വിഘ്‌നേഷാണ്. നെട്രികണ്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു ചാനലില്‍ നയന്‍താര അഭിമുഖത്തിനെത്തിയിരുന്നു. അവിടെ വച്ച് പിതാവിനെ കുറിച്ച് പറയുന്നതിനിടെ നടിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. കുറച്ചു നാള്‍ മുന്‍പ് വിഗ്‌നേഷും നയന്‍താരയും സ്വകാര്യ വിമാനത്തില്‍ കൊച്ചിയിലെത്തി പിതാവിനെ സന്ദര്‍ശിച്ചിരുന്നു.

Keywords:  Nayanthara Confirms Engagement To Filmmaker Vignesh Shivan, Chennai, News, Cinema, Actress, Marriage, Social Media, Director, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia