നടന്‍ മുകേഷും ഭാര്യ മേതില്‍ ദേവികയും വേര്‍പിരിയുന്നുവോ? വാര്‍ത്ത സത്യമാണെങ്കില്‍ താരത്തിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കണമെന്ന് ബിന്ദു കൃഷ്ണ
Jul 26, 2021, 17:25 IST
കൊല്ലം: (www.kvartha.com 26.07.2021) നടന്‍ മുകേഷും നര്‍ത്തകിയായ ഭാര്യ മേതില്‍ ദേവികയും വേര്‍പിരിയുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പൊടിപൊടിക്കുന്നു. നീണ്ട ഒന്‍പതു വര്‍ഷത്തെ ദാമ്പത്യ ബന്ധം അവസാനിക്കുന്നു എന്ന നിലയിലാണ് റിപോര്‍ടുകള്‍ പ്രചരിച്ചത്. കുടുംബകോടതിയില്‍ ദേവിക വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തു എന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ടുകള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ തന്നെ പ്രചരിച്ചിരുന്നു. വാര്‍ത്തയ്‌ക്കെതിരെ മുകേഷോ ദേവികയോ ഇതുവരെ പ്രതികരിച്ചുമില്ല.
മുകേഷ്, മേതില്‍ ദേവിക വിവാഹമോചന വാര്‍ത്ത ശരിയാണെങ്കില്‍ മുകേഷിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ബിന്ദു കൃഷ്ണയെ തോല്‍പിച്ചാണ് മുകേഷ് എം എല്‍ എ ആയത്. ജനപ്രതിനിധിയായ മുകേഷിനെതിരെ സ്വമേധയാ കേസെടുക്കാന്‍ വനിതാ കമിഷന്‍ തയാറാകണമെന്നും ബിന്ദു കൃഷ്ണ പോസ്റ്റില്‍ ആവശ്യപ്പെട്ടു.
ബിന്ദു കൃഷ്ണയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം;
'എം മുകേഷിന്റെയും മേതില്‍ ദേവികയുടെയും സ്വകാര്യ ജീവിതത്തില്‍ തലയിടാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ മേതില്‍ ദേവിക എന്ന വനിത അനുഭവിച്ച ദുരവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യാതിരിക്കാന്‍ കഴിയില്ല. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ എം മുകേഷിന് എതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് എടുക്കാന്‍ സംസ്ഥാന പൊലീസ് വകുപ്പ് തയ്യാറാകണം. ജനപ്രതിനിധി കൂടിയായ മുകേഷിന് എതിരെ സ്വമേധയാ കേസ് എടുക്കാന്‍ സംസ്ഥാന വനിതാ കമിഷനും തയ്യാറാകണം.
കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനെ വെല്ലുന്ന പൂരപ്പാട്ട് എം മുകേഷില്‍ നിന്നും പലപ്രാവശ്യം ഉണ്ടായിട്ടുള്ളത് കേരള ജനത കേട്ടിട്ടുള്ളതാണ്. 14 വയസുള്ള വിദ്യാര്‍ഥിക്കെതിരെ വരെ വളരെ മോശമായി സംസാരിച്ച മുകേഷിന്റെ സ്ത്രീകളോടുള്ള ശൈലി അദ്ദേഹത്തിന്റെ മുന്‍ ഭാര്യ സരിത തന്നെ പല പ്രാവശ്യം പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്. അപ്പോഴെല്ലാം മുകേഷിന് സംരക്ഷണ കവചം ഒരുക്കി വെള്ളപൂശിയത് ഇടതുപക്ഷമാണ്.
മുകേഷിന്റെ നിലവിലെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വിവരങ്ങള്‍ ലഭിച്ചിരുന്നു. പക്ഷേ കുടുംബ പ്രശ്‌നങ്ങള്‍ രാഷ്ട്രീയ ആയുധമാക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. മേതില്‍ ദേവിക എന്ന വ്യക്തിയുടെ കുലീനത ഞാന്‍ മനസ്സിലാക്കിയത് അവരുടെ അന്നത്തെ നിലപാടിലൂടെയായിരുന്നു.
അന്ന് മുകേഷിന് എതിരെ ഒരു വാക്ക് കൊണ്ടു പോലും എതിരഭിപ്രായം പറയാന്‍ അവര്‍ തയ്യാറായില്ല. നെഗറ്റീവ് വാര്‍ത്തകളില്‍ ഇടം പിടിക്കാതിരിക്കാനും ആ സ്ത്രീ പ്രത്യേകം ശ്രദ്ധിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഞാന്‍ കുടുംബത്തിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം ഫെയ്‌സ് ബുകില്‍ പങ്കുവച്ചപ്പോള്‍ അതില്‍ പരിഹാസരൂപത്തില്‍ മുകേഷ് കമന്റ് എഴുതിയിരുന്നു. പരിഹാസ കമന്റുകള്‍ എഴുതി അന്യരെ പരിഹസിക്കുന്ന സമയത്തും സ്വന്തം കുടുംബം തന്നില്‍ നിന്നും അകന്നു എന്ന യാഥാര്‍ഥ്യം അദ്ദേഹം മറച്ചുവെച്ചു ജനങ്ങളെ കബളിപ്പിച്ചു.
അദ്ദേഹം എനിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് തന്നെ അസത്യ പ്രചരണങ്ങള്‍ കൊണ്ടാണ്. പച്ചക്കള്ളങ്ങള്‍ മാത്രം പറഞ്ഞും പ്രചരിപ്പിച്ചും അത് ജനങ്ങളെ അഭിനയിച്ച് വിശ്വസിപ്പിച്ചും അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടു. എം മുകേഷിനെതിരെ അസത്യ പ്രചരണങ്ങള്‍ നടത്താനോ അദ്ദേഹത്തിന്റെ വാസ്തവ വിരുദ്ധമായ പ്രചരണങ്ങള്‍ക്ക് മറുപടി പറയാനോ ഞങ്ങള്‍ ശ്രമിച്ചിരുന്നില്ല...
തെരഞ്ഞെടുപ്പ് കാലത്ത് മേതില്‍ ദേവിക പ്രതികരിക്കാതിരുന്നതും അവരുടെ കുടുംബപ്രശ്‌നം യുഡിഎഫ് തെരഞ്ഞെടുപ്പ് ആയുധം ആക്കാതിരുന്നതും ഒന്നും സ്ത്രീകളുടെ കഴിവുകേടല്ല എന്ന് മനസിലാക്കാന്‍ എം മുകേഷിന് കഴിയാതെപോയി. ഭാര്യ എന്ന നിലയില്‍ എം മുകേഷിനെ അത്രത്തോളം സംരക്ഷിച്ച ഒരു വ്യക്തിയെയാണ് അദ്ദേഹം വളരെ മോശമായ രീതിയില്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
സ്ത്രീ സംരക്ഷണത്തെക്കുറിച്ച് വായ് തോരാതെ സംസാരിക്കുന്ന ഇടതുപക്ഷ സര്‍കാര്‍ എം മുകേഷിന് എതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകണം.' ബിന്ദു കൃഷ്ണ പോസ്റ്റില്‍ പറയുന്നു.
Keywords: Mukesh - Methil Devika divorce news finds mention in a post by Bindu Krishna, Kollam, News, Politics, Cinema, Actor, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.