ഇത് ജോഷിയുടെ വമ്പന്‍ തിരിച്ച് വരവ്, 'പൊറിഞ്ചു മറിയം ജോസ്', കട്ടക്കലിപ്പിന്റെ ആട്ടക്കലാശം, തീയ്യറ്ററുകള്‍ പൂരപ്പറമ്പാക്കുന്നു

 


നിരഞ്ജന്‍ വ്യാസ്

(www.kvartha.com 28/08/2019) സംവിധാന കലയിലെ ഭീഷ്മാചാര്യന്‍ ജോഷി പരാജയ ചിത്രങ്ങളുടെ പരമ്പരയില്‍നിന്ന് വമ്പന്‍ തിരിച്ചു വരവ് നടത്തിയ സിനിമയാണ് പൊറിഞ്ചു മറിയം ജോസ്. നീറിപ്പിടിക്കുന്ന പകയും നനഞ്ഞു നീളുന്ന പ്രണയവും പ്രതികാരവുമൊക്കെയായി തീയറ്ററുകളെ പൂരപ്പറമ്പാക്കുകയാണ് ഈ പടം. പൂരമായാലും പെരുന്നാളായും ആഘോഷത്തിന്റെ മേളം തീര്‍ക്കുന്ന തൃശൂര്‍ക്കാരെ അപ്പടി പകര്‍ത്തിയിട്ടുണ്ട്.

ഇത് ജോഷിയുടെ വമ്പന്‍ തിരിച്ച് വരവ്, 'പൊറിഞ്ചു മറിയം ജോസ്', കട്ടക്കലിപ്പിന്റെ ആട്ടക്കലാശം, തീയ്യറ്ററുകള്‍ പൂരപ്പറമ്പാക്കുന്നു


കാട്ടാളന്‍ പൊറിഞ്ചുവായി ജോജുവും ജോസായി ചെമ്പന്‍ വിനോദും മറിയമായി നൈലയും തകര്‍ത്ത് അഭിനയിച്ചു. ആണത്തത്തെ സ്നേഹിക്കുന്നവര്‍ക്ക് പൊറിഞ്ചു മറിയം ജോസ് പകരുന്നത് ഉത്സവനിമിഷങ്ങള്‍. രണ്ടാം മമ്മൂട്ടിയെ ഓര്‍മിക്കുന്ന അതുല്യമായ അനുഭവമാണ് ജോജു എന്ന നടന്‍ സമ്മാനിക്കുന്നത്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷവും തന്നിലെ സംവിധാനമികവിനെ ഊതിക്കാച്ചിയ പൊന്നുപോലെ തിരിച്ചെടുത്തിരിക്കുകയാണ് ജോഷി.

ബാന്‍ഡും പെരുന്നാളും നിര്‍ത്തിക്കൊട്ടുമൊക്കെയായി തൃശൂരിന്റെ ദേശചലനങ്ങള്‍ ചിത്രത്തിന് മാറ്റ് കൂട്ടുന്നു. പെരുന്നാള്‍ ബാന്‍ഡ് മുഴങ്ങിയാല്‍ ഡിസ്‌കോ കളിക്കുന്ന നര്‍ത്തകനായി ആദ്യപകുതിയെ ചെമ്പന്‍ വിനോദാണ് നയിക്കുന്നത്. രണ്ടാം പകുതിയില്‍ പൗരുഷത്തിന്റെ അഡാര്‍ പ്രകടനവുമായി ജോജു താരരാജാവായി ഉയര്‍ന്നുനില്‍ക്കുന്നു. പെണ്ണുശിരിന്റെ പ്രതീകമാണ് മറിയം. കുടിയും തീറ്റയും ആഘോഷങ്ങളുമായി ജീവിക്കുന്ന അവര്‍ക്കിടയില്‍ വിരുന്നെത്തുന്ന ദുരന്തങ്ങളാണ് കഥാഗതിയെ മാറ്റിമറിക്കുന്നത്.

ആക്ഷന്‍ രംഗങ്ങളില്‍ ജോഷി അപാരമായ കൈയ്യടക്കമാണ് പ്രകടിപ്പിക്കുന്നത്. വടിവാളുകള്‍ മൂളുന്ന സംഘട്ടനരംഗങ്ങളില്‍ ജോജു നടത്തുന്ന പ്രകടനം തീയറ്ററില്‍ ആര്‍പ്പുവിളിയുയര്‍ത്തുന്നു. ഇന്ത്യയുടെയും കേരളത്തിന്റെയും അഭിമാനതാരമായ ഐ എം വിജയനെ പതിവ് ഗുണ്ടാവേഷത്തില്‍ തളച്ചത് നീതീകരിക്കാനാവില്ല. ലിസി എന്ന എഴുത്തുകാരിയുടെ വിലാപ്പുറങ്ങള്‍ എന്ന നോവലാണ് ചിത്രത്തിന്റെ അടിസ്ഥാനമെന്ന് ആക്ഷേപമുണ്ട്. നോവല്‍ വായിച്ച് സിനിമ കാണുന്നവര്‍ക്ക് അത് സത്യമെന്നു തോന്നുകയും ചെയ്യും. മഹത്തായ സിനിമയെന്ന പ്രതീക്ഷയുമായി തീയറ്ററിലേക്ക് പോകരുത്. ഒരു ഉത്സവചിത്രം എന്ന അടിസ്ഥാനത്തില്‍ മാത്രം പൊറിഞ്ചു മറിയം ജോസിന് ടിക്കറ്റെടുക്കുക. പണം നഷ്ടമാകില്ല തീര്‍ച്ച. തീയറ്റര്‍ വിട്ടിറങ്ങുമ്പോള്‍ മലയാളസിനിമയുടെ പൗരുഷം ജോജുവില്‍ പ്രതിഫലിക്കുന്നത് തിരിച്ചറിയുകയും ചെയ്യാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Cinema, Entertainment, Movie, Novel, Review, Movie review on porinju mariyam jose
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia