Movie Review | മലയാളി ഫ്രം ഇന്ത്യ: ദേശീയോദ്ഗ്രഥന പ്രസംഗം പോലെ തോന്നിയ സിനിമ

 


/ ഡോണൽ മുവാറ്റുപുഴ

(KVARTHA)
നിവിൻ പോളി നായകനായ 'മലയാളി ഫ്രം ഇന്ത്യ' എന്ന സിനിമ റിലീസ് ആയിരിക്കുകയാണ്. നിവിൻ പോളിക്കൊപ്പം തുല്യപ്രാധാന്യമുള്ള റോളിൽ ധ്യാൻ ശ്രീനിവാസനും അഭിനയിക്കുന്നു. മലയാളി എന്ന സ്വത്വവും യൂണിവേഴ്സൽ ബ്രദർഹുഡ് എന്ന സങ്കല്പവുമൊക്കെയാണ് 'മലയാളി ഫ്രം ഇന്ത്യ'യുടെ പ്രധാന പ്രമേയങ്ങൾ. നിവിൻ പോളിയുടെ തിരിച്ചു വരവ്, നിവിൻ - ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരു പരീക്ഷണം എന്ന് വേണമെങ്കിൽ ഈ സിനിമയെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്നതാണ്. ആദ്യ ചിത്രങ്ങൾ ആയ ക്വീൻ പോലെ, ജന ഗണ മന പോലെ അല്ലെങ്കിൽ അതിനേക്കാൾ ഉച്ചത്തിൽ രാഷ്ട്രീയം സംസാരിക്കുന്ന സിനിമയാണ് സംവിധായകൻ ഡിജോ ജോസ് ആന്റണിയുടെ മൂന്നാമത്തെ സിനിമയായ മലയാളി ഫ്രം ഇന്ത്യ.
  
Movie Review | മലയാളി ഫ്രം ഇന്ത്യ: ദേശീയോദ്ഗ്രഥന പ്രസംഗം പോലെ തോന്നിയ സിനിമ

സമകാലിക സമൂഹ മാധ്യമ ചർച്ചകളിൽ നിരന്തരം കടന്നു വരുന്ന രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് ഒരു പൊതു സ്വഭാവവും ഘടനയുമുണ്ട്. ആ സ്വഭാവത്തിലുള്ള ചർച്ചകളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് സംവിധായകൻ ഡിജോ ജോസ് ആന്റണിയുടെ ഇത് വരെ പുറത്തിറങ്ങിയ സിനിമകൾ. മലയാളി ഫ്രം ഇന്ത്യയും അതേ പാത വ്യത്യസ്തമായ ഒരു കഥാപരിസരത്തിൽ നിന്നു കൊണ്ട് തുടരുന്നു. 'മതം ഒരു രാജ്യത്തിന്റെ ഭരണഘടനയെ ഭരിച്ചാൽ ആ രാജ്യം ഇന്ത്യ ആണേലും പാകിസ്ഥാൻ ആണെലും തകരുമെന്ന', കൃത്യമായ നിലപാടുള്ള സിനിമ. കള്ളം പറഞ്ഞാലും ചീത്ത പറഞ്ഞാലും സഹിക്കാം, ഒരു പക്ഷെ കേട്ടില്ലെന്ന് വക്കാം, പക്ഷെ വർഗീയത പറഞ്ഞാൽ കരണം നോക്കി ഒന്നു കൊടുത്തേക്കണമെന്ന നയം വ്യക്തമാക്കുന്ന സിനിമ.

ഇപ്പോൾ സിനിമയിൽ നിലനിൽക്കുന്ന സട്ടിലിറ്റിയിൽ നിന്ന് മാറി, വളരെ ഉറക്കെയാണ് 'മലയാളി ഫ്രം ഇന്ത്യ' സംസാരിക്കുന്നത്. പലയിടങ്ങളും സിനിമ എന്നത് മാറി പഠന ക്ലാസ്സിലിരിക്കുന്ന അനുഭവമാണ് തന്നത്. ഇന്ത്യ എന്താണ്, യഥാർത്ഥ ഹിന്ദു എന്താണ്, യഥാർത്ഥ മുസ്ലിം ആരാണ്, രാഷ്ട്രീയം എന്താണ്, ഏത് പുരുഷനാണ് വിജയിച്ച പെൺകുട്ടിക്ക് പുറകിൽ, തുടങ്ങി പല ക്ലാസുകൾ ഫോർത്ത് വാൾ ബ്രെക്കിങ്ങിലൂടെയും അല്ലാതെയും കാണികളിലേക്ക് എത്തിക്കാനുള്ള ശ്രമമായി അനുഭവപ്പെട്ടു. പിന്നെ സിനിമ പറയുന്ന 'ആയുധമെടുക്കാതെ, വായിച്ചു പഠിച്ചു വിജയിക്കുക' എന്ന കിടിലൻ ആശയവും. ദേശിയോദ്ഗ്രഥന പ്രസംഗം പോലെയാണ് ഈ സിനിമ ആദ്യം മുതൽ അവസാനം വരെ തോന്നിയത്. മതം, രാഷ്ട്രീയം, സാമൂഹിക ഘടന തുടങ്ങി ഫെമിനിസം വരെ ചർച്ച ചെയ്യാൻ സിനിമ ശ്രമിക്കുന്നുണ്ട്. പക്ഷേ സിനിമയിൽ പരസ്പര വൈരുധ്യം കൊണ്ട് ആ ശ്രമം പലയിടത്തും പരാജയപ്പെട്ടതായി തോന്നി.

കോവിഡ് കാലമൊക്കെ കഴിഞ്ഞു 'മലയാളി ഫ്രം ഇന്ത്യ'യിൽ അഞ്ച് വർഷം കഴിഞ്ഞു. കോവിഡ്, സിനിമയുടെ പ്രധാന കഥാഗതിയുടെ ഒരു വഴിത്തിരിവാണ്. യൂണിവേഴ്സൽ ബ്രദർഹുഡ് എന്ന വിഷയത്തിലേക്ക് സിനിമ എത്തുന്നത് അങ്ങനെയാണ്. വളരെ ബോൾഡ് ആയ ഫെമിനിസ്റ്റ് സ്റ്റേറ്റ്മെന്റ്സ് ഒക്കെ വച്ച് തുടങ്ങി പെൺകുട്ടിയുടെ സംരക്ഷണം ആണിന്റെ ഉത്തരവാദിത്തമാണ് എന്ന് പറഞ്ഞു അവസാനിപ്പിക്കുന്ന, റേസിസം പറഞ്ഞു തുടങ്ങി ഇന്ത്യ ആരുടേയും തന്തയുടെ വകയല്ല എന്ന് പറഞ്ഞവസാനിപ്പിക്കുന്ന വൈരുധ്യം ഈ സിനിമയുടെ സംവിധായകൻ്റെ എല്ലാ സിനിമകളിലും കാണാം. 'മലയാളി ഫ്രം ഇന്ത്യ'യും അത്തരം വൈരുധ്യങ്ങളുടെ ഒരു കൂമ്പാരമാണ്.
  
Movie Review | മലയാളി ഫ്രം ഇന്ത്യ: ദേശീയോദ്ഗ്രഥന പ്രസംഗം പോലെ തോന്നിയ സിനിമ

അനശ്വര രാജന്റെ കൃഷ്ണ ഇതിനോടകം തന്നെ ഹിറ്റ് ആയ ആ പാട്ടിലൊഴിച്ചു നിർത്തിയാൽ രണ്ടോ മൂന്നോ അപ്രധാന സീനുകളിൽ മാത്രമാണ് സ്ക്രീനിലെത്തുന്നത്. നിവിൻ പോളി, വിനീത് ശ്രീനിവസൻ എന്നിവരെക്കൂടാതെ മഞ്ജു പിള്ള, സലിം കുമാർ, ഷൈൻ ടോം ചാക്കോ എന്നിവരും ഈ സിനിമയിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു. സിനിമയിൽ വന്ന വിദേശ താരങ്ങൾ നല്ല പ്രകടനം കൊണ്ട് കാണികളേ രസിപ്പിച്ചു. തിരക്കഥകൃത്ത് ഷാരിസ് മുഹമ്മദ്‌ 'ക്വീനി'ലും 'എല്ലാം ശരിയാവു'മിലും 'ജനഗണമന'യിലും എഴുതാൻ ബാക്കി വച്ച കാര്യങ്ങൾ 'മലയാളി ഫ്രം ഇന്ത്യ'യിൽ എഴുതിയത് പോലെ തോന്നി. ക്യാമറയും സംഗീതവും സിനിമയുടെ പതിഞ്ഞ താളത്തോട് ചേർന്ന് വന്നിട്ടുണ്ട്.

വിനീത് ശ്രീനിവാസൻ പറഞ്ഞത് പോലെ 'ചില ഏരിയയിൽ നിവിനെ വെല്ലാൻ വേറെ ആരുമില്ല' എന്നത് ശരി വക്കുന്നത് പോലെ സിനിമയെ പെർഫോമൻസ് കൊണ്ടു ഒരിക്കൽ കൂടി തന്റെ പേരിലേക്ക് മാറ്റുന്നു ഈ സിനിമയിൽ നിവിൻ. കൂട്ടുകാരനായി ധ്യാൻ ശ്രീനിവാസനും തകർത്തു എന്ന് പറയാം. ഇതിലേ പാട്ടുകൾക്ക് പ്രത്യേകിച്ചൊരു ഫീൽ നൽകാനായില്ല എന്നത് എടുത്തു പറയേണ്ട കാര്യമാണ്. പിന്നെ പ്രത്യേകവിഭാഗം ആളുകളെ കൊട്ടുവാനായി ചുമ്മാ തിരക്കഥയിൽ എഴുതി ചേർത്ത, സിനിമ ഡിമാൻഡ് ചെയ്യാത്ത സീനുകൾ അരോചകമായി തോന്നി.

കട്ട പോസിറ്റീവ് എന്ന് പറയുന്നത് ക്രിക്കറ്റിൽ നിന്നും വിരമിച്ചിട്ടു 11 വർഷങ്ങൾ ആയിട്ടും ഇന്നും ഈ ഗെയിമിനെ പ്രണയിക്കുന്നവരുടെ ഉള്ളിൽ ദൈവം ആയി നിൽക്കുന്ന മനുഷ്യനെ പ്ലേസ് ചെയ്ത രീതിയാണ് . അതായത് സച്ചിനെ. ശരാശരിയിലും താഴെ പോയ ആദ്യ പകുതിയും എക്സ്ട്രാ ഓർഡിനേറി ഫീൽ നൽകിയ രണ്ടാം പകുതിയും കൂടി മലയാളി ഫ്രം ഇന്ത്യയിൽ നിന്നും ലഭിച്ചത് ശരാശരിയിലും മുകളിൽ നിൽക്കുന്നൊരു തീയറ്റർ അനുഭവം ആണ്. സിനിമ തിയേറ്ററിൽ തന്നെ പോയി കാണാൻ ശ്രമിക്കുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia