മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായി മോഹന്‍ലാലിന്റെ 'ഒടിയന്‍' വരുന്നു; നായികയായി മഞ്ചു, ബോളിവുഡില്‍ നിന്നും വമ്പന്‍ താരനിര, ആക്ഷനുമായി പീറ്റര്‍ ഹെയ്ന്‍ വീണ്ടും; ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത വിഷ്വല്‍ ഇഫക്ടുമായി വിദേശ സാങ്കേതിക വിദഗ്ദ്ധരും

 


തിരുവനന്തപുരം: (www.kvartha.com 25.03.2017) മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായി മോഹന്‍ലാലിന്റെ 'ഒടിയന്‍' എത്തുന്നു. മായികക്കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ ബ്രഹ്മാണ്ഡചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായി മാറുകയാണ് 'ഒടിയന്‍'. ലാലിന്റെ അത്യുജ്ജ്വല അഭിനയമൂഹൂര്‍ത്തങ്ങളും ആക്ഷന്‍ രംഗങ്ങളുമാകും ഇതിന്റെ പ്രത്യേകത.

മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായി മോഹന്‍ലാലിന്റെ 'ഒടിയന്‍' വരുന്നു; നായികയായി മഞ്ചു, ബോളിവുഡില്‍ നിന്നും വമ്പന്‍ താരനിര, ആക്ഷനുമായി പീറ്റര്‍ ഹെയ്ന്‍ വീണ്ടും; ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത വിഷ്വല്‍ ഇഫക്ടുമായി വിദേശ സാങ്കേതിക വിദഗ്ദ്ധരും

ശതകോടികള്‍ മുടക്കിയൊരുക്കുന്ന 'രണ്ടാമൂഴം' എന്ന ഇതിഹാസ സിനിമയ്ക്കുമുമ്പ് പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒടിയന്‍'. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥ. മലയാളികള്‍ നെഞ്ചിലേറ്റിയ പ്രിയതാരം മഞ്ജുവാര്യരാണ് അനശ്വരമായ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശക്തനായ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെന്നിന്ത്യന്‍ സിനിമയിലെ കരുത്തുറ്റ നടന്‍ പ്രകാശ് രാജ് ആണ്.

ബോളിവുഡില്‍നിന്നുള്ള ഒരു വമ്പന്‍താരവും ചിത്രത്തിലെ സുപ്രധാനകഥാപാത്രത്തെ അവതരിപ്പിക്കാനെത്തും. ചിത്രത്തിന്റെ അണിയറയില്‍ ഇന്ത്യന്‍ സിനിമയിലെ കരുത്തുറ്റ സാങ്കേതിക വിദഗ്ദ്ധരാണ്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ആക്ഷന്‍ രംഗങ്ങളൊരുക്കുന്നത് ഇന്ത്യന്‍ സിനിമയിലെ ത്രസിപ്പിക്കുന്ന ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ ആണ്. ഷാജികുമാറാണ് ഒടിയനെ ക്യാമറയില്‍ പകര്‍ത്തുക.

ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്. എം ജയചന്ദ്രന്‍ സംഗീതമൊരുക്കുന്നു. ലക്ഷ്മി ശ്രീകുമാറിന്റേതാണ് ഗാനരചന. ബാഹുബലി, കമീനേ, റങ്കൂണ്‍ എന്നിവയുടെ സൗണ്ട്ഡിസൈനര്‍ സതീഷാണ് ചിത്രത്തിന്റെ ശബ്ദലേഖനം. ഗോകുല്‍ ദാസാണ് കലാസംവിധായകന്‍. സിദ്ധു പനയ്ക്കല്‍, സജി കെ ജോസഫ് എന്നിവരാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍.

ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത വിഷ്വല്‍ ഇഫക്ടുകളുടെ അനന്യാനുഭവമാകും 'ഒടിയന്‍' സമ്മാനിക്കുക. വി എഫ് എക്‌സിനു വേണ്ടി  ഏറ്റവും കൂടുതല്‍ തുക ചെലവിടുന്ന ചിത്രവുമാകും ഇത്. വിദേശ സാങ്കേതികവിദഗ്ദ്ധരാണ് വി എഫ് എക്‌സ് രംഗങ്ങളൊരുക്കുക. മെയ് 25 ന് ചിത്രീകരണം തുടങ്ങുന്ന 'ഒടിയന്റെ' പ്രധാന ലൊക്കേഷനുകള്‍ പാലക്കാട്, തസറാക്ക്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ബനാറസ്, ഹൈദരാബാദ് എന്നിവിടങ്ങളാണ്.

Keywords:  Kerala, Thiruvananthapuram, Entertainment, Mohanlal, film, Cinema, Manju Warrier, Director, Mohanlal's Odiyan to be most expensive Malayalam movie 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia