റിലീസിന് മുമ്പേ 100 കോടി ക്ലബിൽ; കേരളത്തിൽ 626 സ്ക്രീനുകളിൽ; ലോകമാകെ 4100 തിയറ്ററുകളില്‍; ചരിത്രം കുറിച്ച് 'മരക്കാർ'

 


തിരുവനന്തപുരം: (www.kvartha.com 01.12.2021) റിലീസിന് മുമ്പേ 100 കോടി ക്ലബിൽ ഇടം പിടിച്ച് പ്രിയദർശൻ-മോഹൻലാൽ ബിഗ് ബജറ്റ് ചിത്രം മരക്കാർ: അറബിക്കടലിന്റെ സിംഹം. ലോകമൊട്ടാകെയുള്ള റിസർവേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി നേടിയത്. മോഹൻലാൽ അടക്കമുള്ള അണിയറപ്രവർത്തകർ ഫെയ്സ്ബുകിലൂടെ ഇക്കാര്യം അറിയിച്ചു. റിലീസിന് മുൻപ് തന്നെ 100 കോടി ക്ലബിൽ കയറുന്ന ആദ്യ ഇൻഡ്യന്‍ ചിത്രമാണ് മരക്കാറെന്നും അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. മലയാളി സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഡിസംബർ രണ്ട് വ്യാഴാഴ്ച ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുകയാണ്.

റിലീസിന് മുമ്പേ 100 കോടി ക്ലബിൽ; കേരളത്തിൽ 626 സ്ക്രീനുകളിൽ; ലോകമാകെ 4100 തിയറ്ററുകളില്‍; ചരിത്രം കുറിച്ച് 'മരക്കാർ'

റിലീസിലും മരക്കാർ റെകോർഡ് സൃഷ്ടിച്ചിട്ടുണ്ട്. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആഗോളതലത്തില്‍ 4100 സ്ക്രീനുകളിലാണ് മരക്കാർ റിലീസ് ചെയ്യപ്പെടുക. റിലീസ് ദിനം മുതൽ ദിവസേന ആകെ 16000 പ്രദര്‍ശനങ്ങളാണ് ചിത്രത്തിന് ഉണ്ടാവുക. മരക്കാർ റിലീസ് പ്രഖ്യാപിച്ച ദിവസം മുതൽ തന്നെ പ്രീ ബുകിങ് തുടങ്ങിയിരുന്നു. കേരളത്തിൽ 631 റിലീസിങ് സ്‌ക്രീനുകളാണ് മരക്കാറിനുള്ളത്. ഇതിൽ 626 സ്‌ക്രീനുകളിലും വ്യാഴാഴ്ച മരക്കാർ റിലീസ് ചെയ്യും. കേരളത്തിൽ ഇത്രയധികം സ്‌ക്രീനുകളിൽ ഒരു സിനിമ റിലീസ് ചെയ്യുന്നത് ഇത് ആദ്യമായിട്ടാണ്.

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടാണ് മരക്കാർ തിയറ്ററുകളിൽ എത്തുന്നത്. കഴിഞ്ഞ വർഷം റിലീസിന് എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാർ. നാളെ കുഞ്ഞാലിയുടേയും മലയാള സിനിമയുടേയും ചരിത്ര ദിവസമാണെന്ന് മോഹൻലാലും ചിത്രത്തിന്റെ അണിയറപ്രവർത്തകരും സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്. പ്രിയദർശന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ആറ് ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കി കഴിഞ്ഞു. തീയേറ്റർ റിലീസിന് പിന്നാലെ ചിത്രം ഒ ടി ടിയിലും പ്രദർശനത്തിനെത്തുമെന്ന് മോഹൻലാൽ വ്യക്തമാക്കിയിരുന്നു.

മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ബജറ്റ് ചിത്രമായ മരക്കാറിന്റെ മുടക്കുമുതൽ 100 കോടിയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്. പ്രിയദര്‍ശനൊപ്പം അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സിദ്ധാർഥ് പ്രിയദർശനാണ് വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത്. സാബു സിറിലാണ് കലാ സംവിധായകൻ. തമിഴ് ക്യാമറാമാൻ തിരു ക്യാമറ കൈകാര്യം ചെയ്യുന്നു. രാഹുൽ രാജ് പശ്ചാത്തലസംഗീതം. റോണി റാഫേൽ ചിത്രത്തിനു വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഛായാഗ്രഹണം തിരുനാവുക്കരശ്, എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍.

കേരളത്തിലെ പല പ്രധാന സെന്‍ററുകളിലും അര്‍ധരാത്രി 12 മണിക്ക് തന്നെ ആദ്യ ഫാന്‍സ് ഷോകള്‍ ആരംഭിക്കും. പിറ്റേന്ന് അര്‍ധരാത്രി വരെ, 24 മണിക്കൂര്‍ നീളുന്ന തുടര്‍ പ്രദര്‍ശനങ്ങളാണ് പല പ്രധാന തിയേറ്ററുകളിലും ചാര്‍ട് ചെയ്‍തിരിക്കുന്നത്. പ്രിയദര്‍ശന്‍റെയും മോഹന്‍ലാലിന്‍റെയും സ്വപ്‍ന പ്രോജക്റ്റ് ആണ് മരക്കാര്‍. 2019 മാര്‍ചില്‍ എത്തേണ്ടിയിരുന്ന ചിത്രം പക്ഷേ കോവിഡ് സാഹചര്യത്തില്‍ അനിശ്ചിതമായി നീണ്ടുപോയി.

Keywords: News, Kerala, Thiruvananthapuram, Malayalam, Cinema, Release, Mohanlal, Theater, Priyadarshan, Actor, Record, Director, Manju Warrier, Innocent, Fans, Reservation, Ticket, Movie, 'Marakkar' reached 100 crore club before even its release.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia