ചര്‍ച്ച പരാജയം; 'മരക്കാര്‍' തീയറ്റര്‍ പ്രദര്‍ശനത്തിനില്ല, ചിത്രം ഒടിടിയിലേക്ക്

 



തിരുവനന്തപുരം: (www.kvartha.com 05.11.2021) തീയറ്റര്‍ ഉടമകളുമായി വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചയില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ നായകനായി പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രം 'മരക്കാര്‍; അറബിക്കടലിന്റെ സിംഹം' എന്ന സിനിമ തീയറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല. ചിത്രം ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ തന്നെ റിലീസാവും. ആമസോണ്‍ പ്രൈം വഴിയാകും ചിത്രം റിലീസാവുക.

സിനിമ ഒ ടി ടിയില്‍ റിലീസ് ചെയ്യാനുള്ള നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ തീരുമാനത്തിനെതിരെ തീയറ്റര്‍ ഉടമകള്‍ രംഗത്ത് വന്നിരുന്നു. പ്രശ്‌ന പരിഹാരത്തിന് സിനിമാ സംഘടനകള്‍ തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാനും ഇടപെട്ടു. ഫിലിം ചേംബറിന്റെ മധ്യസ്ഥതയില്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും നടത്തിയ ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

ചര്‍ച്ച പരാജയം; 'മരക്കാര്‍' തീയറ്റര്‍ പ്രദര്‍ശനത്തിനില്ല, ചിത്രം ഒടിടിയിലേക്ക്


പലതവണയാണ് ചിത്രം തീയറ്ററില്‍ പ്രദര്‍ശിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടന്നത്. 10 കോടി വരെ നല്‍കാം എന്ന് ഫിയോക്ക് നിലപാട് എടുത്തെങ്കിലും കൂടുതല്‍ തുക വേണമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. പക്ഷേ അത്രയും തുക നല്‍കാന്‍ സാധിക്കില്ലെന്ന് തീയറ്റര്‍ ഉടമകള്‍ അറിയിക്കുകയും ചെയ്തു.

അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസാവും. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരക്കാര്‍. 100 കോടി രൂപയാണ് ബഡ്ജറ്റ്. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂണ്‍ലൈറ്റ് എന്റര്‍ടെയിന്‍മെന്റും, കോണ്‍ഫിഡന്റ് ഗ്രൂപും ചേര്‍ന്നാണ് മരക്കാര്‍ നിര്‍മിക്കുന്നത്. 

Keywords:  News, Kerala, State, Thiruvananthapuram, Entertainment, Cinema, Finance, Business, Technology, Marakkar movie will be released on OTT
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia